ഇന്ത്യയുടെ സ്വന്തം അമ്പി, ഒരു കാറും ഒരു രാജ്യവും തമ്മിൽ പ്രണയത്തിലായ കഥ
Mail This Article
ആഡംബരത്തിന്റെ അടയാളം. അധികാരകേന്ദ്രങ്ങളുടെ പ്രതീകം. എന്നാലോ, സാധാരണക്കാരന്റെ അടുപ്പക്കാരനും. അങ്ങനെയൊരു കാർ ഇന്ത്യയിലുണ്ടായിരുന്നു. രാവിലെ ബോണറ്റ് തുറന്നുവച്ച് റേഡിയേറ്ററിൽ വെള്ളമൊഴിച്ച്, ബാറ്ററിയൊക്കെ നോക്കി, ടയറുകളിലെ വായു മർദ്ദം പരിശോധിച്ച് നിരത്തിലേക്കിറക്കുന്ന ഒരു കാർ. ഇന്ത്യൻ വാഹനപ്രേമികൾ ‘അമ്പി’ എന്നു സ്നേഹത്തോടെ വിളിച്ച അംബാസഡർ. പേരിൽത്തന്നെ ഇന്ത്യയുടെ അഡ്രസ്സുള്ള 'ഹിന്ദുസ്ഥാൻ അംബാസഡർ കാർ'. സാധാരണക്കാർ മുതൽ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും വരെ സഞ്ചരിച്ചിട്ടുള്ള കാർ. കാലം മാറിയപ്പോഴും കോലം മാറാതിരുന്ന, പുതു തലമുറ കാറുകൾ നിരത്തുകളിലെത്തിയപ്പോഴും പ്രതാപത്തോടെ നിന്ന, അന്നും ഇന്നും ഇന്ത്യയുടെ വികാരമായ കാർ. ഇന്ത്യൻ കാർ വിപണിയെ ഒറ്റവരിയിൽ നിർവചിച്ചാൽ അത് ഇങ്ങനെയാകും – അംബാസഡറിന് മുൻപും ശേഷവും.
ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെ സുഗമമായ യാത്രയ്ക്കുള്ള ഒരേയൊരു ചോയിസായിരുന്നു അംബാസഡർ. ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് എന്ന കാർ നിർമാണ കമ്പനിയായിരുന്നു അംബാസഡർ കാറുകൾ വിപണിയിലെത്തിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയൊക്കെ ചിന്തകളിൽ പോലും വരാത്ത കാലത്താണ് അംബാസഡർ കാറുകൾ ഇന്ത്യയിൽ നിർമിച്ചിരുന്നത് എന്നോർക്കണം.
സി.എം ബിർളയാണ് 1942 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് സ്ഥാപിച്ചത്. ഗുജറാത്തിൽ പോർട്ട് ഒക്കയിൽ പാസഞ്ചർ കാറുകൾ അസംബ്ൾ ചെയ്യാനായി അദ്ദേഹം ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ചു. അവിടെയാണ് അംബാസഡറിന്റെ പിറവി. ബ്രിട്ടിഷ് നിർമിത മോറിസ് ഓക്സ്ഫഡ് കാറിനെ അടിസ്ഥാനപ്പെടുത്തി സർ അലെക് ഇസിഗോണിസ് രൂപകൽപന ചെയ്ത ആദ്യ ‘ടെയ്ൽ ഫിൻ’ ഡിസൈൻ അംബാസഡർ 1958 മധ്യത്തിൽ കൊൽക്കത്തയിലെ ഉത്തൻപരയിലെ പ്ലാന്റിലാണ് നിർമിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള കാർ പ്ലാന്റാണിത്. ജപ്പാനിലെ ടൊയോട്ടയുടെ പ്ലാന്റ് കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ പ്ലാന്റും ഇതുതന്നെ. 1948 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഉൽപാദനം ആരംഭിച്ചെങ്കിലും കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലായ അംബാസഡർ ആദ്യമായി ഇന്ത്യൻ നിരത്തുകളിലെത്തിയത് അറുപതുകളിലാണ്. സാങ്കേതിക വിദ്യ മാറ്റമില്ലാതെ തുടർന്നപ്പോഴും ഹിന്ദുസ്ഥാൻ മോട്ടോഴ്സ് മാർക്ക് 2, മാർക്ക് 3, മാർക്ക് 4 തുടങ്ങിയ മോഡലുകൾ ഇറക്കിയിരുന്നു. അംബാസഡർ ബുക്ക് ചെയ്ത് കയ്യിൽകിട്ടാനുള്ള നീണ്ട കാത്തിരിപ്പ് അന്നത്തെ രസകരമായ സംസാരവിഷയമായിരുന്നു. കാശു കൊടുത്തു വണ്ടി ബുക്ക് ചെയ്താൽ ഒന്നു മുതൽ രണ്ടു വരെ വർഷം കാത്തിരിക്കണം.
