ലഹരിമരുന്ന് വേട്ട ശക്തമാക്കി സൗദി; പിടിയിലായത് വിദേശികളടക്കം 750 പേർ
Mail This Article
റിയാദ്∙ സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. കുറഞ്ഞ ദിവസത്തിനിടെ സേനയുടെ പിടിയിലായത് 750 പേർ. 456 എത്യോപ്യക്കാരും 269 യെമനികളും ഒരു സോമാലിയക്കാരനും ഒരു ശ്രീലങ്കക്കാരനും 23 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങളായ തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സംഘം കടത്താന്‍ ശ്രമിച്ച 939 കിലോ ഹഷീഷും 3,73,908 ലഹരി ഗുളികകളും 103 ടണ്‍ ഖാത്തും സൈന്യം പിടികൂടി.
ലഹരിമരുന്ന് കടത്തുന്നവർക്ക് ശക്തമായ ശിക്ഷയാണ് സൗദി അറേബ്യ നൽകുന്നത്. ഏറ്റവും ഒടുവിൽ മക്ക പ്രവിശ്യയിൽ ലഹരിമരുന്ന് കടത്തിയ കേസിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സ്വീകരിച്ച സൗദി പൗരൻ ഹസ്സാഅ് ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍സ്വാഇദി അല്‍ഹര്‍ബിക്കാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. സൗദിയിൽ വധശിക്ഷ നടപ്പാക്കുന്ന കേസുകളിൽ അധികവും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ്.
ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു