കുവൈത്ത് തീപിടിത്തം: സംഭവം പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 6 നില കെട്ടിടത്തിന് തീപിടിച്ച് 40 പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്–4) കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്ന് പുലർച്ചെ നാലിനായിരുന്നു അഗ്നിബാധ. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, മുബാറക് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
കമ്പനി സ്പോൺസറുടെ ഉടസ്ഥതയിലുള്ള 6 നില കെട്ടിടത്തിൽ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താമസക്കാരിൽ മലയാളികൾ അടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. പുലർച്ച നല്ല ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ അഗ്നിബാധ ദുരന്തത്തിന്റെ വ്യാപ്തികൂട്ടി.
കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടി എഴുന്നേറ്റ പലരും പ്രാണ രക്ഷാർഥം കെട്ടിടത്തിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. ഇങ്ങനെ എടുത്തു ചാടിയവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.