1970 വരെ എതിരാളികളില്ലാതെ അംബാസഡർ നിരത്തുകൾ ഭരിച്ചു. ആ മേധാവിത്വം 1980 വരെ തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന്റെ പ്രതാപം മങ്ങിത്തുടങ്ങി. തൊണ്ണൂറുകളോടെ കാർ വിപണിയിലേക്ക് വിദേശ കാറുകൾ കൂടി നിരന്നപ്പോൾ അംബാസഡർ കാറുകൾക്ക് ആവശ്യക്കാരില്ലാതെയായി. ആദ്യ കാലത്ത് പെട്രോൾ എൻജിനുമായി മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് ഡീസലിലും എൽപിജിയിലും ലഭ്യമായി. അംബാസഡർ ആയിരുന്നു 1990 ൽ ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ 1800 സിസി പെട്രോൾ എൻജിൻ ഘടിപ്പിച്ച ഏക കാർ. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ. 2013 ജൂലൈയിൽ ബിബിസിയുടെ ഓട്ടമൊബീൽ ഷോ ‘ടോപ് ഗിയർ’ സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാറായി തിരഞ്ഞെടുക്കപ്പെട്ടു.
മാർക്ക് 1: 1958-1962
ബ്രിട്ടിഷ് നിർമിത മോറിസ് ഓക്സ്ഫഡ് കാറിനെ അടിസ്ഥാനപ്പെടുത്തി സർ അലെക് ഇസിഗോണിസ് രൂപകൽപന ചെയ്ത ആദ്യ ‘ടെയ്ൽ ഫിൻ’ ഡിസൈൻ അംബാസഡർ. 1958 മധ്യത്തിൽ കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് നിർമിച്ചത്. പക്ഷേ മാർക്ക് 1 ഒരു പുതിയ മോഡലായി കണക്കാക്കപ്പെട്ടിരുന്നില്ല. കാരണം മോറിസ് ഓക്സ്ഫഡ് സീരീസ് 3 തന്നെയായിരുന്നു മാർക്ക് 1.
മാർക്ക് 2 : 1962-1975
അംബാസഡർ മാർക്ക് 2 ആണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ആദ്യ അംഗീകൃത മോഡൽ. മാർക്ക് 1 പരിഷ്കരിച്ചാണ് ഇത് ഇറക്കിയത്. വിപണിയിൽ വലിയ ജനപ്രീതി നേടിയ മോഡലായിരുന്നിത്.
എൻജിൻ: 1489 സിസി. 4 സ്പീഡ് മാനുവൽ ഗിയർ ബോക്സ്, 36.1 സെക്കൻഡിൽ നൂറു കിലോമീറ്റർ വേഗമാർജിക്കും,
മാർക്ക് 3 : 1975-1979
മാർക്ക് 2 മോഡൽ പരിഷ്കരിച്ച് 1975 ൽ മാർക്ക് 3 അംബാസഡർ പുറത്തിറക്കി. ഹെഡ് ലാംപിനു താഴെ വൃത്താകൃതിയിലുള്ള ഇൻഡിക്കേറ്റർ. മരം കൊണ്ടും അലൂമിനിയം കൊണ്ടുമുള്ള ഡാഷ്ബോർഡ്. പുതിയ ക്രോമിയം ബംപറുകൾ, എന്നാലോ സാങ്കേതിക വിദ്യയിൽ ഒരു മാറ്റവുമുണ്ടായില്ല.
