കോർബേവാക്സ് വാക്സീൻ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും
Mail This Article
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സീനായ കോർബേവാക്സ് സെപ്റ്റംബറോടു കൂടി ലഭ്യമായേക്കുമെന്ന് നിതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയാണ് കോർബേവാക്സ് നിർമിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ ശാസ്ത്രീയ വിവരങ്ങൾ പ്രതീക്ഷ പകരുന്നതാണെന്ന് വി. കെ. പോൾ പറഞ്ഞു. ആർബിഡി പ്രോട്ടീൻ സബ് യൂണിറ്റ് വാക്‌സീനായ കോർബേവാക്സ് ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്.
30 കോടി ഡോസ് കോർബേവാക്സ് വാങ്ങാനുള്ള ഓർഡറും ഗവൺമെന്റ് നൽകിയിട്ടുണ്ടെന്ന് വി. കെ. പോൾ അറിയിച്ചു. വാക്സീൻ വില കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വാക്സീൻ വികസനത്തിനായി ഗവൺമെന്റ് നൽകിയ തുക ഡോസുകൾ വാങ്ങുന്ന സമയത്ത് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ 25 കോടി ഡോസ് കോവിഷീൽഡും 19 കോടി ഡോസ് കോവാക്സീനും വാങ്ങാൻ ഗവൺമെന്റ് ഓർഡർ നൽകിയിരുന്നു. ഡിസംബർ മാസത്തോടു കൂടി ഈ ഡോസുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്സീൻ തുകയുടെ 30 ശതമാനം അഡ്വാൻസ് ആയി സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും നൽകിയിട്ടുണ്ട്. ബയോളജിക്കൽ ഇ കമ്പനിക്ക് 1500 കോടി രൂപ അഡ്വാൻസ് നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
English Summary : Scientific data on Covid-19 vaccine Corbevax is very promising