സ്വർണം കലർന്ന കാപ്പിക്കും ഐസ്ക്രീമിനും കൂടി ഒന്നര ലക്ഷത്തിലേറെ രൂപ വില; ദുബായിലെ ഇന്ത്യക്കാരിയുടെ ‘രാജകീയ മെനു’ ഹിറ്റ്
Mail This Article
ദുബായ് ∙ ഒരു കപ്പ് കാപ്പിക്കും രണ്ട് സ്‌കൂപ് ഐസ്ക്രീമിനും നാല് ഗോൾഡ് ക്രൊസന്‍റിനും കൂടി ആകെ ഒന്നര ലക്ഷത്തിലേറെ രൂപ (6,600 ദിർഹം)!. പക്ഷേ, മൂന്നും സ്വർണം കലർന്ന വിഭവങ്ങളാണെങ്കിലോ?. ദുബായിൽ പുതുതായി ഇന്ത്യക്കാരിയുടെ ഉടമസ്ഥതയിൽ തുറന്ന ഒരു കഫേയാണ് സ്വർണം കലർന്ന വിഭവങ്ങൾക്ക് ഖ്യാതി പരത്തിയിരിക്കുന്നത്. രാജകീയ മെനുവിൽ നിന്ന് ആദ്യത്തെ സേവനം സ്വന്തമാക്കിയ യൂറോപ്യൻ ഉപഭോക്താവാണ് ഇത്രവലിയ സംഖ്യം നൽകി കാപ്പിയും ഐസ്ക്രീമും ക്രോസന്‍റും നുണഞ്ഞത്.
കഴിഞ്ഞ മാസം ഡിഐഎഫ്‌സിയുടെ എമിറേറ്റ്‌സ് ഫിനാൻഷ്യൽ ടവറിൽ തുറന്ന ബോഹോ കഫേയിലെത്തിയ യൂറോപ്യൻ ടൂറിസ്റ്റ് ആഡംബര ഓഫറുകളിൽ മുഴുകിപ്പോയതാണ്. ഉപഭോക്താവ് ഗോൾഡ് സോവനീർ കോഫി, നാല് ഗോൾഡ് ക്രോയ്സന്‍റ്, രണ്ട് സ്‌കൂപ്പ് ഗോൾഡ് വനില ഐസ്‌ക്രീം എന്നിവ ഓർഡർ ചെയ്തു, ബില്ല് വന്നപ്പോൾ തുക 6,600 ദിർഹം!. വിശദമായ ബില്ലിൽ കോഫിക്ക് 4,761.90 ദിർഹവും ക്രോയ്സൻ്റുകൾക്ക് 1,142.86 ദിർഹവും ഐസ് ക്രീമിന് 380.95 ദിർഹവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഫെ ആഡംബരവും താങ്ങാനാവുന്ന വിലയും നൽകുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് ബോഹോ കഫേ ഉടമ സുചേത ശർമ്മ പറയുന്നത്. ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കായി അസാധാരണമായ എന്തെങ്കിലും സൃഷ്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതേസമയം, സാധാരണക്കാരായ സമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്നുമില്ലെന്നും പറഞ്ഞു.
കഴിഞ്ഞ മാസം ആരംഭിച്ചതു മുതൽ കഫെ ഇരട്ട മെനുവിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. അതിൽ മിതമായ നിരക്കിൽ ഇന്ത്യൻ തെരുവു ഭക്ഷണം, ഗോൾഡ് കറക്ക് ചായ (ദിർഹം 150), ഗോൾഡ് വാട്ടർ (300 ദിർഹം), സ്വർണ സുവനീർ ചായ, കോഫി എന്നിവ ഉൾപ്പെടുന്നു.