'ജീവിതത്തിന്റെ സമ്മാനം നൽകുക': അവയവദാന ക്യാംപെയ്ന് തുടക്കം

Mail This Article
ദോഹ ∙ 'ജീവിതത്തിന്റെ സമ്മാനം നൽകുക' എന്ന പ്രമേയത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്‌സ് ഫൗണ്ടേഷൻ (ALF), സിറ്റി സെന്റർ ദോഹ മാൾ എന്നിവയുമായി സഹകരിച്ച് രക്ത, അവയവദാന ക്യാംപെയിൻ ആരംഭിച്ചു. ആളുകളെ സ്വമേധയാ രക്തദാനത്തിനും അവയവദാനത്തിനുമായി പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സിറ്റി സെന്റർ ദോഹയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്‌സ് ഫൗണ്ടേഷന്റെ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി, ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് അസിസ്റ്റന്റ് മാനേജിങ് ഡയറക്ടർ അലി അൽ ജനാഹി, ഹമദ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഖാലിദ് അൽ ജൽഹാം, ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫിസർ ഹസ്സൻ മുഹമ്മദ് അൽ ഹെയ്ൽ, അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്‌സ് ഫൗണ്ടേഷൻ ജനറൽ മാനേജർ അബ്ദുല്ലത്തീഫ് അൽ യാഫി എന്നിവർ പങ്കെടുത്തു.
മാനുഷികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്ന എ. എൽ. എഫ്ന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ക്യാംപെയ്ന് സംഘടിപ്പിക്കുന്നതെന്നും ഇത് ഒരു ദേശീയ ഉത്തരവാദിത്ത നിർവഹണം കൂടിയാണെന്നും എ. എൽ. എഫ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി പറഞ്ഞു.
ഏഴ് പ്രധാന ഷോപ്പിങ് മാളുകളിൽ ഖത്തർ അവയവദാന കേന്ദ്രം ബോധവൽക്കരണ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എച്ച്എംസിയുടെ അവയവദാന കേന്ദ്രം (എച്ച്ഐബിഎ) ഡയറക്ടർ റിയാദ് ഫാദിൽ പറഞ്ഞു. അവയവങ്ങളുടെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും അവയവങ്ങൾ തകരാറിലായ രോഗികൾക്ക് ലഭ്യമായ ചികിത്സാ സൗകരൃങ്ങൾ എന്തൊക്കെയാണെന്നും സമൂഹത്തെ ബോധവൽകരിക്കുന്നതിനായി ഇവ പ്രവർത്തിക്കും.
ഖത്തറിൽ ഇതുവരെ 580,000 ൽ അധികം പേർ അവയവ ദാനത്തിനായി റജിസ്റ്റർ ചെയ്തതായും ഇത് രാജ്യത്തെ പ്രായപൂർത്തിയായവരുടെ ജനസംഖ്യയുടെ ഏകദേശം 28% ആണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വൃക്കരോഗികളായ ബന്ധുക്കൾക്ക് ജീവിച്ചിരിക്കുന്നവർ വൃക്ക നൽകുന്നതിന്റെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്., ഇത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 2024 ൽ 60 വൃക്ക മാറ്റിവയ്ക്കൽ, 12 കരൾ മാറ്റിവയ്ക്കൽ, ഒരു ശ്വാസകോശ മാറ്റിവയ്ക്കൽ എന്നിവ നടന്നു.
പുതിയവരായാലും സ്ഥിരം ദാതാക്കളായാലും രക്തം നൽകുക എന്ന മാനുഷിക സംരംഭത്തിൽ സജീവമായി പങ്കെടുക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിലപ്പെട്ട അവസരം ഈ ക്യാംപെയ്ന് ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ ഡയറക്ടർ ഡോ. സൽവ മുഹമ്മദ് അൽ ഖാമിസി പറഞ്ഞു.
അടിയന്തര കേസുകൾ, കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികൾ, ഗുരുതരമായ രക്തസ്രാവമോ ഗുരുതരമായ പ്ലേറ്റ്‌ലെറ്റ് കുറവോ അനുഭവിക്കുന്നവർ തുടങ്ങിയ തുടർച്ചയായി രക്തം ആവശ്യമുള്ള രോഗികളെ രക്ഷിക്കുന്നതിൽ പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പങ്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ ഈ വർഷത്തെ ക്യാംപെയ്ൻ പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.