കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച്; ടെസ്ലയോടും ബിവൈഡിയോടും മത്സരിക്കാൻ സ്റ്റാർലൈറ്റ് എസ്

Mail This Article
ചൈനയില്‍ ടെസ്ലക്കും ബിവൈഡിക്കും എതിരാളിയായി പുതിയ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് സായിക്- ജിഎം -വൂളിങ് കൂട്ടുകെട്ട്. സ്റ്റാര്‍ലൈറ്റ് എസ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക്ക് എസ്യുവിയുടെ ടീസര്‍ ഇമേജുകള്‍ പുറത്തുവന്നിട്ടുണ്ട്. ടെസ്ലയുടെ മോഡല്‍ വൈക്കും ബിവൈഡിയുടെ സോങ് പ്ലസിനും എതിരാളിയായിരിക്കും സ്റ്റാര്‍ലൈറ്റ് എസ്.
2002ലാണ് സായിക്ക്-ജിഎം-വൂളിങ് കൂട്ടായ്മ ആരംഭിക്കുന്നത്. സൈകിന് 50.1 ശതമാനം ഓഹരിയും വൂളിങ് ഗ്രൂപ്പിന്(പിന്നീട് ഗുവാങ്സി ഓട്ടോയായി മാറി) 34 ശതമാനവും വൂളിങ് ഗ്രൂപ്പിന് 15.9 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. വൂളിങിന്റെ മൈക്രോ വാനുകളും ചെറു ട്രക്കുകളുമെല്ലാം പിന്നീട് സൈക്-ജിഎം-വൂളിങാണ് പുറത്തിറക്കുന്നത്. 2008ല്‍ ജിഎം ഓഹരി പങ്കാളിത്തം 44 ശതമാനമാക്കിയതോടെ വൂളിങിന്റെ ഓഹരി പങ്കാളിത്തം 5.9 ശതമാനമായി കുറഞ്ഞു.
വൂളിങ് സില്‍വര്‍ ലേബലില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് സ്റ്റാര്‍ലൈറ്റ് എസ് എന്ന ഇലക്ട്രിക് എസ്യുവി. ഏപ്രിലില്‍ നടന്ന ബീജിങ് ഓട്ടോ ഷോയില്‍ തന്നെ സ്റ്റാര്‍ലൈറ്റ് ഇലക്ട്രിക് സെഡാന് പുറത്തിറക്കിയിരുന്നു. അതേസമയം പിഎച്ച്ഇവി (പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) മോഡൽ കഴിഞ്ഞ ഡിസംബറില്‍ തന്നെ വന്നിരുന്നു. 12,400 ഡോളര്‍(ഏകദേശം പത്തു ലക്ഷം രൂപ) മുതലാണ് ഈ മോഡലിന്റെ വില. ഇലക്ട്രിക് മോഡലിന് 13,800 ഡോളര്‍(ഏകദേശം 11.50 ലക്ഷം രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 32,000 വൂളിങ് സ്റ്റാര്‍ലൈറ്റ് മോഡലുകള്‍ കമ്പനി വിറ്റിട്ടുണ്ട്. വൂളിങ് സ്റ്റാര്‍ലൈറ്റ് ഇവിയുടെ റേഞ്ച് 510 കിമി ആണ്.
കോംപാക്ട് എസ് യു വിയായാണ് സ്റ്റാര്‍ലൈറ്റ് എസ് പുറത്തിറക്കിയിരിക്കുന്നത്. 4,745 എംഎം നീളവും 1,890 എംഎം വീതിയും 1,690 എംഎം ഉയരവുമുള്ള വാഹനമാണിത്. ബിവൈഡിയുടെ സോങ് പ്ലസ്(4,775 എംഎം നീളം, 1,890എംഎം വീതി, 1,690 എംഎം ഉയരം), സോങ് പ്ലസ് ഡിഎം-ഐ(പിഎച്ച്ഇവി) മോഡലുകളുടെ വില 23,900 ഡോളര്‍ മുതലും ഇവി മോഡലിന്റെ വില 25,300 ഡോളര്‍ മുതലുമാണ് ആരംഭിക്കുന്നത്. മറ്റൊരു എതിരാളിയായ ടെസ്ലയുടെ മോഡല്‍ വൈയുടെ വില 35,500 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. 4,751 എംഎം നീളവും 1,978 എംഎം വീതിയും 1,624 എംഎം ഉയരവുമുള്ള വാഹനമാണിത്.
201എച്ച്പി കരുത്ത് പുറത്തെടുക്കുന്ന സ്റ്റാര്‍ലൈറ്റ് എസ് ഇവിയില്‍ 250 കിലോവാട്ട് മോട്ടോറാണുള്ളത്. അതേസമയം വാഹനത്തിന്റെ റേഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിഎമ്മിന്റെ വൂളിങ് ബ്രാന്‍ഡ് 2024 ബിന്ഗോ ഇവി കഴിഞ്ഞ ആഴ്ച്ചയില്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് സ്റ്റാര്‍ലൈറ്റ് എസിന്റെ ടീസര്‍ ഇമേജുകള്‍ പുറത്തുവന്നിരിക്കുന്നത്. 9,800 ഡോളര്‍(8.1 ലക്ഷം രൂപ) വിലയുള്ള 2024 ബിന്ഗോ ഇവി ബിവൈഡിയുടെ ബജറ്റ് കാറായ സീഗള്‍ ഇവിയുടെ എതിരാളിയായാണ് വരുന്നത്. സീഗള്‍ ഇവിക്ക് 9,700 ഡോളറാണ് വില.