മരുഭൂമിയിലെ റേസിനിടെ അപകടം: മലയാളി വ്ളോഗർക്ക് പരുക്ക്

Mail This Article
ദോഹ∙ മലയാളി യാത്രാ വ്‌ളോഗർ ദിൽഷാദ് യാത്രാ ടുഡേയ്ക്ക് ഓഫ് റോഡ് ബൈക്കിൽ നടത്തിയ റേസിനിടെ അപകടം. ബുധനാഴ്ച വൈകുന്നേരം ഖത്തറിലെ ഇൻലാൻഡ് മരുഭൂമിയിലാണ് അപകടം സംഭവിച്ചത്. പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ ഉടൻ തന്നെ ഹമദ് ആശുപത്രി എമർജൻസി വിഭാഗവുമായി ബന്ധപ്പെടുകയും ആംബുലൻസ് സേവനം ലഭ്യമാക്കുകയും ചെയ്തു.
പ്രാഥമിക ചികിത്സക്ക് ശേഷം എയർ ആംബുലൻസ് വഴി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി. ചൊവ്വാഴ്ച ഖത്തറിലെത്തിയ ദിൽഷാദ് തൃശൂർ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ഡെസേർട്ട് റേസിന് പുറപ്പെട്ടത്. മരുഭൂമിയിലെ റേസിനിടെ ബൈക്ക് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും വിവിധ രാജ്യങ്ങളിലും യാത്ര നടത്തിയ ദിൽഷാദ് സമൂഹ മാധ്യമത്തിൽ തന്റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ‘യാത്രാ ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ലോകമെങ്ങും നിരവധി ആരാധകരുള്ള ട്രാവൽ വ്‌ളോഗർ കൂടിയാണ് ദിൽഷാദ്.
പാറ മടക്കുള്ളിൽ താമസിക്കുന്ന സൗദിയിലെ ഗോത്ര വർഗക്കാരെക്കുറിച്ച് ദിൽഷാദ് ചെയ്ത വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം സ്വന്തം വാഹനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രക്കിടയിൽ കെനിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലായി 13 കിണറുകൾ കുഴിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഒരുക്കിയത് യാത്രക്കിടയിൽ വേറിട്ട അനുഭവമായി അദ്ദേഹം കുറിച്ചിരുന്നു. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് ദിൽഷാദ്.