വേഗം 2716 കി.മീ, കോണ്‍കോഡിനെ തോൽപ്പിക്കാൻ ഒരുങ്ങുന്ന വിമാനങ്ങൾ !
Mail This Article
‘കുതിരയിലായാലും വിമാനത്തിലായാലും കൂടുതല്‍ വേഗത്തില്‍ പോകാനാണ് ആളുകള്‍ക്കിഷ്ടം’ എന്ന് മൈക്ക് ബാനിസ്റ്റര്‍ പറയുന്നത് വെറുതേയല്ല. വേഗതയോടുള്ള മനുഷ്യന്റെ ഇഷ്ടം നേരിട്ട് അറിഞ്ഞ ഒരാളുടെ അനുഭവസാക്ഷ്യമാണത്. ബ്രിട്ടീഷ് എയര്‍വേയ്‌സിനു വേണ്ടി കോണ്‍കോഡ് മൈക്ക് പറത്തിയത് 22 വര്‍ഷമാണ്. ഫ്രാന്‍സ് ബ്രിട്ടന്‍ കൂട്ടായ്മയില്‍ പിറന്ന കോണ്‍കോഡ് ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ പറന്നാണ് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ലോകത്തെ ഞെട്ടിച്ചത്. ഇപ്പോഴിതാ കോണ്‍കോഡിന്റെ പിന്‍മുറക്കാര്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ വിമാന നിർമാണ സ്റ്റാര്‍ട്ട് അപ്പായ ബൂം സൂപ്പര്‍സോണിക്കിന്റെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന എക്‌സ്ബി-1 പരിശീലനപ്പറക്കല്‍ നടത്തിക്കഴിഞ്ഞു. ബൂം സൂപ്പര്‍സോണിക്കിന്റെ വിമാനത്തിന് 65 മുതല്‍ 88 പേരെ വരെ വഹിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സോവിയറ്റ് കാലത്തെ ടോപ്പലോവ് ടിയു 144നു ശേഷം ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനം സ്വകാര്യ കമ്പനി വഴി നിര്‍മിക്കപ്പെടുന്നത് ആദ്യം. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ പറന്ന് 27 വര്‍ഷം ലോകത്തെ അതിവേഗ വിമാനമായിരുന്ന കോണ്‍കോഡ് ഫ്രഞ്ച്- ബ്രിട്ടീഷ് സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായിരുന്നു. അപകടവും സോണിക് ബൂം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് വേഗത്തിന്റേയും ആഢംബരത്തിന്റേയും പര്യായമായിരുന്ന കോണ്‍കോഡിനെ നിലത്തിറക്കിയത്.
നാസയുടെ എക്‌സ് 59ഉം ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാന്‍ ശേഷിയുള്ള വിമാനമാണ്. 2022ഓടെ എക്‌സ് 59 പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ശബ്ദവിസ്‌ഫോടനം(സൂപ്പര്‍ സോണിക് ബൂം) പരമാവധി കുറക്കാനുള്ള ശ്രമങ്ങളും നാസ നടത്തുന്നുണ്ട്. ലോക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് എക്‌സ് 59 നിര്‍മ്മിക്കുന്നത്. മുന്നിലേക്ക് കൂര്‍ത്ത പ്രത്യേക ഡിസൈന്‍ മൂലം സൂപ്പര്‍ എച്ച്.ഡി ക്യാമറകള്‍ നല്‍കുന്ന ദൃശ്യങ്ങളായിരിക്കും പൈലറ്റിന്റെ കാഴ്ച്ച.
ഏരിയോണ്‍ കോര്‍പറേഷന്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സോണിക് ബിസിനസ് ജെറ്റാണ് ഏരിയോണ്‍ എഎസ്2. ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും എഎസ്2 യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിസമ്പന്നരായ ബിസിനസുകാരെ ലക്ഷ്യം വെച്ചാണ് എഎസ് 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരു വിമാനത്തില്‍ പരമാവധി പത്ത് യാത്രക്കാര്‍ മാത്രമേ ഉണ്ടാവൂ. എഎസ് 2 മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പോകുമ്പോള്‍ 1.4 മാകിലും(ശബ്ദത്തേക്കാള്‍ 1.4 ഇരട്ടി വേഗം) കടലിന് മുകളിലൂടെ 2.2 മാക് വേഗത്തിലും സഞ്ചരിക്കുമെന്നാണ് കരുതപ്പെടുന്നത്.
കോവിഡിനെ തുടര്‍ന്ന് ഏക്കാലത്തേയും വലിയ ഭീഷണിയാണ് വ്യോമയാന മേഖല നേരിടുന്നത്. യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും തുടര്‍ക്കഥയാവുകയാണ്. കോവിഡിന് മുമ്പുള്ള അത്രയും യാത്രകള്‍ ഇനിയുണ്ടാവില്ലെന്ന വാദങ്ങള്‍ പോലും പലരും മുന്നോട്ടുവെക്കുന്നുണ്ട്. എങ്കിലും ബിസിനസുകാര്‍ അടക്കമുള്ള ഒരു വിഭാഗത്തിന് ഒരിക്കലും യാത്രകള്‍ ഒഴിവാക്കാനാവില്ലെന്നാണ് മൈക്ക് ബാനിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നത്.
ഫ്‌ളോറിഡയില്‍ കേപ് കനാവരലിന് സമീപത്താണ് ഏരിയോണിന്റെ എഎസ് 2 നിര്‍മ്മിക്കുന്നത്. മൂന്ന് എൻജിനുകളുള്ള ഈ ബിസിനസ് ജെറ്റ് ബിസിനസ് ലോകം കാത്തിരിക്കുന്നതാണെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2027 ഓടെ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് ഏരിയോണിന്റെ പ്രതീക്ഷ. പത്തുവര്‍ഷം കൊണ്ട് 300 എഎസ് 2 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബോയിംഗ് അടക്കമുള്ള വന്‍ കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ഏരിയോണിന്റെ വിശ്വാസ്യതക്കും കുറവില്ല. ഇപ്പോഴും അമേരിക്കയില്‍ സിവില്‍ സൂപ്പര്‍സോണിക് ജെറ്റുകള്‍ക്ക് നിരോധനമുണ്ടെന്നത് ഏരിയോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയാണ്.
നാസയുടെ എക്‌സ് 59 വരുന്നതോടെ ഇതിലൊരു മാറ്റമുണ്ടാകുമെന്നും പ്രതീക്ഷക്കപ്പെടുന്നു. സൂപ്പര്‍ സോണിക് യാത്രാ വിമാനങ്ങളുടെ പ്രധാന പോരായ്മയായി നാസ ഇപ്പോഴും കരുതുന്നത് ശബ്ദവിസ്‌ഫോടനമാണ്(സോണിക് ബൂം). എന്നാല്‍, മാക് 1.4 വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഭൂമിയിലുള്ളവര്‍ക്ക് ശബ്ദത്തിന്റെ ഈ ആഘാതം ഏല്‍ക്കേണ്ടിവരില്ലെന്നാണ് കരുതപ്പെടുന്നത്. സൂപ്പര്‍ സോണിക് യാത്രാവിമാനങ്ങള്‍ക്ക് മുഴുവനായുള്ള നിരോധനം നീക്കി താങ്ങാനാവുന്ന വേഗതയിലേക്ക് അമേരിക്കയിലെ വ്യോമയാന നിയന്ത്രണ ഏജന്‍സികള്‍ മാറ്റുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.