ഥാർ പഴയതോ പുതിയതോ മികച്ചത്? താരതമ്യം

Mail This Article
മാറ്റം എന്നു പറഞ്ഞാൽ ഇങ്ങനെ വേണം. കൊറോണ എന്ന വാക്കു കഴിഞ്ഞാൽ വാഹനപ്രേമികൾ ഈ മാസം കൂടുതൽ ഉച്ചരിച്ചത് ഥാർ എന്നായിരക്കും. അത്രയേറെ ആവേശം ജനിപ്പിക്കുന്ന മാറ്റങ്ങളാണ് പുതിയ ഥാറിനുള്ളത്.
ക്യാബിൻ സുരക്ഷ
അടച്ചുറപ്പുള്ള ക്യാബിൻ. സ്മാർട് കീ വഴി ഥാർ ലോക്ക് ചെയ്യാം. നമ്മുടെ വിലപിടിപ്പുള്ള സാമഗ്രികൾ പേടിയില്ലാതെ സൂക്ഷിക്കാം. ക്യാബിനിലെ റോൾ കേജ് അധികസുരക്ഷയാണ്.

മോഡിഫിക്കേഷനു വിട
ഥാർ വാങ്ങിയവരെല്ലാം അതിന്റെ പടുത മാറ്റി ഹാർഡ് ടോപ് ആക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. പല നല്ല മോഡിഫിക്കേഷൻ ടീമുകളും അഞ്ചരലക്ഷം വരെ രൂപ ഈടാക്കിയാണ് ഇത്തരത്തിൽ ഥാറിനെ മോടി പിടിപ്പിച്ചിരുന്നത്. പക്ഷേ, മോട്ടർ വാഹനവകുപ്പിന്റെ ശക്തമായ ഇടപെടൽ വന്നതോടെ ആ മോഹങ്ങളും മുരടിച്ചു. ഇന്നിതാ പുതിയ ഥാർ, അത്തരം ഉപയോക്താക്കൾക്കു വേണ്ടതെല്ലാം ഒരുക്കിയാണു വരുന്നത്. മനസ്സിൽ വിചാരിച്ച സൗകര്യങ്ങളൊക്കെ പുതിയ ഥാറിൽ ഒരുക്കിയിട്ടുണ്ട് എന്ന് താരതമ്യത്തിനു വന്ന ഥാർ ഉടമയുടെ സാക്ഷ്യം.

പഴയ ഥാറിന്റെ കമാൻഡിങ് പൊസിഷൻ നിലനിർത്തുമ്പോൾ തന്നെ കാറിന്റേതു പോലെ കംഫർട്ട് നൽകുന്നുണ്ട് ഥാർ. ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ് സീറ്റും ചെരിക്കാവുന്ന സ്റ്റിയറിങ് വീലും ഏത് ഉയരക്കാർക്കും അനുയോജ്യം. മ്യൂസിക് സിസ്റ്റവും റൂഫിലെ സ്പീക്കറുകളും ഈ സുഖസൗകര്യനിരയിൽ മുന്നിലുണ്ട്.
സസ്പെൻഷൻ
പഴയ ഥാറിൽ മുന്നിലിരിക്കുന്നവർക്കു മാത്രമായിരുന്നു സുഖയാത്ര. പിന്നിലിരിക്കുന്നവർ ചെറുയാത്രകളിൽ പോലും അവശരാകുന്ന അവസ്ഥയുണ്ടായിരുന്നു. ഥാർ രണ്ടാമൻ ഈ കുഴപ്പവും പരിഹരിച്ചിരിക്കുന്നു.
ഫിറ്റ് ആൻഡ് ഫിനിഷ്
രാവും പകലും പോലെ വ്യത്യാസമുണ്ട്.നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് മാറി. നല്ല ഗുണമുള്ളതും കനമുള്ളതുമായ പാർട്സുകളാണ് ഥാർ രണ്ടാമനിൽ.
റിഫൈൻമെന്റ്
റിഫൈൻഡ് ആണ് പുതിയ ഥാർ. ഒച്ചയും ബഹളവും ഒഴിവായി. മുൻഥാറിൽ വേഗം 70–75 എത്തിക്കഴിഞ്ഞാൽ വാഹനത്തിന്റെ പടുത ബോഡിയിൽ ചെണ്ടമേളം നടത്തും.എന്നാൽ പുതിയ താരത്തിൽ എൻജിൻ ശബ്ദം പോലും അത്ര അധികം പ്രകടമായി ഉള്ളിലെത്തുന്നില്ല. അളവുകളിലെ മാറ്റം ചിത്രങ്ങളിൽ നിന്നറിയാം.
English Summary: Mahindra New Thar Vs Old Thar