ഒന്നും രണ്ടുമല്ല....സുസുക്കി വിറ്റത് 50 ലക്ഷം ആക്‌സസ് 125
Mail This Article
50 ലക്ഷം ആക്‌സസ് 125 സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതിന്റെ നേട്ടം സ്വന്തമാക്കി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേര്‍കി ധൗള ഫാക്ടറിയില്‍ നിന്നാണ് അഞ്ചു ദശലക്ഷം പൂര്‍ത്തിയാക്കിയ സ്‌കൂട്ടര്‍ പുറത്തിറങ്ങിയത്. 2007ല്‍ ഇന്ത്യയിലെ ആദ്യ 125 സിസി സ്‌കൂട്ടറായാണ് സുസുക്കി ആക്‌സസ് 125 പുറത്തിറങ്ങുന്നത്. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം 50 ലക്ഷം വിറ്റ ആദ്യ 125 സിസി സ്‌കൂട്ടറായും സുസുക്കി ആക്‌സസ് 125 മാറി.
'സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണിത്. ഒരേസമയം ഞങ്ങളുടെ പ്രതിബന്ധതയും ഉപഭോക്താക്കള്‍ക്ക് ആക്‌സസ് 125വിലുള്ള വിശ്വാസവും ഇതു കാണിച്ചു തരുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല വിദേശത്തേക്കും സുസുക്കി ആക്‌സസ് 125 കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞുകൊണ്ടുള്ള സൗകര്യങ്ങളാണ് ആക്‌സസ് 125 ഞങ്ങളൊരുക്കിയിട്ടുള്ളത്' എന്നാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എം.ഡി കെനിചി ഉമേഡ ഈ പ്രത്യേക അവസരത്തില്‍ പ്രതികരിച്ചത്.
124സിസി ഫ്യുവല്‍ ഇന്‍ജെക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ആക്‌സസ് 125വിലുള്ളത്. 6750 ആര്‍പിഎമ്മില്‍ 8.7പിഎസും 5500 ആര്‍പിഎമ്മില്‍ 10Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കും ഈ എൻജിന്‍. സ്റ്റാന്‍ഡേഡ്, സ്‌പെഷല്‍ എഡിഷന്‍, റൈഡ് കണക്ട് എഡിഷന്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് സുസുക്കി ആക്‌സസ് 125വിനുള്ളത്. 79,000 രൂപ മുതല്‍ 89,500 രൂപ വരെയാണ് വില.
20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് പുതിയ സുസുക്കി ആക്‌സസിന്റെ വരവ്. രാത്രിയിലും മെച്ചപ്പെട്ട കാഴ്ച്ച നല്‍കുന്ന എല്‍ഇഡി ഹെഡ്‌ലാംപ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, ഫ്രണ്ട് സ്റ്റോറേജ് റാക്ക്, യുഎസ്ബി സോക്കറ്റ്, എൻജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, 21.8ലിറ്ററിന്റെ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് എന്നിവക്കൊപ്പം മിസ് കോള്‍ അലര്‍ട്ട്, കോളര്‍ ഐഡി, കോള്‍, എസ്എം.എസ്, വാട്‌സ്ആപ്പ് മുന്നറിയിപ്പ്, അമിത വേഗതയുടെ മുന്നറിയിപ്പ്, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി വിവരങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ കണ്‍സോളും ആക്‌സെസ് 125വിലുണ്ട്.
English Summary: Suzuki Access 125 Reaches 50 Lakhs Production Milestone