ADVERTISEMENT

പ്രേമലുവില്‍ നസ്‌ലിനും മമിതയും പറത്തിക്കൊണ്ടുപോകുന്ന ചുവപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് സ്‌കൂട്ടര്‍ ശ്രദ്ധിച്ചിരുന്നോ?. വ്യത്യസ്ത രൂപം കൊണ്ട് ആ സ്കൂട്ടർ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. ഒറ്റ നോട്ടത്തില്‍ തന്നെ പലരുടേയും ശ്രദ്ധയാകര്‍ഷിച്ച ആ സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒരു ഇ.വിയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള റിവര്‍ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ഇന്‍ഡി എന്ന ഇ സ്‌കൂട്ടറാണിത്. ചുവപ്പിനു പുറമേ നീല, മഞ്ഞ നിറങ്ങളിലും ലഭ്യമായ റിവര്‍ ഇന്‍ഡിക്ക് 1.38 ലക്ഷം രൂപയാണ് വില. 

premalu-scooter-squre-2

അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ ഇന്‍ഡി എന്ന വൈദ്യുത സ്‌കൂട്ടറുമായി എത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇന്‍ഡിയെ സ്‌കൂട്ടറുകളിലെ എസ് യു വി എന്നാണ് റിവര്‍ വിശേഷിപ്പിച്ചത്. മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ സ്‌കൂട്ടറാണ് ഇന്‍ഡി. 

river-indie

ടയറുകള്‍ പോലെ മുന്നിലെ ഇരട്ട എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്‌സും സെഗ്മെന്റിലെ തന്നെ ഏറ്റവും നീളത്തിലും വീതിയിലുമുള്ള സീറ്റുകളും സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് അനുയോജ്യമാക്കുന്നുണ്ട്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകള്‍. സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ ഉപകാരപ്രദമായ ഫീച്ചറുകള്‍ പലതുണ്ട്. 

രണ്ട് യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും ഹാന്‍ഡില്‍ ബാറില്‍ ഗ്ലൗ ബോക്‌സുമുണ്ട്. 43 ലീറ്ററിന്റെ ബൂട്ട് സ്‌പേസും 12 ലീറ്ററിന്റെ ഗ്ലൗ ബോക്‌സുമുള്ള വാഹനമാണിത്. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോവണമെങ്കില്‍ 25 ലീറ്റര്‍ ടോപ് ബോക്‌സും 40 ലീറ്റര്‍ വരെ കൊണ്ടുപോവാനാവുന്ന പാനിയ സെറ്റും ഘടിപ്പിക്കാം. ഇതോടെ റിവര്‍ ഇന്‍ഡി സ്ഥലസമൃദ്ധമാവും. 

120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം നല്‍കുന്ന റേഞ്ച്. IP67 റേറ്റഡ് 4kWh ബാറ്ററിയാണ് റിവര്‍ ഇന്‍ഡിയുടെ കരുത്ത്. സ്റ്റാന്‍ഡേഡ് ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ചു മണിക്കൂറു കൊണ്ട് 80 ശതമാനം ചാര്‍ജു ചെയ്യാനാകും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ വേണ്ടത് 3.9 സെക്കന്‍ഡ്. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍. ബാറ്ററിക്കും സ്‌കൂട്ടറിനും അഞ്ച് വര്‍ഷം അല്ലെങ്കില്‍ അരലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. 

river-indie-1

770എംഎം ആണ് സീറ്റിന്റെ ഉയരം. സസ്‌പെന്‍ഷന്‍ ടെലിസ്‌കോപിക് ഫോര്‍ക്ക്/ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍. മുന്നില്‍ 240എംഎം, പിന്നില്‍ 200എംഎം ഡിസ്‌ക് ബ്രേക്കുകള്‍. 165 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കുത്തനെയുള്ള കയറ്റം കയറാനുള്ള ശേഷി റിവര്‍ ഇന്‍ഡിക്ക് ഏഥര്‍ 450എക്‌സിനേക്കാള്‍ കുറവെങ്കിലും ഒല എസ്1 പ്രോയേക്കാള്‍ കൂടുതലാമെന്നതും ശ്രദ്ധേയമാണ്. 

1.25 ലക്ഷം രൂപയായിരുന്നു റിവര്‍ ഇന്‍ഡിയുടെ ഇന്‍ട്രൊഡക്ടറി ഓഫറെങ്കില്‍ ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ് വില. ടാക്‌സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിലെത്തും. യമഹ മോട്ടോര്‍ അടക്കം റിവറില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെ 68 ദശലക്ഷം ഡോളറിന്റെ(ഏകദേശം 565 കോടി രൂപ) നിക്ഷേപം റിവര്‍ നേടിയിട്ടുണ്ട്. വൈകാതെ സര്‍വീസ് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താന്‍ ബെംഗളൂരു ആസ്ഥാനമായുള്ള റിവറിന് പദ്ധതിയുണ്ട്.

English Summary:

Auto News, Scooter Used In Premalu Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com