കോവിഡിനെതിരെ 16 മാസത്തെ പോരാട്ടം; ഇത് പ്രവാസി മലയാളിയുടെ അദ്ഭുതകരമായ അതിജീവനം
Mail This Article
അബുദാബി ∙ ലോകം മഹാമാരിക്ക് എതിരായ പോരാട്ടത്തിലൂടെ കരകയറുമ്പോൾ അതിജീവിച്ച പോരാളികളുടെ മുൻപന്തിയിൽ തന്നെയുണ്ടാകും ഇൗ മലയാളി യുവാവ്. മാസങ്ങൾ നീണ്ട ഐസിയു വാസവും രോഗപീഡകളും മറികടന്ന് വീണ്ടും അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശി അരുൺകുമാർ എം. നായർ. കോവിഡ് തകിടം മറിച്ച അനേകം ജീവിതങ്ങളിൽ ഒന്നായല്ല അരുണിനെ സഹപ്രവർത്തകർ ഓർക്കുക. പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ വിജയിക്കാനുള്ള പ്രചോദനമാണ് അവർക്കിപ്പോൾ അരുൺ കുമാർ. അതുകൊണ്ടു തന്നെ അരുണിന്റെ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവ് അവർ ആഘോഷമാക്കി.
6 മാസത്തെ ആശുപത്രി വാസം, 8 മാസം നീണ്ട തുടർ ചികിത്സ
ആറുമാസത്തെ ആശുപത്രി വാസത്തിനും ഒൻപത് മാസം നീണ്ട തുടർ ചികിത്സയ്ക്കും ശേഷമാണ് അരുൺകുമാർ ഇന്നലെ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ ജോലിയിലേയ്ക്ക് തിരിച്ചെത്തിയത്. കോവിഡിനെതിരെ ധീരമായി പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന മുന്നണിപ്പോരാളിയെ വീണ്ടും ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. അരുണിന് മാനേജ്‌മെന്റിന്റെയും സഹപ്രവർത്തകരുടെയും ഭാഗത്തു നിന്ന് തുടർന്നും എല്ലാ പിന്തുണയുമുണ്ടാകും.
ഇസിഎംഒ സഹായത്തോടെയാണ് ജീവൻ നിലനിർത്തി
2021 ജൂലൈയിലാണ് അരുണിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഇസിഎംഒ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഒന്നിലേറെ തവണ ഹൃദയാഘാതമുണ്ടായി. ചികിത്സയിലായിരുന്ന അബുദാബി ബുർജീൽ ആശുപത്രിയിൽ നിന്ന് ജനുവരിയിൽ ഡിസ്ചാർജ് ചെയ്ത ശേഷം, ഉടൻ തന്നെ ജോലിയിൽ തിരിച്ചെത്താൻ ആകുമെന്നായിരുന്നു അരുണിന്റെ പ്രതീക്ഷ. എന്നാൽ അതിജീവനത്തിന്റെ പാതയ്ക്ക് പ്രതീക്ഷിച്ചതിലുമേറെ ദൈർഘ്യമുണ്ടായിരുന്നു. ആശുപത്രിക്ക് സമീപം കമ്പനി അനുവദിച്ച ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അരുണിന് ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യസഹായം ലഭ്യമാക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
തിരിച്ചുവരവ് ഏറെ സങ്കീർണമായിരുന്നുവെന്നും ദിനചര്യകൾ പോലും നിർവഹിക്കാൻ ആകാത്തവിധം ബുദ്ധിമുട്ടിലായിരുന്നു ആശുപത്രി വിട്ട ശേഷമുള്ള ആദ്യ മൂന്നു മാസങ്ങളെന്നും അരുൺ പറഞ്ഞു. ഇദ്ദേഹത്തിന് പൂർണ പിന്തുണയുമായി ഒപ്പം നിന്നത് ഭാര്യ ജെന്നിയാണ്. അരുൺ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. പനിയും വിട്ടുമാറാത്ത ചുമയും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശുപത്രി വാസത്തിനിടെ അരുണിന്റെ കഴുത്തിൽ ട്രക്കിയോസ്റ്റമി ചെയ്തിരുന്നു. ഇതിന്റെ ദ്വാരം അടയ്ക്കാനും ഏറെ കാത്തിരിക്കേണ്ടിവന്നു.
അബുദാബിയിലെ ബുർജീൽ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ. താരിഗ് അലി എൽഹസ്സനും സംഘവുമാണ് അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ചികിത്സിച്ചിരുന്നത്. നിശ്ചയദാർഢ്യമുള്ള പോരാളിയാണ് അരുണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളിൽ ആരോഗ്യനിലയിൽ മികച്ച പുരോഗതിയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യത്തോടെ അരുണിനെ കാണുന്നതിൽ സന്തോഷമുണ്ട്. കോവിഡിന് മുമ്പുള്ള ആരോഗ്യം വീണ്ടെടുക്കാൻ വൈകാതെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കുഞ്ഞുമോന്റെ കളിചിരികൾ കരുത്തായി
കഴിഞ്ഞ ജനുവരിയിൽ ബുർജീൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ അരുണിന്റെ അദ്ഭുതകരമായ തിരിച്ചുവരവ് ആഘോഷിക്കാൻ സഹപ്രവർത്തകർ ആശുപത്രിയിൽ ഒത്തുകൂടിയത് ശ്രദ്ധേയമായിരുന്നു. ഈ ചടങ്ങിനിടെ ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിനിന്റെ സ്നേഹസമ്മാനമായി 50 ലക്ഷം രൂപ മാനേജ്‌മെന്റ് കൈമാറി.
ആശുപത്രിയിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും ലഭിച്ച പിന്തുണ അതിജീവനത്തിന് പ്രചോദനവും പ്രേരണയുമായെന്ന് അരുൺ പറഞ്ഞു. വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടെ ചുറ്റുമുള്ളവരിൽ നിന്ന് കുടുംബത്തിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറയുകയാണ് അരുണിന്റെ ഭാര്യ ജെന്നി. ആശുപത്രിയിലെ സഹപ്രവർത്തകർ വീട്ടിലെത്തി എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ചു. ഇത്തരം പ്രോത്സാഹനങ്ങളും പ്രാർഥനകളുമാണ് അരുണിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കൂട്ടായത്.
മകൻ അർജുനായിരുന്നു അരുണിന്റെ മറ്റൊരു പ്രചോദനം. മകൻ ദിവസവും ചിരിക്കുന്നതും കളിക്കുന്നതും കാണുമ്പോൾ ഏറെ പോസിറ്റീവ് എനർജി ലഭിക്കുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അവൻ രാവും പകലും ഒപ്പമുണ്ട്. ബുദ്ധിമുട്ടുകൾ നേരിടാൻ ഇത് കരുത്തായി.
ജെന്നിയുടെ സഹായത്തോടെ അരുൺ നടക്കാനും ലഘുവായ കായിക പരിശീലനങ്ങൾക്കും ശ്രമിക്കുന്നുണ്ട്. ദൈനംദിന പ്രവർത്തനങ്ങളും ജോലിയും മാനസീകവും ശാരീരികവുമായ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഉറപ്പുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നത് കാണുമ്പോഴാണ് ആശ്വാസവും പ്രതീക്ഷയുമേറുന്നത്. ജോലിസ്ഥലത്ത്, ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. പരിമിതികൾ ഏറെയാണെങ്കിലും എല്ലാ ചുമതലകളും വീണ്ടും ഏറ്റെടുക്കാനും അതേ ആവേശത്തോടെ പ്രവർത്തിക്കാനും പരമാവധി ശ്രമിക്കും. അരുണിന് തികഞ്ഞ ആത്മവിശ്വാസം.
English Summary: Malayali youth back to work with amazing covid survival experience