അച്ഛനും അമ്മയ്ക്കും 20 ലക്ഷത്തിന്റെ ഇന്റർനെറ്റ് എസ് യു വി സമ്മാനിച്ച് മകൾ
Mail This Article
''എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയതും ഇപ്പോൾ ചെയ്തു തരുന്നതുമായ കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അവർക്കു നൽകിയ സമ്മാനം സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തിന് സമാനമാണ്''. അച്ഛനും അമ്മയ്ക്കും പുതുവാഹനം സമ്മാനിച്ചുകൊണ്ട് മകൾ കുറിച്ച വരികളാണിത്. കാണുന്നവർക്കും ഏറെ സന്തോഷം പകരുന്ന കാഴ്ചയായി സോഷ്യൽ ലോകത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങുകയാണ് ഈ വിഡിയോ. ബ്ലാക്ക് കളർ ഓപ്ഷനിലുള്ള എംജി ഹെക്ടറാണ് മകളുടെ സമ്മാനം. പിതാവിന്റെ കണ്ണുകൾ മൂടികെട്ടിയാണ് ഷോറൂമിലേക്കു കൊണ്ട് വരുന്നത്. കണ്ണിലെ കെട്ടുകൾ അഴിച്ചു മാറ്റി, പുതുവാഹനത്തിന്റെ താക്കോൽ കൈകളിലേക്ക് നൽകുമ്പോൾ നിറഞ്ഞ ഹൃദയത്തോടെ, ഏറെ സന്തോഷത്തോടെയാണ് ആ മാതാപിതാക്കളതു സ്വീകരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ഹെക്ടറിന്റെ ഏതു വേരിയന്റ് ആണ് മകളുടെ സമ്മാനമെന്ന കാര്യത്തിൽ വ്യക്തതയില്ല.
എംജി യുടെ ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ഹെക്ടർ. മികച്ച സ്റ്റൈലും കണക്റ്റിവിറ്റി സൗകര്യങ്ങളുമായി എത്തിയ ഹെക്ടർ വളരെ പെട്ടെന്നാണ് ഇന്ത്യൻ നിരത്തുകളിലെ താരവും എസ് യു വി കളിലെ പ്രധാനിയുമായി മാറിയത്. മുൻഭാഗത്തെ ഗ്രില്ലുകൾ തന്നെയാണ് ആദ്യ നോട്ടത്തിലെ പ്രധാനാകർഷണം. ഏഴുനിറങ്ങളിലാണ് ഹെക്ടർ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത്. ഏറെ ആകർഷകമാണ് ഉൾവശത്തെ കാഴ്ചകളിലെ പുതിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. 14 ഇഞ്ചുള്ള ഈ സിസ്റ്റം സെഗ്മെന്റിലെ തന്നെ ഏറ്റവും വലുതാണ്. വയർലെസ്സ് ഫോൺ ചാർജിങ്, ടയർ പ്രെഷർ മോണിറ്റർ, പനോരമിക് സൺറൂഫ്, അകത്തെയും പുറത്തെയും ലൈറ്റുകളുടെ നിയന്ത്രണം എന്നുവേണ്ട എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന പേരിൽ വിപണിയിലെത്തിയ ഹെക്ടറിൽ 5 സ്പീഡ് മാനുവൽ, സി വി ടി ഓട്ടോമാറ്റിക് ഗിയർ ബോക്‌സും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണ്. ഡീസൽ മോഡലിൽ 170 എച്ച് പി ശേഷിയുള്ള എൻജിനാണ്. 6 സ്പീഡ് ഗിയർ ബോക്‌സാണ് ഡീസൽ മോഡലിൽ നൽകിയിരിക്കുന്നത്. 13 .99 രൂപ മുതൽ 21 . 95 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ എക്സ് ഷോ റൂം വില വരുന്നത്.