മാരുതി ജിംനി, മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ; ഈ ഓഫ് റോഡ് വാഹനങ്ങളുടെ വ്യത്യാസങ്ങളെന്ത്?
Mail This Article
വില വിവരങ്ങള്‍ പുറത്തുവന്നതോടെ മാരുതി സുസുക്കി ജിമ്‌നിയുടെ എതിരാളികള്‍ മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂര്‍ഖയുമാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. 12.72 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വിലയെങ്കില്‍ ഏതാണ്ട് ഇതിനോട് അടുപ്പിച്ചു തന്നെയാണ് മഹീന്ദ്ര ഥാറിന്റേയും (10.55 ലക്ഷം മുതല്‍ 16.57 ലക്ഷം രൂപ വരെ) ഫോഴ്‌സ് ഗൂര്‍ഖ (15.10 ലക്ഷം രൂപ)യുടേയും വില. ഈ മൂന്നു ഓഫ് റോഡ് വാഹനങ്ങളുടെ ശക്തിയും ദൗര്‍ബല്യവും അടുത്തറിയാം.
മാരുതി സുസുക്കി ജിംനി
നഗരത്തില്‍ ഓടിക്കാന്‍ യോജിച്ച ഓഫ് റോഡ് വാഹനമാണ് നിങ്ങളുടെ മനസിലെങ്കില്‍ പറ്റിയത് ജിംനിയായിരിക്കും. കൂട്ടത്തില്‍ വലുപ്പം കുറവ് ജിംനിക്കാണ്. ഇത് നഗരങ്ങളിലെ തിരക്കുകളിലും ഇടുങ്ങിയ വഴികളിലും ഡ്രൈവിങ് എളുപ്പമാക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്‌ലാംപ് വാഷേഴ്‌സ്, പവര്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎം എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കൊപ്പം ജിംനിയുടെ 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് കൂട്ടത്തില്‍ മികച്ച ഇന്ധന ക്ഷമതയുള്ളത്.
മഹീന്ദ്ര ഥാര്‍
വലുപ്പത്തിലും റോഡിലെ സാന്നിധ്യത്തിലുമൊക്കെ മികവുറ്റതാണ് ഥാര്‍. എന്നാല്‍ മൂന്നു ഡോര്‍ ലേ ഔട്ടും പരിമിതമായ പിന്നിലെ സ്ഥലസൗകര്യവുമെല്ലാം ഥാറിനെ ഫാമിലി കാര്‍ വിഭാഗത്തില്‍ നിന്നു അകറ്റുന്നു. എന്നാല്‍ ഓഫ് റോഡിങ് ആസ്വദിക്കാന്‍ മികച്ച വാഹനമാണ് ഥാര്‍. റിയര്‍ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും പെട്രോള്‍, ഡീസല്‍ വേരിയന്റുകളുമെല്ലാം ഥാറിന്റെ ഉപഭോക്താക്കള്‍ക്ക് എന്തു വാങ്ങണമെന്ന കാര്യത്തില്‍ കൂടുതല്‍ വൈവിധ്യം നല്‍കുന്നു.
ഫോഴ്‌സ് ഗൂര്‍ഖ
റോഡില്‍ ഇറങ്ങിയാൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വാഹനം ഫോഴ്‌സ് ഗൂര്‍ഖയായിരിക്കും. ആധുനിക ഫാമിലി കാറുകളിലുള്ള സൗകര്യങ്ങളില്‍ പലതും ഗൂര്‍ഖയില്‍ കാണാനാകില്ല. ഥാറിന്റേതു പോലെ ത്രീ ഡോര്‍ ലേ ഔട്ടും പരിമിതമായ റിയര്‍ സ്‌പേസും ഗൂര്‍ഖയെ ഫാമിലി ഫ്രണ്ട്‌ലിയാക്കുന്നില്ല.
ഏറ്റവും മികച്ച ഓഫ് റോഡ് സൗകര്യങ്ങളുള്ള വാഹനമാണ് ഗൂര്‍ഖ. ഓഫ് റോഡിലെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്ന മികച്ച ടയറുകളാണ് ഗൂര്‍ഖക്കുള്ളത്. ഓഫ് റോഡ് ബംപറുകളും ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ഓഫ് റോഡിങ്ങില്‍ ഗൂര്‍ഖയുടെ മേല്‍ക്കൈ തെളിയിക്കുന്നു. ഫാമിലി കാര്‍ എന്ന വിഭാഗത്തിലേക്ക് പരിഗണിക്കാൻ കഴിയാത്ത വാഹനമാണിത്.
English Summary: Maruti Jimny Vs Mahindra Thar Vs Force Gurkha: Price and Feature Comparison