ADVERTISEMENT

ദമാം∙ മുന്നിലെത്തുന്നവരിൽ കണ്ണുടക്കിയാൽ  അവരുടെ മനോഹരചിത്രം വരച്ച് തരുന്ന പ്രവാസിയായ ഒരു ചിത്രകാരനുണ്ട് സൗദിയിലെ  ജുബൈലിൽ.  കറുപ്പും വെളുപ്പും ചാരനിറവും, പിന്നെ പലതരം നിറങ്ങളും  ഇടകലർത്തി കടലാസിലും കാൻവാസിലുമായി ആവാഹിച്ച് ജീവൻ തുളുമ്പുന്ന  പെൻസിൽ ചിത്രരചന നടത്തുകയാണ് കണ്ണൂർ, കാടാച്ചിറ,കടമ്പൂർ മുണ്ട്യൻചാലിൽ എം.സി. സജേഷ്. ഇതിനോടകം ഈ ചിത്രകാരൻ വരച്ച ചിത്രങ്ങളിൽ പ്രശസ്തരും, സാധാരണക്കാരും, കലാകാരൻമാരും നേതാക്കളും, സിനിമാ താരങ്ങളുമുണ്ട് . 

photo:instagram/mcsajesh
photo:instagram/mcsajesh

 

photo:instagram/mcsajesh
photo:instagram/mcsajesh

4000 ലേറെ മുഖ ചിത്രങ്ങളാണ് പെൻസിൽ  ഉപയോഗിച്ച് വരച്ചു തീർത്തത്. പെൻസിൽ ചിത്രരചന പ്രിയപ്പെട്ടതാണെങ്കിലും  ജലചായവും,അക്രലിക്  നിറക്കൂട്ടുകൾ ഉപയോഗിച്ചും  ചെറുതും വലുതുമായ  കാൻവാസിൽ വരച്ച പലതരം ചിത്രങ്ങളും നിരവധിയുണ്ട്.  പടം വരയ്ക്കുന്നത് മാത്രമല്ല തെർമോകോളിൽ  ശിൽപ്പങ്ങളും, പ്രതിമകളുമൊക്കെ തീർക്കുന്നതും  പുസ്തകങ്ങൾക്കായി കവർപേജ് വരയ്ക്കുന്നതും കഥാപാത്രങ്ങളെ വരയ്ക്കുന്നതുമൊക്കെ ഒരു തപസ്യയായി കാണുകയാണ് ഈ കലാകാരൻ.

 

കിഴക്കൻ പ്രവിശ്യയിലെ മലയാളി സംഘടനകൾ നടത്തുന്ന പലവിധ പരിപാടികളിലും  സജേഷിന്റെ പ്രതിഭയിൽ വിരിഞ്ഞ തെയ്യവും തിറയും കഥകളിയും ചുണ്ടൻവള്ളവും,തെങ്ങും ഫലവൃക്ഷങ്ങളുടെയൊക്കെ ശിൽപ്പങ്ങളും പ്രതിമകളും വേദികളിലും സദസ്സിനും അലങ്കാരമായിട്ടുണ്ട്. മൺമറഞ്ഞ പ്രിയപ്പെട്ട നേതാക്കളുടേതടക്കം ശിൽപ്പങ്ങളും, പരിപാടികളുടെ സന്ദേശമുണർത്തുന്ന കലാമൂല്യമുള്ള പ്രതീകങ്ങളും നിർമ്മിതികളും തെർമോകോളിൽ തീർക്കുന്നതും സജീഷിന് ഹരമാണ്.കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ നേതാക്കളും,മന്ത്രിമാരും, ജനപ്രതിനിധികളുമൊക്കെ പങ്കെടുത്തിട്ടുളള നവോദയ പോലുള്ള സംഘടനകളുടെ സമ്മേളന സ്ഥലങ്ങളും വേദികളും അലങ്കരിക്കുന്നതിന് ഒരുക്കിയ പല നിർമ്മിതികളും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്.

photo:instagram/mcsajesh
photo:instagram/mcsajesh

 

∙ വര വന്നവഴി- ചെറിയ കടലാസിൽ നിന്നും വലിയ ബോർഡുകളിലേക്ക് ബ്രഷ് ചലിപ്പിക്കുന്ന വിദ്യാർഥി കാലം.

