ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിൽ മഴയ്ക്ക് സാധ്യത, അഭ്യൂഹങ്ങൾ വിശ്വസിക്കരുത്

Mail This Article
ദുബായ് ∙ ഇന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫുജൈറയ്ക്കും അൽ ഐനിനും ചുറ്റുമുള്ള പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത. നാളെ രാത്രി 11 വരെ മഴമേഘങ്ങൾ രൂപപ്പെടാനും ചില സമയങ്ങളിൽ 45 കി.മീ വേഗത്തിൽ മണൽക്കാറ്റിനും സാധ്യതയുണ്ട്.
ഒമാനിൽ വീശുന്ന ഷഹീൻ ചുഴലിക്കാറ്റ് യുഎഇയിലുമെത്താൻ സാധ്യതയുണ്ടെന്നും ബീച്ച്, കിഴക്കൻ ഭാഗങ്ങളിലെ പർവതപ്രദേശങ്ങൾ, താഴ്വരകൾ എന്നിവിടങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) യുഎഇയിലുടനീളമുള്ള ദ്രുതകർമ സേനയും തീരത്തെ ഏത് കാലാവസ്ഥാ സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജമാണ്.
ദുബായ്, ഷാർജ എന്നിവയുൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ താപനില 34-38 ഡിഗ്രി സെൽഷ്യസായിരിക്കും. രാജ്യത്തിന്റെ ആന്തരിക ഭാഗങ്ങളിലെ പരമാവധി താപനില 38-42 ഡിഗ്രി സെൽഷ്യസിനും പർവതപ്രദേശങ്ങളിൽ 32-36 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇന്നത്തെ ഏറ്റവും കൂടിയ താപനില അൽ ദാഫ്റ ഏരിയയിൽ വൈകിട്ട് 3.5ന് 43.8° സെൽഷ്യസുമായിരിക്കും.
നാഷനൽ സെന്റർ ഓഫ് മെട്രോളജി അതിന്റെ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തുവിടുന്ന വാർത്തകളും വിവരങ്ങളും പിന്തുടരാനും കാലാവസ്ഥയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും ഒഴിവാക്കാനും ജനങ്ങളോട് അഭ്യർഥിച്ചു.
English Summary: Rain to fall in UAE on Sunday as Cyclone Shaheen hits region