സൗദിയിലേയ്ക്കുള്ള വിമാന സർവീസ് മേയ് 17 ന് തുറക്കും; ഇന്ത്യക്കാർ ഇനിയും കറങ്ങിത്തിരിയണം
Mail This Article
റിയാദ്∙ നേരത്തേ അറിയിച്ചതു പ്രകാരം സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 17 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദിയ അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 17ന് പുലർച്ചെ ഒന്നു മുതൽ സൗദിയിലേക്കുള്ള മൂന്നു മാർഗങ്ങളിലൂടേയും പ്രവേശനാനുമതി ഉണ്ടാകും. ഫെബ്രുവരി ഒന്നിനാണു സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക സൗദി വികസിപ്പിച്ചത്.ഈ രാജ്യങ്ങളിൽ നിന്നു നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അതേപടി തുടരുമെന്നാണു ചോദ്യത്തിന് മറുപടിയായി സൗദിയ അധികൃതർ നൽകിയ പുതിയ അറിയിപ്പിൽ ഉള്ളത്.
പട്ടികയിലെ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, രാജ്യത്തേക്കു കടക്കുന്നതിന് മുൻപു വിലക്കുള്ള പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർ എന്നിവർക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ചു സൗദിയിലേക്ക് പ്രവേശിക്കാം, സ്വദേശി പൗരന്മാർക്കു രാജ്യത്തിന് പുറത്ത് പോകാനുള്ള വിലക്കും ഇതോടെ നീങ്ങും. ഇന്ത്യക്കു പുറമെ യുഎഇ, തുർക്കി, അർജന്റീന, ജർമനി, ഈജിപ്ത്, ലെബനൻ, ജപ്പാൻ, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, സ്വീഡൻ, ഫ്രാൻസ്, അമേരിക്ക, ഇന്തോനേഷ്യ, അയർലന്റ, ബ്രിട്ടൻ, സ്വിറ്റ്‌സർലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നേരത്തേ മുതൽ പ്രവേശനാനുമതി ഇല്ലാത്തതിനാൽ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷമാണു സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ മാർഗം അടഞ്ഞതോടെയാണു സൗദിയിലെ പ്രവാസികൾ കൂടുതൽ വലഞ്ഞത്. അത് ഇനിയും നീളുകയാണെന്ന പ്രഖ്യാപനം നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരും മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേരെ നിരാശയിലാക്കിയിരിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൂടെ കടന്നു പോയവർക്ക് രാജ്യത്തേക്ക് കടക്കാനാകില്ല എന്നതിനാൽ ഇന്ത്യ വിട്ടതിനു ശേഷം മറ്റെവിടെയെങ്കിലും ക്വാറന്റീൻ വാസം കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അതായത് ദുബായ് മാർഗമെങ്കിലും തുറന്ന് കിട്ടിയാൽ മതിയെന്ന പ്രതീക്ഷക്കു മങ്ങലേറ്റതോടെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ സൗദിയിലേക്ക് കടക്കാൻ ഇനിയും കറങ്ങിത്തിരിയണം. നിലവിൽ നേപ്പാൾ, മാലിദ്വീപ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വഴിയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ രാജ്യത്തേക്ക് പ്രവേശിക്കുന്നത്.
യാത്രക്കാർക്ക് സൗദി ആരോഗ്യ അധികൃതരുടെ നിർദേശപ്രകാരം ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നതിനും മുൻകരുതൽ കൈകൊള്ളുന്നതിനും ആവശ്യമായ നടപടികൾ കർശനമാക്കുമെന്നും അധികൃതർ പറഞ്ഞു. ആരോഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ച് രാജ്യത്തിറങ്ങുമ്പോൾ വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ കേന്ദ്രത്തിൽ സമർപ്പിക്കുക, രാജ്യത്തെത്തുന്ന ആരോഗ്യ പ്രവർത്തകർ 3 ദിവസവും മറ്റുള്ളവർ 7 ദിവസവും നിർബന്ധിത സ്വയം ക്വറന്റീനിൽ പോവുക, എല്ലാ യാത്രക്കാരും തവക്കൽന ആപ്ലിക്കേഷൻ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം എട്ട് മണിക്കൂറിനകം ആപ്പിൽ താമസ സ്ഥലത്തിന്റെ ലൊക്കേഷൻ ചേർക്കുക, ക്വറന്റീൻ കാലാവധിക്ക് ശേഷം തത്മൻ, തവക്കൽന ആപ്ലിക്കേഷനുകൾ വഴി പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തുക, വൈറസ് ബാധയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ കേന്ദ്രത്തിലേക്കോ അത്യാഹിത വിഭാഗത്തിലേക്കോ പോകുന്നതിന് മുമ്പ് 937 എന്ന നമ്പറിൽ വിളിക്കുക, തത്മൻ ആപ്പ് ഉപയോഗിച്ച് ദിനേന ആരോഗ്യനില വിലയിരുത്തുക, ആരോഗ്യ പ്രതിബദ്ധത ഫോമിൽ നൽകിയ പ്രതിജ്ഞ അനുസരിച്ച് സ്വയം ക്വറന്റീൻ സമയത്തെ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കുക തുടങ്ങിയ ചട്ടങ്ങളാണ് നിലവിൽ സൗദിയിലേക്ക് പ്രവേശിക്കാൻ അധികൃതർ നിർദേശിക്കുന്നത്.
കൂടാതെ സൗദിയ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അണുനശീകരണ വസ്തുക്കളും മുൻകരുതൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ ഈ മേഖലയിൽ കമ്പനിയുമായി സൗദിയ കരാറിൽ ഒപ്പുവച്ചു. ഇവ പ്രത്യേക പാക്കറ്റുകളിലാക്കി യാത്രക്കാർക്കു വിതരണം ചെയ്യും. ഇതോടൊപ്പം രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ചരിത്ര- പൈതൃകങ്ങളേയും വാസ്തുവിദ്യയേയും പരിചയപ്പെടുത്തുന്ന വിവരങ്ങളും നൽകും. സൗദി ഹെറിറ്റേജ് കമ്മീഷനുമായി സഹകരിച്ചാണ് ഈ പദ്ധതി. ഇന്ത്യയിലെ വൈറസ് ബാധയുടെ പ്രതിദിന കണക്കിലെ വർധനവാണ് സൗദിയിലേക്കു നിലനിൽക്കുന്ന വിലക്കിന് കാരണം എങ്കിലും, ഈ പ്രശ്‌നത്തിന് എന്ന് അറുതിയാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലാതെ നിരവധി പ്രവാസികളാണു കുടുങ്ങിയിരിക്കുന്നത്.