 

photo:instagram/mcsajesh
photo:instagram/mcsajesh

ബാല്യത്തിൽ കോറിയിട്ടു തുടങ്ങിയ  സജേഷിന്റെ കഴിവ് മനസിലാക്കിയ അധ്യാപകർ  സ്കൂൾ യുവജനോത്സവ മൽസരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകി. പെൻസിൽ,കളർ ഡ്രോയിങ്,ക്ലേ മോഡലിങ് എന്നിവയിൽ പഠനകാലത്ത് തുടർച്ചയായി സമ്മാനം നേടിയിരുന്നു. സ്കൂൾ പഠനകാലത്ത് കമ്പംകയറിയ  ചിത്ര രചന കൂടുതൽ ഗൗരവമായെടുത്തത് വീട്ടിലെ പ്രാരാബ്ധങ്ങളിൽ സ്വന്തം വരുമാനം കണ്ടെത്താനുമായിരുന്നുവെന്ന് സജീഷ് പറയുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്ന അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.  സ്കൂളിലും കോളജിലൊക്കെ പഠിക്കുന്നവരുടെയൊക്കെ റെക്കോർഡുകൾ  വരച്ചു നൽകാൻ തുടങ്ങിയതോടെ പ്രതിഫലമായി ചെറിയവരുമാനം ലഭിക്കുമായിരുന്നു.

 

എങ്കിലും  ചിത്രരചനയുടെ കൂടുതൽ സാങ്കേതികത്വങ്ങൾ പഠിക്കാനായി നാട്ടിലെ അറിയപ്പെടുന്ന പരസ്യ, ചിത്രരചയിതാവായ രാജൻമാഷിന് ഒപ്പം കൂടി. ചെറിയ ഫോട്ടോയിൽ നിന്നും വലിയ ഹോർഡിങ്ങുകളിലേക്ക് പടം പകർത്തുന്നതടക്കം പഠിച്ചെടുക്കാനായി. നാട്ടിലെ ഷാർപ്പ് എന്ന പേരിലറിയപ്പെടുന്ന പ്രഫഷനൽ വരപ്പുകാരുടെ സംഘത്തിലേക്ക് പതിയെ എത്തപ്പെട്ടു.   ഗ്രിഡ് ലൈനുകളിട്ട് ഇനാമൽ പെയിൻറിൽ വലിയ താരങ്ങളുടെ പടങ്ങൾ പകർത്തി വരച്ചു നടന്ന കാലം. ഒപ്പം ബാനറുകളും , പരസ്യബോർഡുകളും ചുമർപരസ്യങ്ങളുമായി ഉലകം ചുറ്റി. വിദ്യാഭ്യാസകാലത്ത് രാത്രിയും പകലും, വേനലും ചൂടുമൊന്നും നോക്കാതെ പരസ്യങ്ങൾ വരച്ചും എഴുതിയുമൊക്കെ  വരുമാനം കണ്ടെത്താനായുള്ള പരക്കം പാച്ചിലായിരുന്നു. വമ്പൻ പരസ്യബോർഡുകളൊക്കെ വരച്ചു തീർക്കുമ്പോൾ തൻറെ അലച്ചിലിനും കഷ്ടപ്പാടുകൾക്കും  തക്ക പ്രതിഫലം കിട്ടാറില്ലായിരുന്നു. എങ്കിലും പൂർത്തീകരിച്ച പടുകൂറ്റൻ ബോർഡുകളിൽ താൻ വരച്ച താരങ്ങളുടെയൊക്കെ വലിയ പടങ്ങൾ നഗരമധ്യങ്ങളിൽ ആകാശം മുട്ടെ ഉയരത്തിൽ നിൽക്കുന്നത് കാണുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി പ്രതിഫലത്തേക്കാൾ വലുതായിരുന്നു. അത്തരം ചിത്രങ്ങൾ നൽകിയ ആത്മവിശ്വാസം കൂടുതൽ വേറിട്ട ചിത്രങ്ങൾ  വരക്കാൻ  ആവേശം നൽകുകയായിരുന്നു.

