ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൻ ഡോളർ നഷ്ട പരിഹാരം
Mail This Article
സാൻ ഡീഗോ ∙ അഞ്ച് വർഷം മുമ്പ് ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൻ ഡോളർ നഷ്ട പരിഹാരം. 24 കാരിയായ എലിസ സെർനയുടെ കുടുംബത്തിന് സാൻ ഡീഗോ കൗണ്ടി 14 മില്യൻ ഡോളർ നൽകും. എലിസ സെർനയുടെ ബന്ധുക്കളും കൗണ്ടിയും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് വെള്ളിയാഴ്ച രാത്രി ഒത്തുതീർപ്പിലെത്തിയത്. ഫെഡറൽ വ്യവഹാരത്തിന് മേൽനോട്ടം വഹിക്കുന്ന ജഡ്ജിയാണ് കരാർ സ്ഥിരീകരിച്ചതെന്ന് സാൻ ഡീഗോ യൂണിയൻ ട്രിബ്യൂൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
പണം പ്രശ്നമല്ല, ഷെരീഫിന്റെ കസ്റ്റഡിയിലുള്ള മറ്റ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വാദിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു. എലിസയുടെ അമ്മ പലോമ സെർന പറഞ്ഞു. സാൻ ഡീഗോ കൗണ്ടി 14 മില്യൺ ഡോളർ നൽകും. ജയിലിൽ കഴിയുന്നവരെ ചികിത്സിക്കാൻ മെഡിക്കൽ പ്രൊഫഷനലുകളെ നൽകുന്ന കോസ്റ്റ് കറക്ഷണൽ മെഡിക്കൽ ഗ്രൂപ്പ് ഒരു മില്യൻ ഡോളറും നൽകും.
അഞ്ചാഴ്ച ഗർഭിണിയായിരുന്ന സെർന മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് ജയിലിലെത്തിയത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് ഹെറോയിൻ ഉപയോഗിച്ചതായി ജയിൽ ജീവനക്കാരോട് സെർന പറഞ്ഞതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. സെർന ബോധരഹിതയായപ്പോൾ, അവരെ പരിശോധിക്കുന്നതിൽ നഴ്‌സ് പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.