ട്രംപിന്റെ നയം വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ വരുത്തും

Mail This Article
വാഷിങ്ടൻ ∙ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറുകളിലൂടെ നടപ്പിലാവുന്നതിന്റെ സൂചനകളാണ് കാണുന്നത്. ഇന്ന് ട്രംപ് ഒപ്പു വച്ച 'കീപ്പിങ് മെൻ ഔട്ട് ഓഫ് വിമെൻസ് സ്പോർട്സ്' പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക മത്സരങ്ങളിൽ ട്രാൻസ് ജെൻഡർ പങ്കാളിത്തം ഒഴിവാക്കും. ജസ്റ്റിസ് ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്മെന്റുകൾക്കു കീഴിലുള്ള ഏജൻസികൾ (ടൈറ്റിൽ ഒൻപതു പ്രകാരം ഫണ്ടിങ് ലഭിക്കുന്നവ) ജനന സർട്ടിഫിക്കറ്റുകളിൽ നൽകിയിട്ടുള്ള ലിംഗം അനുസരിച്ചു കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ വേർ തിരിക്കാം എന്നും ഓർഡറിൽ പറയുന്നുണ്ട്. ഈ ഓർഡറിനെതിരെ തല്പര കക്ഷികൾ കേസുകളുമായി മുന്നോട്ടു പോയേക്കാം.
സ്കൂൾ കുട്ടികൾ പഠിക്കുന്നതും ക്ലാസ്റൂമുകളുടെ ഘടനകളും മറ്റു ചില ഓർഡറുകളിലൂടെ ട്രംപ് വ്യത്യസ്തമാക്കിയിട്ടുണ്ട്. ടെക്സസ് പോലെ ഉള്ള സംസ്ഥാനങ്ങൾ ഈ ഓർഡറുകൾക്കു അനുകൂലമായ രീതിയിൽ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. ടെക്സസ് ലെജിസ്ലേറ്റർ വീണ്ടും ചേരുമ്പോൾ മാറ്റങ്ങളെ കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകും എന്നാണ് അറിയുന്നത്. ഒരു യാഥാസ്ഥിക സംഘടന ആയ ടെക്സസ് പബ്ലിക് പോളിസി ഫൗണ്ടേഷൻ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ടെക്സസിൽ ഏതാണ്ട് 1200 സ്കൂൾ ഡിസ്ട്രിക്ടുകൾ ഉണ്ട്. ഇവയുടെ ഭൂരിപക്ഷവും ഈയിടെ ബൈബിൾ കഥകൾ ഉൾപ്പെടുത്തുന്നത് സ്വീകരിച്ചു. രക്ഷിതാക്കൾക്ക് അവർക്കിഷ്ടമുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സെനറ്റിൽ ഒരു ബിൽ ചർച്ചക്ക് എത്തിയിട്ടുണ്ട്. പ്രൈവറ്റ് സ്കൂൾ എജ്യുക്കേഷൻ നികുതി ദായകരുടെ പണം ഉപയോഗിച്ചു വേണമോ എന്ന പ്രശ്‍നം വർഷങ്ങളായി സംസഥാനത്തു ചർച്ച ചെയ്യപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് സ്കൂൾ വൗച്ചർ പ്രോഗ്രാം റിപ്പബ്ലിക്കൻ പാർട്ടിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുന്നോട്ടു വച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ നൽകുന്ന പ്രോപ്പർട്ടി ടാക്സിന്റെ ഒരു വലിയ പങ്കു ടെക്സസ് പബ്ലിക് സ്കൂളുകൾക്കാണ് പോകുന്നത്. പ്രൈവറ്റ് സ്കൂളുകളിൽ നൽകേണ്ടി വരുന്ന അധിക ഫീസിന്റെയും മറ്റും സഹായത്തിനാണ് വൗച്ചറുകൾ നൽകുന്നത്.
ഗവർണർ ഗ്രെഗ്ഗ് ആബോട്ട് യൂണിവേഴ്സൽ വൗച്ചർ നൽകണം എന്ന പക്ഷക്കാരനാണ്. രക്ഷിതാക്കളുടെ വരുമാനം ഇതിനു മാനദണ്ഡമാക്കാൻ പാടില്ല എന്നും പറയുന്നു. ഒരു ബില്യൺ ഡോളറിന്റെ പദ്ധതിയിൽ 10000 ഡോളർ ഒരു വിദ്യാർഥിയുടെ പ്രൈവറ്റ് സ്കൂളിങ്ങിന് വേണ്ടി ചെലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഹോം സ്കൂളിങ് കുട്ടിയാണെങ്കിൽ 2000 ഡോളറായി ഫണ്ടിംഗ് കുറയും. ഒരു ലക്ഷം സ്കൂൾ കുട്ടികൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും എന്നാണ് കണക്കാക്കുന്നത്.