photo:instagram/mcsajesh
photo:instagram/mcsajesh

 

photo:instagram/mcsajesh
photo:instagram/mcsajesh

∙ ഇനിയൊന്നു മാറ്റിപ്പിടിക്കാം- ബ്രഷിൽ നിന്നും  തെർമോകോളിലും പാഴ് വസ്തുകളിലും കലാരൂപങ്ങൾ  മെനഞ്ഞു.

 

photo:instagram/mcsajesh
photo:instagram/mcsajesh

പരസ്യ രംഗത്ത് വരച്ചും എഴുതിയും നടക്കുന്നുവെങ്കിലും സജേഷ് വേറിട്ട വഴി കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് തെർമ്മോകോളുകളിൽ ശിൽപ്പങ്ങളും  കലാരൂപ മാതൃകളുമൊക്കെ പരീക്ഷിക്കാൻ തുടങ്ങി.നിറപറയും, നിലവിളക്കും, പൂക്കളും ചെടികളുമൊക്കെ പരീക്ഷിച്ചത് വേറിട്ടരീതിയിലായിന്നു. തെർമോക്കോളിലാണെന്നു കണ്ടുപിടിക്കാനാവാത്ത വിധം യാഥാർത്ഥ രൂപഭംഗിയിൽ നിർമ്മിച്ചു നിറം നൽകിയതിന് സ്വീകാര്യതയേറിയതോടെ കൂടുതൽ വലിയ മാതൃകകളിലേക്ക് തിരിഞ്ഞു. പാർട്ടി സമ്മേളനവേദികളിലൊക്കെ നിർമ്മിച്ച മുൻമുഖ്യമന്ത്രി ഇ.കെ. നായനാരടക്കമുളള കണ്ണൂരിലെ ഇടതു പക്ഷ ജനപ്രിയ നേതാക്കളുടെ മുഖങ്ങൾ ഒരുക്കി നൽകിയിരുന്നു.

 

കല്യാണമണ്ഡപങ്ങളും സാംസ്കാരിക വേദികളും സജേഷിന്റെ  കരവിരുതിൽ കൂടുതൽ അലങ്കരിക്കാൻ  അവസരങ്ങൾ വന്നുവെങ്കിലും ജീവിത ചെലവുകൾ പ്രതിബന്ധമാവുകയായിരുന്നു. സമ്മേളനവേദികളിലൊക്കെ തെർമ്മോകോളിൽ നിർമ്മിച്ച ജനപ്രിയ നേതാക്കളുടെ മുഖങ്ങൾ ഒരുക്കി നൽകിയിരുന്നതൊക്കെ ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു.അവസരങ്ങൾ കൈവന്നിട്ടും സാമ്പത്തിക പ്രാരാബ്ദങ്ങളാൽ  നാട്ടിൽ നടന്ന പല  ചിത്ര പ്രദർശന മേളകളിൽ ഒന്നിലും പങ്കെടുക്കാനാവാത്തതും നഷ്ടബോധത്തോടെ ഓർക്കുന്നുണ്ട്.

 

∙ ജീവിതവഴിയിൽ സൗദിയിലും തുടരുന്ന ഇഷ്ടവിനോദം.

