സഖ്യസേനയുടെ ക്ഷമ പരീക്ഷിക്കരുത്: തുര്‍ക്കി അല്‍മാലികി

Mail This Article
ജിദ്ദ ∙ സഖ്യസേനയുടെ ക്ഷമ ഹൂത്തികള്‍ പരീക്ഷിക്കരുതെന്നും സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ വേണ്ടി തങ്ങള്‍ സംയമനം പാലിക്കുകയാണെന്നും
സൗദി സഖ്യസേനാ വക്താവ് ബ്രി. തുര്‍ക്കി അല്‍മാലികി പറഞ്ഞു. ആക്രമണങ്ങള്‍ തുടരുന്നതിനെതിരെ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സഖ്യ സേന. കഴിഞ്ഞ ദിവസം ഹൂത്തികളുടെ 16 ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കിയതായും സഖ്യസേന അറിയിച്ചു.
ജിദ്ദയിലെ അരാംകൊ പ്ലാന്റിന് നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തി. അരാംകോയുടെ പെട്രോളിയം ഉൽപന്ന വിതരണ സ്റ്റേഷനെ ലക്ഷ്യമിട്ടാണ് അക്രമണം നടന്നത്. ഓയിൽ ഫെസിലിറ്റിയുടെ രണ്ട് ടാങ്കുകളിൽ തീപിടിത്തമുണ്ടായെന്നും ആളപായമോ മറ്റോ ഉണ്ടായിട്ടില്ലെന്നും സഖ്യസേന വക്താവ് വിശദീകരിച്ചു. ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വൈദ്യുതി വിതരണ നിലയത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ വൈത്യുതി തടസമുണ്ടായി
അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ദേശീയ ജല കമ്പനിയുടെ വാട്ടര്‍ ടാങ്കുകള്‍ക്കു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ടാങ്കുകളില്‍ ജല ചോര്‍ച്ചയുണ്ടായി. സമീപത്തെ ഏതാനും വീടുകള്‍ക്കും സിവിലിയന്‍ വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും സഖ്യസേന അറിയിച്ചു.
യുഎഇ ശക്തമായ അപലപിച്ചു
അബുദാബി/ ജിദ്ദ ∙ സൗദിക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായ അപലപിച്ചു. ഹൂത്തി മിലിഷ്യയുടെ ഈ ആക്രമണങ്ങൾ തുടരുന്നത് രാജ്യാന്തര സമൂഹത്തിനും യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും എല്ലാ രാജ്യാന്തര നിയമങ്ങളെയും മാനദണ്ഡങ്ങളെയും അവഗണിച്ചതായും യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം വ്യക്തമാക്കി.
ഹൂത്തികളെ തടയാൻ അറബ് സഖ്യം സ്വീകരിക്കുന്ന നടപടികളെ എല്ലാവരും പിന്തുണയ്ക്കണം. സൗദി അറേബ്യയോടുള്ള യുഎഇയുടെ പൂർണമായ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു.