കുറ്റവാളികൾ ഒളിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തുന്ന യുഎഇയിലെ മലയാളി; വെല്ലുവിളികൾ ത്രില്ലടിപ്പിക്കുന്ന ജീവിതം
Mail This Article
ദുബായ് ∙ കേരളത്തെ ഞെട്ടിച്ച കരിക്കിൻവില്ല കൊലക്കേസും പ്രവാസ ലോകത്തെ അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ധൻ അബി ജോസഫും തമ്മിലെന്താണ് ബന്ധം? ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിന്റെ തിരോധാനം ഇദ്ദേഹത്തെ എങ്ങനെ സ്വാധീനിച്ചു? സംശയിക്കേണ്ട, ബഹ്റൈൻ, യുഎഇ പൊലീസിന് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പ്രധാന സഹായം ചെയ്യുന്ന മലയാളി ഫോറൻസിക് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ഈ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യം ജനിപ്പിച്ചത് പിന്നീട് 'മദ്രാസിലെ മോൻ' എന്ന സിനിമയ്ക്ക് വരെ ആധാരമായ കരിക്കിൻവില്ല കൊലക്കേസ് ആണ്.
1980 ഒക്ടോബർ 7 നായിരുന്നു കരിക്കിൻവില്ല കൊലക്കേസ്. പത്തനംതിട്ട തിരുവല്ല മീന്തലക്കരയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന കെ.സി. ജോർജ്, റേച്ചൽ ജോർജ് എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനടുത്തായിരുന്നു അബി ജോസഫിന്റെ വീട്. അന്നദ്ദേഹം ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും മറ്റും അടുത്തുകാണാൻ അബിയും കൂട്ടുകാരും അതീവ താത്പര്യംകാണിച്ചു. താൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ (1980) ദാരുണമായ നരഹത്യ കേസ് നാടിനെ മുഴുവൻ ഞെട്ടിച്ചപ്പോഴാണ് ഫോറൻസിക് സയൻസിൽ താൽപര്യമുണ്ടായതെന്ന് അബി ജോസഫ് പറഞ്ഞു. ടെലിവിഷനൊന്നുമില്ലാത്ത അക്കാലത്ത് മനോരമ പത്രമായിരുന്നു ആശ്രയം. കുറ്റാന്വേഷണത്തിൽ ഫോറൻസിക് തെളിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്ത്, രക്തംപുരണ്ട ഷൂസ് പ്രിന്റുകളും ചുരുണ്ട കറുത്ത മുടിയും പോലുള്ള സുപ്രധാന ഫോറൻസിക് തെളിവുകൾ ശേഖരിക്കാൻ അന്ന് പൊലീസിന് കഴിഞ്ഞു. ഈ തെളിവുകൾ അന്വേഷണത്തിൽ നിർണായകമായിരുന്നു. ഒടുവിൽ ഇരട്ടക്കൊലക്കേസിൽ ഉൾപ്പെട്ട ഒരു ആഫ്രിക്കൻ പ്രതിയെയും അവന്റെ സുഹൃത്തുക്കളെയും തിരിച്ചറിയുന്നതിലേയ്ക്ക് പൊലീസിനെ നയിച്ചു.
∙ ചാക്കോ വധക്കേസ്; സുകുമാരക്കുറുപ്പ് ഇപ്പോഴും ഒളിവിൽ
തന്നെ കുഴക്കിയ മറ്റൊരു ശ്രദ്ധേയമായ സംഭവം ഹൈസ്കൂൾ (1984) പൂർത്തിയാക്കുന്ന സമയത്തായിരുന്നുവെന്ന് അബി ജോസഫ് പറയുന്നു–സിനിമാ റെപ്രസന്റിറ്റീവ് ചാക്കോ വധക്കേസ് (അടുത്ത കാലത്ത് ഈ സംഭവം കുറുപ്പ് എന്ന സിനിമയായി) . ആകസ്മികമായ കാർ തീപ്പിടിത്ത മരണമായി ചിത്രീകരിക്കപ്പെട്ട നരഹത്യ കേസ്. സംശയാസ്പദമായ സൂചനകൾ ഫോറൻസിക് സംഘം കണ്ടെത്തിയില്ലെങ്കിൽ ഈ ആസൂത്രിത ക്രൂരകൃത്യം വെളിച്ചത്ത് വരില്ലായിരുന്നു. രണ്ട് കേസുകളും എന്റെ വീടിന്റെ 9 കിലോമീറ്റർ ചുറ്റളവിൽ നടന്നതായിരുന്നുവെന്നത് കൗതകം ജനിപ്പിച്ചു. രണ്ട് കേസുകളും ഫോറൻസിക് രംഗത്തോടുള്ള എന്റെ അഭിനിവേശത്തിന് കാരണമായി. അങ്ങനെ ഫോറൻസിക് സയൻസ് എന്റെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ബയോളജിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം അബി ജോസഫ് ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി. അക്കാലത്ത് വളരെ പരിമിതമായ സീറ്റുകളുള്ള ഫോറൻസിക് സയൻസിൽ മാസ്റ്റേഴ്സ് പ്രോഗ്രാം ഉണ്ടായിരുന്നത് രണ്ട് സർവകലാശാലകളിൽ മാത്രമാണ്. അവിടെ പ്രവേശനം നേടുന്നത് ബുദ്ധിമുട്ടായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഫോറൻസിക് സയൻസ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് കേരളത്തിൽ നിന്ന് അംഗീകരിക്കപ്പെട്ട ഏക വിദ്യാർഥിയായത് ഭാഗ്യം. അക്കാലത്ത് എല്ലാവരാലും സ്വീകാര്യമായതോ പരക്കെ പ്രിയമായതോ ആയ ഒരു വിഷയം പിന്തുടരാനുള്ള എന്റെ തീരുമാനത്തെ എന്റെ ബന്ധുക്കളും പൂർണമായി പിന്തുണച്ചില്ല. എന്നാൽ അച്ഛൻ കൂടെ നിന്നതോടെ ഞാനെന്റെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്ര തുടർന്നു. നിലവിൽ ദുബായ് അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഫോറൻസിക് സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കുകയാണ് ജോസഫ്. ഫോറൻസിക് സയൻസിലും അധ്യാപനത്തിലും 25 വർഷത്തെ പ്രായോഗിക പരിചയമുള്ള പ്രഫഷനൽ ഫോറൻസിക് ഡിഎൻഎ വിദഗ്ധനും കൺസൾട്ടന്റുമാണ്.
∙ബഹ്റൈൻ, അബുദാബി പൊലീസിന് ഒരു കൈ സഹായം
അമിറ്റി യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസ് ഫാക്കൽറ്റിയായി ചേരുന്നതിന് മുൻപ്, അബുദാബി, ബഹ്‌റൈൻ പൊലീസ്, നീതിന്യായ മന്ത്രാലയം എന്നിവയിൽ ഏകദേശം 23 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. 1995ലായിരുന്നു ബഹ്റൈനിലെത്തിയത്. 2012 മുതൽ അബുദാബി പൊലീസിൽ ജോലി ചെയ്തു. യുഎഇയിൽ നടന്ന ഒട്ടേറെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഇദ്ദേഹത്തിൻ്റെ വൈദഗ്ധ്യം തുണയായി.
യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ ലൈസൻസുള്ള മോളിക്യുലർ ബയോളജിസ്റ്റ്, യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിലെ എമിറേറ്റ്സ് നാഷണൽ അക്രഡിറ്റേഷൻ സർവീസിന്റെ ഫോറൻസിക് ഓഡിറ്റർ, യുകെയിലെ ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫോറൻസിക് സയൻസിലെ പ്രഫഷനൽ അംഗം, യൂറോപ്യൻ ഓണററി ഫെലോ. സൊസൈറ്റി ഫോർ ഫോറൻസിക് സയൻസ്, ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് അസോസിയേഷന്റെ (ഐസിഎഫ്എസ്എ) സയന്റിഫിക് അഡ്വൈസറും ദക്ഷിണാഫ്രിക്കയിലെ വൈൽഡ് ലൈഫ് ഫോറൻസിക് അക്കാദമിയുടെ അംബാസഡറുമാണ്.
∙ കൊല, ലൈംഗികാതിക്രമങ്ങൾ, ദുരന്തങ്ങൾ, സ്ഫോടനക്കേസുകൾ
തന്റെ പ്രഫഷനൽ ജീവിതത്തിനിടയിൽ അബി ജോസഫ് ഒട്ടേറെ പ്രമാദമായ കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ദുരന്തങ്ങൾ, സ്ഫോടനക്കേസുകൾ എന്നിവ അന്വേഷിച്ചു. ദുരന്തബാധിതരെ തിരിച്ചറിയൽ, സ്ഫോടനത്തിനു ശേഷമുള്ള ടച്ച് ഡിഎൻഎ വിശകലനം, മിക്സഡ് ഡിഎൻഎ വ്യാഖ്യാനം എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു. ലബോറട്ടറി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റങ്ങളിലും ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ അക്രഡിറ്റേഷനിലും ക്രൈം സീൻ ഇൻവെസ്റ്റിഗേഷനിലും അനുഭവപരിചയമേറെ. സുസ്ഥിര ഫോറൻസിക് ഇന്റലിജൻസ് സൊല്യൂഷനുകളും തീവ്രവാദ വിരുദ്ധ സാങ്കേതികവിദ്യകളും അബി ജോസഫിന്റെ ഇഷ്ട വിഷയങ്ങളാണ്. ശാസ്ത്രജ്ഞർ, പൊലീസ്, നീതിന്യായ ഉദ്യോഗസ്ഥർ, വിദ്യാഥികൾ എന്നിവർക്ക് പരിശീലനവും കൺസൾട്ടേഷനും നൽകുന്നു. രാജ്യാന്തര ഫോറൻസിക് സയൻസ്, ലോ കോൺഫറൻസുകളിൽ പതിവായി പ്രസംഗിക്കുകയും ക്ലാസെടുക്കുകയും ചെയ്യാറുണ്ട്.
∙ ഫോറൻസിക് അധ്യാപകൻ എന്ന വെല്ലുവിളി
ഓരോ റോളിനും അതിന്റേതായ വെല്ലുവിളികളുണ്ട്, വെല്ലുവിളികളില്ലാത്ത ജീവിതം നിശ്ചലമാണെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിൽ ത്രില്ലില്ലാതെ ഒന്നും നടക്കില്ല. ബഹ്‌റൈനിലെയും യുഎഇയിലെയും നാലോ അഞ്ചോ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്‌മെൻ്റുകളിലെ വ്യത്യസ്ത റോളുകളിലെ രണ്ട് ദശാബ്ദക്കാലത്തെ അനുഭവം ഫോറൻസിക് ഡൊമെയ്‌നിലെ ഏത് വിഭാഗത്തിലും പുതിയ റോളുകളിലേക്ക് മാറാൻ എന്നെ സഹായിച്ചു. ഞാൻ ഒരു ലാബ് ടെക്നീഷ്യനായി എന്റെ കരിയർ ആരംഭിച്ചു ഫോറൻസിക് ശാസ്ത്രജ്ഞൻ, വിദഗ്ദ്ധൻ, കൺസൾട്ടന്റ് എന്നീ നിലകളിൽ പുരോഗതി പ്രാപിച്ചു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പങ്കാളികളുമായി പ്രവർത്തിക്കാൻ വ്യത്യസ്ത റോളുകൾ സഹായിച്ചു. ഫോറൻസിക് ശാഖകൾ പര്യവേക്ഷണം ചെയ്യാൻ സാധിച്ചു. കൂടാതെ ലോകത്തെങ്ങുമുള്ള വിവിധ കുറ്റകൃത്യങ്ങൾ, അന്വേഷണ തന്ത്രങ്ങൾ, ഫോറൻസിക് കഴിവുകൾ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ മാനദണ്ഡമാക്കാനുള്ള അവസരങ്ങൾ ലഭിച്ചു. വിഷയ വൈദഗ്ധ്യം എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാന ഇന്ധനമാണ്. അധ്യാപനത്തിൽ പ്രത്യേകിച്ച് അക്കാദമിക് ഫോറൻസിക് നിലവാരം രൂപകൽപന ചെയ്യുന്നതിലും ഫോറൻസിക് അച്ചടക്കത്തിലെ തൊഴിലിന് ആവശ്യമായ കഴിവുകളും അവബോധവും വികസിപ്പിക്കുന്നതിലും പങ്കാളിയായി.
ക്രൈം സീൻ സമഗ്രതയുടെ പ്രാധാന്യത്തെക്കുറിച്ചും തെളിവുകൾ നഷ്ടപ്പെടുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഫീൽഡ് എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ചും അടിസ്ഥാന ധാരണ നൽകുന്ന കോഴ്‌സുകളും ശിൽപശാലകളും അദ്ദേഹം രൂപകൽപന ചെയ്യുന്നു. ക്രൈം സീൻ അന്വേഷണങ്ങളിലെ ഡോക്യുമെന്റെഷന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന സെഷനുകൾ നടത്തുന്നുമുണ്ട്.
∙ യുഎഇയിൽ ഫോറൻസിക് നടപടി വ്യാപകം
ഫോറൻസിക് ബയോളജിസ്റ്റും ഡിഎൻഎ ഗവേഷകനും എന്ന നിലയിൽ യുഎഇയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഫോറൻസിക് ബയോളജിയുടെയും ഡിഎൻഎ വിശകലനത്തിന്റെയും ഭാവിയും വ്യാപ്തിയും തിരിച്ചറിഞ്ഞയാളാണ് അബി ജോസഫ്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഫോറൻസിക് ഡിഎൻഎ വിശകലനം പുരോഗമിക്കുകയും കൂടുതൽ സെൻസിറ്റീവ് ആകുകയും ചെയ്തതായി അദ്ദേഹം പറയുന്നു. ചെറിയ കുറ്റകൃത്യങ്ങളിൽ പോലും ഫോറൻസിക് ഡിഎൻഎ എസ്ടിആർ വിശകലനം യുഎഇയിൽ ഒരു പതിവ് നടപടിക്രമമായി മാറിയിരിക്കുന്നു.
യുഎഇയിലെഅനുഭവം അനുസരിച്ച് ഫോറൻസിക് ലാബുകൾ അവരുടെ ഏതെങ്കിലും ഫോറൻസിക് സയൻസ് സേവനങ്ങളിലെ ഗുണനിലവാര ഉറപ്പ്, നിയന്ത്രണ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വളരെ സൂക്ഷ്മത പുലർത്തുന്നു. ഫോറൻസിക് സയൻസ് സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിൽ അവർ ജാഗരൂകരാണ്. യുഎഇയിലെ ഫോറൻസിക് ക്രൈം, ഡേറ്റാബേസ് ഡിഎൻഎ ലബോറട്ടറികൾ െഎഎസ്ഒ അംഗീകൃതം മാത്രമല്ല, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുകളും െഎഎസ്ഒ അംഗീകാരം നേടിയിട്ടുണ്ട്. തെളിവുകളുടെ സമഗ്രത ഉറപ്പാക്കാൻ രണ്ട് വകുപ്പുകളും പതിവായി ഗുണനിലവാര വിലയിരുത്തലിന് വിധേയമാണ്. യുഎഇ ലാബുകളുടെ മറ്റൊരു പ്രധാന നേട്ടം തെളിവ് വിശകലനത്തിലെ അവയുടെ വേഗമാണ്. അവർക്ക് തെളിവ് വിശകലനത്തിന് കർശനമായ സമയപരിധി ഉണ്ട്. ഇത് ഹൈടെക് അത്യാധുനിക ഫോറൻസിക് സൗകര്യങ്ങളിൽ റോബോട്ടിക് വർക്ക്സ്റ്റേഷനുകളുള്ള സംയോജിത ലബോറട്ടറി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റങ്ങളെ പിന്തുണയ്‌ക്കുന്നു. അത്തരം പിന്തുണാ സംവിധാനങ്ങളും ഓട്ടോമേറ്റഡ് പ്രോസസിങ്ങും സാമ്പിൾ കൈകാര്യം ചെയ്യുന്നതിൽ പിശകുകൾ കുറയ്ക്കുകയും തെളിവുകളുടെ പ്രോസസ്സിങ്ങിന്റെ വേഗം വർധിപ്പിക്കുകയും ചെയ്തു. ഫോറൻസിക് ഡിഎൻഎ വിശകലന സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ, എസ്എൻപി, എംടിഡിഎൻഎ, വംശപരമ്പര, ഫിനോടൈപ്പ് തുടങ്ങിയ കൂടുതൽ മനുഷ്യ ജീനോമിക് വിവരങ്ങൾ സൃഷ്ടിക്കുന്നതിന് ഏതാനും രാജ്യങ്ങളിലെ നിയമ നിർവഹണ സ്ഥാപനങ്ങൾ റാപ്പിഡ് ഡിഎൻഎ സാങ്കേതികവിദ്യ, എൻജിഎസ്, നിലവിലെ ഫോറൻസിക് ഡിഎൻഎ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകളെല്ലാം പ്രയോജനകരമാണ് എന്നതിൽ സംശയമില്ല.
∙ ഭരണാധികാരികളുടെയും രാജ്യത്തിന്റെയും പിന്തുണ നിസ്തുലം
തന്റെ ജീവിത വിജയത്തിന് പിന്നിൽ ബഹ്റൈനിലെയും യുഎഇയിലെയും ഭരണാധികാരികളുടെ പൂർണ പിന്തുണയും ദീർഘവീക്ഷണവുമാണെന്ന് അബി ജോസഫ് പറയുന്നു. 2018ലായിരുന്നു ഇദ്ദേഹം അമിറ്റി യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഇതിനിടയിലും ജിഷ കൊലക്കേസ് പോലുള്ള പ്രമാദ കേസുകളിൽ അധികൃതരുടെ ആവശ്യപ്രകാരം തന്റെ വൈദഗ്ധ്യം ഉപയോഗിച്ചിട്ടുണ്ട്. ബഹ്റൈനിലെയും യുഎഇയിലെയും ഫോറൻസിക് രംഗത്ത് എെഎ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഇന്ത്യയിലും അതുപോലെ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നാണ് അബി ജോസഫിന്റെ അഭിപ്രായം. ഭാര്യ അനില, മക്കളായ അതുല്യ, അഖില, നിഖില എന്നിവരുടെ പൂർണപിന്തുണയാണ് ഇതുവരെയുള്ള ജീവിത മുന്നേറ്റത്തിന് പ്രധാന കാരണമെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
ഇദ്ദേഹത്തിൻ്റെ പിതാവ് പരേതനായ അയിരൂക്കുഴിയിൽ ജോസഫ് ബേബി ഇന്ത്യൻ സൈന്യത്തിന് വേണ്ടി സേവനം ചെയ്തയാളാണ്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബോട്ട് മുങ്ങി മരണത്തോട് മല്ലടിച്ച 2 പേരിൽ ഒരാളെ ഇദ്ദേഹം രക്ഷപ്പെടുത്തിയതിന് ശൗര്യചക്ര പുരസ്കാരവും നേടിയിട്ടുണ്ട്. മാതാവ് പരേതയായ എലിസബത് ജോസഫ് അധ്യാപികയായിരുന്നു