ഷാർജയിലെ പ്രവാസിയുടെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്

Mail This Article
ഷാർജ∙ ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സിറിയൻ സ്വദേശിയുടെ കേസ് കൂടുതൽ അന്വേഷണത്തിന്. ജനുവരി 31 ന് അർധരാത്രി അൽ താവൂൻ ഏരിയയിലെ റെസിഡൻഷ്യൽ ടവറിൻ്റെ 14-ാം നിലയിൽ നിന്നാണ് 44 വയസ്സുകാരനായ എം.എ എന്നയാൾ വീണ് മരിച്ചത്. ഈ കേസ് കൂടുതൽ അന്വേഷണത്തിനായി ഷാർജ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അൽ ബുഹൈറ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സിഐഡി) നടത്തിയ അന്വേഷണത്തെത്തുടർന്ന് സംഭവം ആത്മഹത്യയാണെന്ന് അധികൃതർ നിർണയിച്ചിരുന്നു.
∙സംഭവം പൊലീസിലറിയിച്ചത് ഗ്രോസറി ജീവനക്കാരൻ
സംഭവം നടന്നയുടൻ സമീപത്തെ ഗ്രോസറി ജീവനക്കാരൻ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. അൽ ബുഹൈറ പൊലീസ്, സിഐഡി, ക്രൈം സീൻ യൂണിറ്റ്, നാഷണൽ ആംബുലൻസ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പൊലീസ് എമർജൻസി ടീം അഞ്ച് മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കാൻ മരണത്തിന് തൊട്ടുമുൻപ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. വീഴ്ചയിൽ തലയ്ക്ക് സാരമായ പരുക്കേറ്റിരുന്നതായി ആദ്യ പരിശോധനയിൽ കണ്ടെത്തി. കാലുകളിൽ നിന്ന് രക്തം വാർന്നിരുന്നു. ശരീരത്തിന്റെ മിക്ക ഭാഗത്തും പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു.