പതിനൊന്നാം തവണയും ഹർജി മാറ്റിവച്ചു; അബ്ദുൽ റഹീമിന്റെ മോചനം നീളും

Mail This Article
റിയാദ് ∙ സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായി 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്, കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യത്തിൽ ഇന്നും കോടതി തീരുമാനമെടുത്തില്ല. ഇന്ന് (തിങ്കൾ) രാവിലെ കേസ് പരിഗണിച്ച റിയാദിലെ ക്രിമിനൽ കോടതി ഇത് പതിനൊന്നാം തവണയാണ് ഹർജിയിൽ തീരുമാനമെടുക്കുന്നത് മാറ്റിവെക്കുന്നത്. രാവിലെ 8ന് കോടതി നടപടികൾ ആരംഭിച്ചെങ്കിലും ഹർജിയിൽ തീരുമാനമെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ മുഖാന്തിരം കോടതി നടപടികളിൽ പങ്കെടുത്തു. മരിച്ച സൗദി ബാലന്റെ കുടുംബം അഞ്ച് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. പക്ഷേ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാൽ ജയിൽ ശിക്ഷയിൽ തുടരുകയാണ്. അതിനെ തുടർന്നാണ് ജയിൽ മോചനത്തിനായി ഹർജി സമർപ്പിച്ചരുന്നത്.
പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുകയെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. നിലവിൽ റിയാദിലെ ഇസ്കാൻ ജയിലിലുള്ള റഹീമിന്റെ തടവുശിക്ഷ തുടങ്ങിയിട്ട് 19 വർഷമായിട്ടുണ്ട്. ഇനി തടവുശിക്ഷയാണ് വിധിക്കുന്നതെങ്കിലും 19 വർഷമായി തടവിലായതിനാൽ അബ്ദുൽ റഹീമിന് അധികം ജയിലിൽ തുടരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
മോചനഹർജിയിൽ വിധി പറയുന്ന കാലം വരെയും അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം ലഭിക്കുന്നതിനാണ് സാധ്യതയെന്നാണ് കരുതുന്നത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. ഹൗസ് ഡ്രൈവർ വീസയിലെത്തി മൂന്നാം മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
സമാനതകളില്ലാത്ത വിധം ഒത്തുചേർന്നാണ് ലോകമെങ്ങുമുള്ള മലയാളി ഒന്നടങ്കം മോചനത്തിനായുള്ള ദയാധനമായി സമാഹരിച്ചത്. അതിനാൽ തന്നെ കോടതിയുടെ അന്തിമ വിധിയും അബ്ദുൽ റഹീമിന്റെ ജയിൽ മോചനവും ഓരോ തവണയും കാത്തിരിക്കുകയാണ് പ്രവാസികളും മലയാളികളും. ഓരോരുത്തർക്കും സാധ്യമാകും വിധം ചെറുതും വലുതുമായി തുകകൾ സംഭാവന നൽകിയാണ് ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) മലയാളികൾ ചേർന്ന് സമാഹരിച്ച് നൽകിയത്. അങ്ങനെ സ്വരൂപിച്ച പണമാണ് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് എംബസി മുഖാന്തിരം ദയാധനമായി നൽകിയത്. അതിനെ തുടർന്ന് വാദിഭാഗം മാപ്പ് നൽകുകയും കോടതി വധശിക്ഷ റദ്ദ് ചെയ്ത് വിധിക്കുകയും ചെയ്തു.
സ്വകാര്യ അവകാശം പ്രകാരമുള്ള കേസിലുള്ള തീർപ്പിന്റെ ഫലമായാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാൽ വിധിതീർപ്പിന് കോടതിയിൽ പ്രത്യേക തീരുമാനമെടുക്കേണ്ടതായുണ്ട്. അതിനായി സമർപ്പിച്ച മോചനഹർജിയിൽ ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയിട്ടുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് ജയിൽ മോചന കാര്യത്തിലും തീർപ്പു കൽപ്പിക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു.