ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ അർമേനിയയിൽ സമ്മാനിച്ചു
Mail This Article
യെരേവാൻ (അർമേനിയ) ∙ ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ അർമേനിയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യൻ പാർലമെന്റ് അംഗം സാഗർ ഹൻഡ്രെ, യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ടെക്നോളജി സെന്റർ ഡയറക്ടർ ഹൈക്ക് മാർഗരീയൻ, അര്‍മേനിയ ഇന്ത്യൻ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ എന്നിവർ മുഖ്യാതിഥികളായി.
സന്തോഷ് കുമാർ (യുഎഇ), രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ), ധനേഷ് നാരായണൻ (അർമേനിയ), ഷൈനി ഫ്രാങ്ക് (കുവൈത്ത്) എന്നിവരാണ് ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ. ലണ്ടനിലെ‘മലയാളി അസോസിയേഷൻ ഫോർ ദ് യുകെ’(എംഎയുകെ) മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡ് സ്വന്തമാക്കി. കർണാടക മുൻ എംഎൽഎ ഐവൻ നിഗ്ലി, ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം ജയ്ജോ ജോസഫ്, മലബാർ കാൻസർ സെന്റർ വൈസ് ചെയർമാൻ അബ്ദുള്ള കോയ, ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിൻസ് പോൾ എന്നിവർ സംസാരിച്ചു.
ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നൽകി വരുന്നത്. ഇതുവരെ 94 പ്രവാസി മലയാളികൾക്കും 17 പ്രവാസി മലയാളി സംഘടനകൾക്കും ഗർഷോം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹ്റൈൻ, കുവൈത്ത്, യുഎഇ, അസർബൈജാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥേയത്വം വഹിച്ചിട്ടുണ്ട്.