ജർമനിയിൽ ഈ മേഖലയിൽ വൻ അവസരം; വിമാന ടിക്കറ്റ് ഉൾപ്പെടെയുളള എല്ലാ ചെലവുകളും സൗജന്യം, ഇപ്പോൾ അപേക്ഷിക്കാം

Mail This Article
തിരുവനന്തപുരം ∙ കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 6 ന് പകരം 14 വരെ നീട്ടി.
www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി അപേക്ഷകൾ നല്‍കാവുന്നതാണ്. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് കൂടരുത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും റജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സെന്ററില്‍ ജര്‍മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. റജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.
കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
കൂടുതൽ വിവരങ്ങൾക്ക് +914712770577, 536, 540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) +918802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.