മോട്ടോ ജിപി; ഏര്‍ലി ബേര്‍ഡ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കം
Mail This Article
ദോഹ∙ നവംബറിൽ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന 22-ാമത് മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണാനുള്ള ഏർലി ബേർഡ് ടിക്കറ്റ് വിൽപന തുടങ്ങി.
2 ഘട്ടങ്ങളായുള്ള വിൽപനയുടെ ആദ്യ ഘട്ടമാണിത്. നവംബർ 17 മുതൽ 19 വരെയാണ് മോട്ടോ ജിപി. രാത്രിയിലാണ് മത്സരങ്ങൾ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 3 ദിവസത്തെ മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ ജനറൽ അഡ്മിഷൻ ടിക്കറ്റുള്ള മുതിർന്ന ഒരാൾഒപ്പമുണ്ടാകണം. ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ കുട്ടികൾക്കുള്ള സീറ്റും ബുക്ക് ചെയ്യാം.
സീസണിൽ ആദ്യമായി സ്പ്രിന്റ് റേസ് സാറ്റർഡേ ആണ് ഈ വർഷത്തെ സവിശേഷത. റൈഡർമാരുടെ വാശിയേറിയ പോരാട്ടമാണിത്. ഖത്തർ മോട്ടർ ആൻഡ് മോട്ടർസൈക്കിൾ ഫെഡറേഷൻ ആണ് സംഘാടകർ. കഴിഞ്ഞ 21 എഡിഷനുകൾക്കും ഖത്തറാണ് വേദിയൊരുക്കിയത്. മോട്ടോ ജിപിയോട് അനുബന്ധിച്ച് ആരാധകർക്കായി വിനോദ പരിപാടികളും ഉണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലുസെയ്ൽ സർക്യൂട്ടിലാണ് ഇത്തവണത്തെ ഗ്രാൻഡ് പ്രി അരങ്ങേറുന്നത്. ഗ്രാൻഡ്സ്റ്റാ ൻഡുകളുടെ ശേഷി വർധിപ്പിച്ചും കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ സജ്ജമാക്കിയുമാണ് നവീകരണം. സർക്യൂട്ടിന്റെ പരിസരപ്രദേശങ്ങളിലെ റോഡുകളും നവീകരിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്, വിഭാഗങ്ങൾ
മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ജനറൽ അഡ്മിഷൻ (ലുസെയ്ൽ ഹിൽ), ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. 3 ദിവസത്തെ മത്സരങ്ങൾ കാണാനോ അല്ലെങ്കിൽ ഒറ്റ ദിവസത്തെ മാത്രമായോ ടിക്കറ്റ് എടുക്കാം. ആദ്യ ഘട്ട വിൽപനയിൽ 20 ശതമാനം ഇളവ് ലഭിക്കും. 3 ദിവസത്തെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് മെയിൻ ഗ്രാൻഡ് സ്റ്റാൻഡ് വിഭാഗത്തിൽ ഒരാൾക്ക് 320 റിയാൽ, ജനറൽ അഡ്മിഷൻ വിഭാഗത്തിൽ 160 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഒറ്റ ദിവസത്തേക്കുള്ള മത്സരം കാണാൻ ജനറൽ അഡ്മിഷൻ വിഭാഗത്തിൽ മുതിർന്ന ഒരാൾക്ക് 40, 80, 120 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഈ വിഭാഗത്തിൽ ഒരാൾക്ക് 12 വയസ്സിൽ താഴെയുള്ളവർക്കായി 6 ടിക്കറ്റ് വരെ സൗജന്യമായി ബുക്ക് ചെയ്യാം. ടിക്കറ്റുകൾക്ക്: https://tickets.lcsc.qa/content
English Summary: Ticket sales started for Qatar grand prix motogp