ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ; സന്ദർശകർക്ക് വിസ്മയമായി റോബോ ഡോഗ്
Mail This Article
ദുബായ് ∙ ഫ്യൂചർ മ്യൂസിയത്തിൽ എത്തുന്നവർക്കു വിസ്മയം പകരാൻ റോബോ ഡോഗും. മ്യൂസിയത്തിൽ ഓടിനടന്ന് സന്ദർശകരെ അഭിവാദ്യം ചെയ്യുന്നതും ആശയ വിനിമയം നടത്തുന്നതും കാണാൻ തന്നെ കൗതുകം.
പുതിയ കൂട്ടുകാരനുമായി ചങ്ങാത്തം കൂടാനും ഒപ്പം കളിക്കാനും കുട്ടിപ്പട്ടാളങ്ങളും ചുറ്റും കൂടുന്നു. ഇതിനകം കാണികളുടെ ഓമനയായ ഈ നാൽക്കാലിക്കു പേരിടാനും സന്ദർശകർക്ക് അവസരം നൽകിയിരിക്കുകയാണ് ഫ്യൂചർ മ്യൂസിയം. മ്യൂസിയത്തിലെ ഹ്യൂമനോയ്ഡായ അമേക്ക, പെൻഗ്വിൻ, ജെല്ലിഫിഷ് എന്നീ റോബട് കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയാണ് റോബോ ഡോഗ്.
ത്രിമാന കാഴ്ചയും ചലനവുംകൊണ്ട് ഇതിനകം സന്ദർശകരുടെ മനസ്സ് കീഴടക്കിയ റോബോഡോഗ് മെഷീൻ ലേണിങ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പരിസരം തിരിച്ചറിഞ്ഞ് സ്വയം മുന്നോട്ടുപോകാനും ഇതിനാകും. മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി റോബോയ്ക്ക് പേരുകൾ നിർദേശിക്കാമെന്ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ മജീദ് അൽ മൻസൂരി പറഞ്ഞു.
മ്യൂസിയത്തിൽ എത്തുന്നവരെ സഹായിക്കുംവിധം നൂതന റോബോട്ടുകളെ വരുംകാലങ്ങളിലും നിയമിക്കുമെന്നും സൂചിപ്പിച്ചു. യുഎസ് ടെക് സ്ഥാപനമായ ബോസ്റ്റൺ ഡൈനാമിക്‌സാണ് റോബോഡോഗ് രൂപകൽപന ചെയ്തത്. സെൻസർ, ക്യാമറ, ജിപിഎസ് തുടങ്ങിയവയുടെ സഹായത്തോടെ ഭൂപ്രദേശം തിരിച്ചറിഞ്ഞ് തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കാൻ ഇതിനു സാധിക്കുന്നു.