ജർമൻ റെയിൽ ഓപ്പറേറ്റർ ഡ്യൂഷെ ബാനിന് കഴിഞ്ഞ വർഷം വൻ നഷ്ടമെന്ന് കണക്കുകൾ

Mail This Article
ബര്‍ലിന്‍ ∙ ജർമൻ റെയിൽ ഓപ്പറേറ്റർ ഡ്യൂഷെ ബാൻ 2024ൽ 1.8 ബില്യൻ യൂറോയുടെ വാർഷിക നഷ്ടം രേഖപ്പെടുത്തി. മുൻവർഷത്തെ 2.7 ബില്യൻ യൂറോയുടെ നഷ്ടത്തിൽ നിന്നും ഇത് മെച്ചപ്പെട്ടെങ്കിലും, കമ്പനി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഡ്യൂഷെ ബാൻ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതികൾ കമ്പനിയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രക്കാർക്കിടയിൽ നീണ്ട കാലതാമസം, റദ്ദാക്കിയ ട്രെയിനുകൾ, മോശം സർവീസ് എന്നിവയെക്കുറിച്ച് വ്യാപകമായ പരാതികൾ നിലനിൽക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ട്രെയിൻ ശൃംഖലയിൽ വർഷങ്ങളായി നടത്തിവരുന്ന നിക്ഷേപം കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല. വിൽപനയിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.