മാർക്ക് 4: 1979-1990
കമ്പനി ആദ്യമായി ഡീസൽ മോഡൽ ഇറക്കിയത് മാർക്ക് 4 അംബാസഡറിലാണ്. ടാക്സി കാർ വിപണിയിലെ ആധിപത്യം ഉയർത്താനായി 1980 ൽ 1480 സിസി ഡീസൽ എൻജിൻ ഘടിപ്പിച്ച കാർ വിപണിയിലിറക്കി. പിന്നീട് ഇന്ത്യൻ ടാക്സികളെന്നാൽ അംബാസഡറായി. സാധാരണക്കാരന്റെ അംബാസഡർ യാത്ര വിപുലമാകുന്നത് ഇതോടെയാണ്. 37 ബിഎച്പി 1.5 ലീറ്റർ ബിഎംസി ഡീസൽ എൻജിനായിരുന്നു ഘടിപ്പിച്ചത്. ബോഡിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. മാർക്ക് 4 ൽ വന്ന മാറ്റങ്ങൾ 2014 ൽ അംബാസഡറിന്റെ ഉൽപാദനം അവസാനിക്കുന്നതുവരെ തുടർന്നു.
മറ്റ് മോഡലുകൾ
*ഹിന്ദുസ്ഥാൻ അംബാസഡർ പോർട്ടർ
*ഹിന്ദുസ്ഥാൻ അംബാസഡർ നോവ
*ഹിന്ദുസ്ഥാൻ അംബാസഡർ വീർ
*ഹിന്ദുസ്ഥാൻ അംബാസഡർ ബുള്ളറ്റ് പ്രൂഫ്
*ഹിന്ദുസ്ഥാൻ അംബാസഡർ ഗ്രാന്റ്/ക്ലാസിക്/എൻകോർ/പിക്അപ്
*ഹിന്ദുസ്ഥാൻ അംബാസഡർ കാർ
ആധുനിക കാറുകളുമായി താരതമ്യം ചെയ്താൽ അംബാസഡറിന് പോരായ്മകൾ നിരവധിയാണ്. സസ്‌പെൻഷൻ, ബ്രേക്ക് സിസ്റ്റം, ബോഡി പാനൽ, സ്റ്റിയറിങ്, എൻജിൻ, ഗിയർ ബോക്സ് എന്നിവയുടെ നിലവാരമില്ലായ്മ അംബാസഡറിന്റെ വലിയ പ്രശ്നമായിരുന്നു. ബോഡി തുരുമ്പെടുക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കാലത്തിനൊത്ത് അംബാസഡറിനെ നിർമാതാക്കൾ പരിഷ്കരിച്ചില്ല. പക്ഷെ പ്രവചിക്കപ്പെട്ട ചരമ നാൾ കഴിഞ്ഞിട്ടും പതിറ്റാണ്ടുകളോളം അംബാസഡർ ഇന്ത്യയിൽ ജനങ്ങൾക്കിടയിൽ ജീവിച്ചു. 2014 മേയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസഡർ കാറിന്റെ ഉൽപാദനം പൂർണമായും നിലച്ചു. അംബാസഡർ ഇന്ത്യയുടെ അടയാളമായിരുന്ന ഒരു യുഗത്തിനാണ് അതോടെ അവസാനമായത്. അംബാസഡർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നത് ആയിരങ്ങളാണ്. പുതുതലമുറ ടെക്നോളജിയിൽ അമ്പി ഒരു വരവ് കൂടി വന്നാൽ ഇന്ത്യൻ നിരത്തുകളിൽ രാജാവായി തന്നെ വാഴും എന്നതു തീർച്ച.
English Summary: How Ambassador Iconic Car Of India