മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം: വളർത്തച്ഛനു ചങ്ങല വേണ്ടന്നു കോടതി

Mail This Article
ഡാലസ് ∙ മൂന്നുവയസുകാരി ഷെറിൻ മാത്യുവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട വളർത്തു പിതാവ് വെസ്‌ലി മാത്യുവിന്റെ കേസ് ജൂറി പരിഗണിക്കുന്ന ജൂൺ 24ന് കോടതിയിൽ ഹാജരാക്കുമ്പോൾ അരയിലും കാലിലും ഷാക്കിൾ (ചങ്ങല) ഇടരുതെന്ന് ജഡ്ജി പ്രോസിക്യൂഷന് നിർദേശം നൽകി.

ജൂൺ 11 ചൊവ്വാഴ്ചയാണ് പ്രി ഹിയറിംഗിന് ഡാലസ് കൗണ്ടി കോർട്ട് റൂമിൽ വെസ്‌ലി മാത്യുവിനെ ഹാജരാക്കിയത്. വധക്കേസ് പ്രതികളെ സാധാരണ അണിയിക്കാറുള്ള അരയിലും കാലിലും ചങ്ങലയിട്ടാണ് വെസ്‌ലിയിലെ കോടതിയിൽ കൊണ്ടു വന്നത്. തുടർന്ന് കോടതി ജഡ്ജി ആംബർ ഗിവൺസ് പബ്ലിക് പ്രോസിക്യൂട്ടർക്കും ഡിഫൻസ് അറ്റോർണിക്കും വ്യക്തമായ രണ്ടു നിർദേശങ്ങൾ നൽകി.
ഒന്ന്. ജൂൺ 24 മുതൽ കേസ്സ് വിസ്താരത്തിന് കൊണ്ടു വരുമ്പോൾ ഷാക്കിൾസ് ഒഴിവാക്കണം.
രണ്ട്. ഷെറിൻ മാത്യു മരിക്കുന്നതിനു മുമ്പു ശരീരത്തിലേറ്റ നിരവധി പരുക്കുകളെ കുറിച്ച് വിശദമായ തെളിവുകൾ ഹാജരാക്കണം.
ഡാലസ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൻ ഫൈൻ അഞ്ചു മാസത്തിനുള്ളിൽ ഷെറിന്റെ ശരീരത്തിൽ അഞ്ച് അസ്ഥികൾ ഒടിഞ്ഞതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിന് ആവശ്യമായ തെളിവുകളാണു കോടതി ആവശ്യപ്പെട്ടത്. ഇന്ത്യയിൽ നിന്നും വെസ്‌ലി– സിനി ദമ്പതിമാർ ദത്തെടുത്ത ഷെറിൻ (3). 2017 ഒക്ടോബർ 7 നാണ് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2 ആഴ്ചകൾക്കുശേഷം വീടിനടുത്തുള്ള കൾവർട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. തുടർന്ന് വെസ്‍ലിക്കെതിരെ കാപ്പിറ്റൽ മർഡർ ചാർജ് ചെയ്യുകയായിരുന്നു. ഭാര്യ സിനിയെ ഈ കേസിൽ നിന്നും കുറ്റ വിമുക്തയാക്കിയിരുന്നു.