സൈനസൈറ്റിസ് പ്രതിരോധിക്കാം, ഈ വഴികളിലൂടെ
Mail This Article
മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്കു തുറക്കുന്ന, വായു നിറഞ്ഞ അറകളാണ് സൈനസ്. അവയുടെ ഉൾഭാഗത്തുണ്ടാകുന്ന നീരുവീഴ്ചയാണ് സൈനസൈറ്റിസ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ബാധ മൂലവും അലർജി മൂലവുമാണ് സാധാരണ സൈനസൈറ്റിസ് ഉണ്ടാകാറ്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവും ഇതിനു കാരണമായി പറയുന്നുണ്ട്.
തലവേദനയാണോ പല്ലുവേദനയാണോ എന്നറിയാൻ പറ്റാത്ത തരം വേദന, നെറ്റിയിലോ പുരികത്തിനിടയിലോ കണ്ണിനു താഴെയോ കവിളിന്റെ ഭാഗത്തോ അനുഭവപ്പെടുന്ന വേദന, ഒന്നു കുനിഞ്ഞാൽ തല പൊട്ടിപ്പോകുന്നതുപോലെ തോന്നുന്ന അവസ്ഥ... ഇങ്ങനെയാണ് പലപ്പോഴും സൈനസ് പ്രത്യക്ഷപ്പെടുക. മൈഗ്രേനാണോ സൈനസാണോ എന്നു തിരിച്ചറിയുകതന്നെ പ്രയാസമാകാം.
അക്യൂട്ട്, ക്രോണിക് എന്നീ രണ്ടു തരത്തിലാണ് സൈനസൈറ്റിസ്. 12 ആഴ്ചയെങ്കിലും മാറാതെ നിൽക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണം. അണുബാധയുള്ള സൈനസ് ഏതു ഭാഗത്താണോ അതിന് അനുബന്ധമായാകും തലവേദന. കഫം തൊണ്ടയിലേക്ക് ഇറങ്ങിവരിക, ഒച്ചയടപ്പ്, ഗന്ധമറിയാനുള്ള ശേഷി കുറയുക എന്നിവയും വരാം.
ഫ്രോണ്ടൽ–മാക്സിലറി ൈനസുകളിലാണ് അക്യൂട്ട് സൈനസൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്. ബാക്ടീരിയൽ അണുബാധകളാണ് ഇതിനു പ്രധാന കാരണം. മൂക്കടപ്പ്, നെറ്റിയിലോ സൈനസുകളുടെ സ്ഥാനത്തോടനുബന്ധമായോ ഉള്ള വേദന, ചെറിയ പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് രണ്ടു മൂന്നു ദിവസം നീണ്ടുനിൽക്കാം.
പ്രതിരോധം എങ്ങനെ?
∙ അലർജി പ്രതിരോധിക്കാൻ ശ്രദ്ധിക്കണം.
∙ പല്ലിന് പ്രശ്നമുള്ളവർ ആരംഭത്തിൽ ചികിത്സിക്കാതിരുന്നാൽ അണുബാധ സൈനസുകളിലേക്കു വ്യാപിക്കാം.
∙ അലർജിയുള്ളവർ കഫം കെട്ടിക്കിടക്കാതെ അലിഞ്ഞു പോകാൻ ചെറുചൂടു വെള്ളം ധാരാളം കുടിക്കണം.
∙ മൂക്കിൽ ദശ വളർച്ച ഉള്ളവരും പാലം വളഞ്ഞിരിക്കുന്നവരും മൂക്കടപ്പ് തുടങ്ങുമ്പോഴേ ആവി പിടിക്കണം.
∙ സൈനസൈറ്റിസിനു സാധ്യത കൂടിയവർ പുകവലി ഒഴിവാക്കണം.
∙ അലർജി മൂലം ശ്ലേഷ്മം കൂടുതലായി ഉൽപാദിപ്പിക്കുന്നവർ തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് കഫശല്യം കുറയ്ക്കാൻ സഹായിക്കും.
∙ രണ്ടു തുള്ളി നല്ലെണ്ണ മൂക്കിൽ ഇറ്റിക്കുന്നത് സൈനസൈറ്റിസിന്റെ ആരംഭഘട്ടത്തിൽ പ്രയോജനം ചെയ്യും.
∙ ഉപ്പുലായനി കൊണ്ട് മൂക്കു കഴുകുന്നതും ഗുണം ചെയ്യും.