 

വിദ്യാഭ്യാസം പൂർത്തീകരിച്ചുവെങ്കിലും ചിത്രരചനയും മറ്റുമായി തുടരുന്നത് ജീവിതം പച്ചപിടിക്കില്ലെന്ന തിരിച്ചറിവിൽ സുഹൃത്തിന്റെ സഹായത്തിൽ സൌദിയിലെത്തി.ജോലിക്കിടയിലും വീണുകിട്ടുന്ന സമയത്തൊക്കെ മുന്നിൽകണ്ടതൊക്കെ വരച്ചു കൂട്ടി. പെൻസിൽ ഡ്രോയിങ് ആയിരുന്നു ജോലിക്കിടയിൽ എറ്റവും സൗകര്യവും എളുപ്പത്തിൽ തീർക്കാനാവുമായിരുന്നതും.  ഏറ്റവും അടുത്ത കൂട്ടുകാരുടെ ജൻമദിനങ്ങളിലും വിവാഹവാർഷികമടക്കമുള്ള വിശേഷ ദിവസങ്ങളിൽ സജേഷ് പെൻസിലിൽ അവരുടെയൊക്കെ മുഖചിത്രം എ4 പേപ്പറിൽ വരച്ചത് സമ്മാനമായി നൽകി.  

 

സ്വയം വരച്ച ചിത്രമാണെന്നു പറഞ്ഞിട്ടും അവിശ്വസനീയമാണെന്നും സജേഷ് എന്ന ചിത്രകാരനെ മനസിലാക്കാതെ ചില കൂട്ടുകാരൊക്കെ   പറഞ്ഞ അനുഭവമുണ്ട്. പിന്നീട് അവരൊക്കെ സജേഷിന്റെ കഴിവ് തിരിച്ചറിഞ്ഞതോടെ വിവിധ സംഘടനകൾക്കായും , വ്യക്തികൾക്കായുമൊക്കെ ചിത്രം വരക്കാനും, ശിൽപ്പങ്ങളൊരുക്കാനും വേദികളും മറ്റും രൂപകൽപ്പന ചെയ്യുന്നതിനും ഏറെ അവസരങ്ങൾ തേടിയെത്തി.സൌദി നവോദയ സാംസ്കാരിക വേദി സെൻട്രൽ കമ്മറ്റിയുടെ വേദി പൂർണ്ണമായും ഡിസൈൻ ചെയ്യാനുള്ള ദൌത്യം സജേഷിനെ പാർട്ടി ഏൽപ്പിച്ചു.ദമാമിൽ നടന്ന ലിറ്റ്  ഫെസ്റ്റിൽ പങ്കെടുത്ത് ചിത്രപ്രദർശനം നടത്തി. ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി രൂപകൽപ്പന ചെയ്ത് തെർമ്മോക്കോളിൽ നാലുമുഖങ്ങളിൽ  നിർമ്മിച്ച ശിൽപ്പം ഏറെ പ്രശംസപിടിച്ചുപറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ,എം.വി. ജയരാജൻ,എ.എ.റഹിം എംപി, സിനിമാതാരങ്ങളായ റിമാ കല്ലുങ്കൽ, ഫഹദ് ഫാസിൽ, നസ്രിയ തുടങ്ങിയവരടക്കം നിരവധിപേർക്ക് സജേഷ് നേരിട്ട് ചിത്രം നൽകിയിട്ടുണ്ട്.

 

എല്ലാത്തരം സങ്കേതങ്ങളും ഉപയോഗിക്കുമെങ്കിലു പോർട്രയിറ്റുകൾ വരക്കാൻ ഇഷ്ടപ്പെടുന്നതിനു കാരണം കൺമുന്നിൽ കാണുന്നത് അതേപോലെ തന്നെ വരക്കുമ്പോൾ എല്ലാവർക്കും സന്തോഷം നൽകുന്നുവെന്നതാണെന്ന് സജേഷ് പറയുന്നു.

സൗദി ജുബൈലിൽ ബെറി ഗ്യാസ് പ്ലാൻറിൽ ക്വാളിറ്റി കൺട്രോൾ മാനേജരായി ജോലി നോക്കുകയാണ് സജീഷ്.

ഭാര്യ ഷനില, മകൻ തേജ്,വേദ് എന്നിവരടങ്ങുന്ന കുടുംബവും സജീഷിൻറെ കലാപ്രവർത്തനങ്ങൾക്ക് താങ്ങും തണലും നൽകുന്നു.

 

 

 

English Summary:  Expats Pencil drawing

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com