5 ലക്ഷം ടിയാഗോ! വിപണിയിൽ ഡബിൾ സ്ട്രോങ്ങാണ് ടാറ്റയുടെ ചെറു കാർ
Mail This Article
വിൽപനയിൽ പുതു ചരിത്രം കുറിച്ച് ടാറ്റാ ടിയാഗോ. 2016 ൽ വിപണിയിലെത്തിയ ടിഗായോയുടെ 5 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ നിരത്തിലെത്തിയത്. ഇതിൽ അവസാനത്തെ ഒരു ലക്ഷം യൂണിറ്റ് വിൽപന പിന്നിടാൻ 15 മാസം മാത്രമേ എടുത്തുള്ളൂ എന്നാണ് ടാറ്റ അറിയിക്കുന്നത്.
ഇതുവരെ 40 ൽ അധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ടിയാഗോ. 2020 ല്‍ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ നാലു സ്റ്റാറും നേടിയിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ ആവിഷ്കാരമായ ഇംപാക്ട് ഡിസൈൻ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ എത്തിയ ടിയാഗൊ കമ്പനിയുടെ പുതുതലമുറ മോഡൽ ശ്രേണിയിലെ ആദ്യ അവതരണവുമായിരുന്നു. കഴിഞ്ഞ വർഷം ടിഗോറിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി പുറത്തിറക്കി.
തുടക്കത്തിൽ പെട്രോൾ, ഡീസൽ എൻജിനുകളുണ്ടായിരുന്നെങ്കിലും പിന്നീട് പെട്രോൾ എൻജിനോടെ മാത്രമായി ടിയാഗോയുടെ വിൽപന. നിലവിൽ ടിയാഗോയുടെ സിഎൻജി പതിപ്പും ഇലക്ട്രിക് പതിപ്പും ടാറ്റ പുറത്തിറക്കുന്നുണ്ട്. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണ് കാറിൽ.
പെട്രോളിൽ 86 പിഎസ് വരെ കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാനും സിഎൻജിൽ 73.4 പിഎസ് കരുത്തും 95 എൻഎം ടോർക്കും സൃഷ്ടിക്കാനും ഈ എൻജിനാകും. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ഗീയർ ബോക്സുകളാണ്. രണ്ട് ബാറ്ററി പാക്കുകളിൽ ടാറ്റ ടിയാഗോ ലഭ്യമാണ്. 19.2 kWh ബാറ്ററി പായ്ക്കിന് 250 കിലോമീറ്റർ റേഞ്ചും 24 kWh ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചുമുണ്ട്.
English Summary: Tata Tiago hits the sales milestone of 5 Lakh units