ഷഹീൻ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കും; മുന്നറിയിപ്പുമായി അധികൃതർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Mail This Article
അബുദാബി ∙ ഷഹീൻ ചുഴലിക്കാറ്റ് യുഎഇ കാലാവസ്ഥയെ ബാധിക്കുമെന്നതിനാൽ ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, പർവതപ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന്‍ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ അക്ഷാംശത്തിൽ 24.3 നോർഹ്, 60.9 കിഴക്ക് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യത്യസ്ത തീവ്രതയുള്ളതും ശക്തമായതുമായ മഴമേഘങ്ങൾക്കൊപ്പം വിവിധ തരം മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻസിഎം) അറിയിച്ചു. അറബിക്കടലിൽ മണിക്കൂറിൽ 116 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നു.
ചുഴലിക്കാറ്റിന്റെ കേന്ദ്രം ഫുജൈറ തീരത്ത് നിന്ന് 440 കിലോമീറ്റർ അകലെയാണെന്ന് ഇന്നലെ (2) നടന്ന വെർച്വൽ വാർത്താസമ്മേളനത്തിൽ എൻസിഎം വക്താവ് പറഞ്ഞു. ചുഴലിക്കാറ്റിന്റെ ചലന വേഗം പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 11 കി.മീറ്ററാണ്. ഷഹീൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാന്റെ തീരത്തേയ്ക്ക് നീങ്ങുമെന്നും ഇന്ന് (ഞായർ) വൈകിട്ടോടെ രാജ്യത്തിന്റെ ചില പ്രദേശങ്ങൾ ഉഷ്ണമേഖലാ സാഹചര്യത്തിന്റെ വ്യാപനത്തെ ബാധിക്കുമെന്നും എൻസിഎം പ്രവചിക്കുന്നു.
English Summary: Cyclone Shaheen: Avoid beaches, valleys, sea, warn UAE authorities