മാതൃത്വത്തിന്റെ മഹനീയത ഓർമിപ്പിച്ച് പെണ്ണാൾ

Mail This Article
ദുബായ് ∙ ബാല്യ-കൗമാരങ്ങളും യൗവ്വനവും കടന്ന് മാതൃതത്വത്തിലേക്ക് ‘പെണ്ണാൾ’ വളർന്നു. വനിതാ കൂട്ടായ്മയായ പെണ്ണാൾ ഒരുക്കുന്ന ഗാനമാലയിൽ നാലാമത്തെ ഘട്ടമായ മാതൃത്വത്തിന്റെ റിലീസ് ദേശീയചലച്ചിത്ര അവാർഡ് ജേതാവായ സുരഭി തന്റെ യുട്യൂബ് ചാനലിൽ നിർവഹിച്ചു. മണിക്കൂറുകൾക്കകം ആയിരങ്ങൾ ഗാനവിഡിയോ കണ്ടു. നാല് ഗാനങ്ങളുടെയും ഗാനരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷൈല തോമസ് ആണ്. സ്ത്രീ ജീവിതത്തിന്റെ അഞ്ചു ഘട്ടങ്ങൾ സംഗീത രൂപത്തിൽ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ സീരീസാണിതെന്ന് പെണ്ണാൾ സംഘം.
സുരഭിയാണ് ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ഡോ.ഷാനി ഹഫീസ് ആലാപനവും ഗായത്രി സുരേഷ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രധാന വേഷത്തിൽ ദേശീയ അവാർഡ് ജേതാവായ സാവിത്രീ ശ്രീധരനും ചേർന്നതോടെ ഒരു ആൽബത്തിൽ രണ്ടു ദേശീയ അവാർഡ് ജേതാക്കൾ ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. രഞ്ജു ഗോവിന്ദ്, സുമിത, ബേബി അൽമിത്ര എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. സുമേഷ് സുകുമാരൻ ക്യാമറ.ജിത്തു കെ.ജയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും റിസാൽ ജെയ്നിയും അരവിന്ദും ചേർന്ന് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.

ജീവിത്തിന്റെ ഊടും പാവും സ്നേഹത്തിൽ ചാലിച്ച് നെയ്തെടുക്കുന്ന രീതിയിൽ നെയ്ത്തു ശാലയിലാണ് യൗവനം മുഴുവൻ ചിത്രീകരിച്ചിരുന്നത്. ജീവിത്തിന്റെ അഞ്ചു ഘട്ടങ്ങൾക്കൊപ്പം തുഷാരം എന്ന പേരിൽ ഗായത്രീ സുരേഷ് ആലപിച്ച ഗസലും അനുബന്ധമായുണ്ടെന്ന് ഷൈല തോമസ് പറഞ്ഞു. തുടർച്ചയാണ് അഞ്ചു ഘട്ടങ്ങളെങ്കിലും ഒരോന്നും വ്യത്യസ്തവും അതിൽത്തന്നെ പൂർണവുമാണെന്നും ഷൈല തോമസ് വ്യക്തമാക്കി.