ഋഷി സുനകിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 22 കോടി രൂപ
Mail This Article
ലണ്ടൻ ∙ ശമ്പളവും ബിസിനസുമെല്ലാമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് (ഏകദേശം 22 കോടി രൂപ) ഇതിന് 508,308 പൗണ്ട് നികുതിയായും നൽകി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട നികുതി രേഖയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിച്ചത് 432,884 പൗണ്ടാണ്. ഇതിന് നികുതിയായി 163,364 പൗണ്ട് അടച്ചു. ഇതിനു പുറമേ അമേരിക്കയിലെ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്നുള്ള 1.8 മില്യൻ വരുമാനത്തിന് ക്യാപിറ്റൽ ഗെയിൻ ടാക്സായി 359,240 പൗണ്ടും നൽകി.
2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇതു രണ്ടാം തവണയാണ് ഋഷി സുനക് തന്റെ വരുമാനവും നികുതിയ വിവരങ്ങളും പരസ്യമാക്കുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു ഇതിനു മുമ്പ് സമാനമായ രീതിയിൽ അദ്ദേഹം ഇത് പൊതുസമൂഹത്തിനു മുന്നിൽ വച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള മൂന്നുവർഷത്തെ കണക്കുകൾ ഒരുമിച്ചായിരുന്നു അന്ന് അദ്ദേഹം പുറത്തുവിട്ടത്.
മികച്ച ജോലി ഉപേക്ഷിച്ച് ബിസിനസിൽ എത്തുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്ത ഋഷി സുനക് ബ്രിട്ടിഷ് പാർലമെന്റിലെ ധനാഢ്യരായ എംപിമാരിൽ ഒരാളാണ്. ഇന്ത്യൻ ഐടി രംഗത്തെ അതികായനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷി സുനകിന്റെ ഭാര്യ. ഇവർ ഇരുവരുടെയും സ്വത്തുക്കൾ ചേർത്താൽ 523 മില്യൻ പൗണ്ട് വരുമെന്നാണ് 2023ലെ സൺഡേ ടൈംസിന്റെ റിച്ച്ലിസ്റ്റ് പറയുന്നത്.