ADVERTISEMENT

ജനപ്രിയ കാറുകളില്‍ ഇന്ത്യയില്‍ മാരുതിയെ വെല്ലുക എളുപ്പമല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. വെറും അഞ്ചര വര്‍ഷം കൊണ്ട് ഇപ്പോഴത്തെ ജനപ്രിയ മോഡലുകളില്‍ പ്രധാനിയായ വാഗണ്‍ ആറിന്റെ പത്തു ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ആകെ വില്‍പനയുടെ കണക്കെടുത്താല്‍ 32.1 ലക്ഷം വരും. അതുകൊണ്ടാണ് മാരുതിയുടെ മറ്റു ജനപ്രിയ വാഹനങ്ങളായ എര്‍ട്ടിഗ, ഫ്രോങ്‌സ്, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ ഇപ്പോഴും വാഗണ്‍ ആറിന്റെ തട്ട് താഴ്ന്നു തന്നെയാണിരിക്കുന്നതെന്ന് പറയേണ്ടി വരുന്നത്. 

പുറത്തിറങ്ങിയതിനു ശേഷം ഇന്നുവരെ വാഗണ്‍ ആര്‍ ജനപ്രിയ പട്ടികയില്‍ നിന്നും പുറത്തുപോയിട്ടില്ല. 2019 ജനുവരി 23ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ വകഭേദം മാത്രംആറു വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലേറെ വിറ്റഴിഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും മികച്ച പ്രകടനം വാഗണ്‍ ആര്‍ നടത്തിയത്. 12 മാസം കൊണ്ട് 2,12,340 വാഗണ്‍ ആറുകളാണ് മാരുതി വിറ്റത്. 

തുടര്‍ച്ചയായി മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ വില്‍പനയില്‍ ഒന്നാമതെത്തിയ ചരിത്രമുള്ള വാഗണ്‍ ആര്‍ 2024 സാമ്പത്തിക വര്‍ഷത്തിലും നിരാശപ്പെടുത്തുന്നില്ല. ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയ 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.73% വില്‍പന കുറഞ്ഞെങ്കിലും 2,00,177 വാഗണ്‍ ആറുകള്‍ 2024 സാമ്പത്തിക വര്‍ഷവും വിറ്റുപോയി. ആകെ 17.5 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതിയുടെ വില്‍പനയില്‍ 11% പങ്കും വാഗണ്‍ ആര്‍ സ്വന്തമാക്കുകയും ചെയ്തു. 2025സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 46,312 വാഗണ്‍ ആറുകളാണ് മാരുതി വിറ്റത്. ഇതോടെയാണ് പത്തു ലക്ഷം എന്ന നേട്ടത്തിലേക്ക് കുതിച്ചെത്താന്‍ വാഗണ്‍ ആറിന്റെ പുതിയ മോഡലിന് സാധിച്ചത്. 

1999ലാണ് ടോള്‍ ബോയ് ഡിസൈനില്‍ വാഗണ്‍ ആറിനെ മാരുതി പുറത്തിറക്കുന്നത്. ഇതുവരെ 32.1 ലക്ഷം വാഗണ്‍ ആറുകള്‍ നിരത്തിലെത്തി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വാഗണ്‍ ആര്‍ 30 ലക്ഷം വില്‍പന നേട്ടം കഴിഞ്ഞ വര്‍ഷം മെയില്‍ മെയില്‍ തന്നെ കൈവരിച്ചിരുന്നു. ഏറ്റവും മികച്ച വില്‍പന നടന്ന 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ 12,163 വാഗണ്‍ ആറുകള്‍ കുറവാണ് വിറ്റത്. 

2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വാഗണ്‍ ആറിന്റെ വില്‍പന 46,132 എണ്ണമാണ്. മറ്റു മാരുതി ജനപ്രിയ മോഡലുകളായ ബ്രസ(44,471), എര്‍ട്ടിഗ(43,339), ബലേനോ(41,786), ഡിസയര്‍(45,307), സ്വിഫ്റ്റ്(39,909) എന്നിവയുടെ ഇതേ കാലയളവിലെ വില്‍പനയേക്കാളും മുന്നിലുണ്ട് വാഗണ്‍ ആര്‍. മാരുതിയുടെ 16,07,163 കാറുകളാണ് 2023 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലത്ത് വിറ്റത്. ഇതില്‍ വാഗണ്‍ ആറിന്റെ വില്‍പന വിഹിതം 11 ശതമാനം വരും. 

സുസുക്കിയുടെ ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോമിലാണ്(സെലേറിയോ, സ്വിഫ്റ്റ്, ബലേനോ എന്നിവയുടെ പ്ലാറ്റ്‌ഫോം) മാരുതി വാഗണ്‍ ആര്‍ നിര്‍മിക്കുന്നത്. 6.37 ലക്ഷം(എല്‍എക്‌സ്‌ഐ) മുതല്‍ 8.51 ലക്ഷം രൂപ(ZXi+AMT) വരെ വിലയില്‍ ആറ് വകഭേദങ്ങള്‍. 68എച്ച്പി, 90എന്‍എം, 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ അല്ലെങ്കില്‍ 83എച്ച്പി, 113എന്‍എം, 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനിലും മാനുവല്‍/എഎംടി ഓപ്ഷനുകളുണ്ട്. ഫാക്ടറി ഫിറ്റ് സിഎന്‍ജി കിറ്റിലും വാഗണ്‍ ആര്‍ വരുന്നുണ്ട്. 

സിഎന്‍ജി ആദ്യം ലഭ്യമായ മാരുതി സുസുക്കിയുടെ മോഡലുകളിലൊന്നാണ് വാഗണ്‍ ആര്‍. 2010 മുതല്‍ വാഗണ്‍ ആറില്‍ സിഎന്‍ജി ലഭ്യമാണ്. ഇപ്പോള്‍ 13 മോഡലുകളില്‍- ആള്‍ട്ടോ കെ10, ബലേനോ, ബ്രസ, ഡിസയര്‍, സെലേറിയോ, ഈകോ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, എസ് പ്രസോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, എക്‌സ്എല്‍6, ഫ്രോങ്‌സ് മാരുതി സിഎന്‍ജി വകഭേദങ്ങള്‍ ഇറക്കുന്നുണ്ട്. മാരുതിയുടെ ഏറ്റവും ജനപ്രിയമായ സിഎന്‍ജി മോഡലിലും വാഗണ്‍ ആറിന്റെ പേരുണ്ട്.

English Summary:

Maruti Wagon R sales cross 10 lakh milestone in 5.5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com