ഒന്നും രണ്ടുമല്ല, എട്ടു വർഷം വാറന്റി; വൻ ഓഫറുമായി ലെക്സസ്
Mail This Article
വാഹനങ്ങൾക്ക് എട്ടു വർഷത്തെ വാറന്റി പ്രഖ്യാപിച്ച് ലെക്സസ് ഇന്ത്യ. ജൂൺ 1, 2024 മുതൽ വിൽക്കുന്ന പുതുമോഡലുകൾക്കാണ് ഈ വാറന്റി ബാധകമാകുക. എട്ടുവർഷം അല്ലെങ്കിൽ 160000 കിലോമീറ്റർ വരെയാണ് കമ്പനി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ കസ്റ്റമേഴ്‌സുമായുള്ള ബന്ധം ദൃഢമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലെക്സസ് ഇന്ത്യ വ്യക്തമാക്കി.
വാറന്റി കാലയളവ് വർധിപ്പിച്ച തീരുമാനത്തോടെ ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ ഇത്രയും നീണ്ട കാലയളവ് സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ ബ്രാൻഡായി ലെക്സസ് ഇന്ത്യ മാറിക്കഴിഞ്ഞു. കമ്പനി നേരത്തെ നൽകി കൊണ്ടിരുന്ന മൂന്നു വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ എന്നതാണ് 8 വർഷം അല്ലെങ്കിൽ 160000 കിലോമീറ്റർ എന്നതിലേക്ക് വർധിപ്പിച്ചത്. കവറിങ് ഫിനാൻസ്, സർവീസ് ഓപ്ഷനുകൾ, ഇൻഷുറൻസ്, റോഡ് സൈഡ് അസ്സിസ്റ്റൻസുകൾ എന്നിവ ഉൾക്കൊള്ളുന്ന അനുയോജ്യമായ പ്ലാനുകളും തിരഞ്ഞെടുക്കാവുന്നതാണ്.
നിലവിൽ ഇന്ത്യയിൽ ലെക്സസിന്റേതായി പുറത്തിറങ്ങുന്നത് ഏഴ് വാഹനങ്ങളാണ്. അതിൽ മൂന്നു എസ് യു വികളും ഉൾപ്പെടുന്നു. വിവിധ വേരിയന്റുകളിൽ, പവർട്രെയിൻ ഓപ്ഷനുകളോടെ ഇവ ലഭ്യമാണ്.ഹൈബ്രിഡും ഇതിലുൾപ്പെടുന്നു. എസ് യു വികളിൽ എൻ എക്സ്, ആർ എക്സ്, എൽ എക്സ് എന്നീ മോഡലുകളാണ് പുറത്തിറങ്ങുന്നത്. 67.35 ലക്ഷം രൂപ മുതലാണ് എൻ എക്സ് മോഡലിന്റെ വിലയാരംഭിക്കുന്നത്. 2.82 കോടി രൂപ മുതലാണ് എൽ എക്സ് എസ് യു വിയുടെ എക്സ് ഷോറൂം വില.
ഈ എസ് യു വികൾ കൂടാതെ 63.10 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില വരുന്ന ഇ എസ് സെഡാനും രണ്ടു കോടി രൂപ മുതൽ എക്സ് ഷോറൂം വില വരുന്ന എൽ എം എംപിവി യും ലെക്സസിന്റേതായി ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട്. 2020 ൽ തദ്ദേശീയമായി നിർമിച്ച ഇ എസ് 300 എച്ച് എന്ന വാഹനമാണ് ലെക്സസിന്റെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മോഡൽ.