പൊതുജീവിതത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന സൂചനയുമായി കമല ഹാരിസ്

Mail This Article
ലൊസാഞ്ചലസ് ∙ പൊതു ജീവിതത്തിൽ നിന്ന് പിൻമാറുന്നില്ലെന്ന സൂചനയുമായി യുഎസ് മുൻവൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏപ്രിൽ 4 ന് കലിഫോർണിയയിൽ നടന്ന ലീഡിങ് വിമൻ ഡിഫൈൻഡ് ഉച്ചകോടിയിലാണ് കമലാ ഹാരിസ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇപ്പോൾ വളരെയധികം ഭയമുണ്ടെന്നും സംഭവിക്കുമെന്ന് അറിയാമായിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപ് എല്ലാ രാജ്യങ്ങൾക്കും മേൽ പ്രതികാര തീരുവ ചുമത്തിയതിന് പിന്നാലെയാണ് കമല ഹാരിസിന്റെ പ്രസ്താവന.
"ഞാൻ എവിടേക്കും പോകുന്നില്ല," അവർ പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കമലാ ഹാരിസ് നേരിട്ട് പറഞ്ഞില്ലെങ്കിലും സന്ദർഭം വ്യക്തമായിരുന്നു. ജോ ബൈഡന്റെ കീഴിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച, കലിഫോർണിയയിൽ നിന്നുള്ള മുൻ സെനറ്റർ തിരഞ്ഞെടുപ്പിന് ശേഷം ഏറെക്കുറെ പൊതുരംഗത്തേക്ക് വന്നിരുന്നില്ല. എന്നാൽ 2026 ലെ കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.