ദീര്‍ഘകാല കോവിഡ് സാധ്യത കൂടുതല്‍ ഡെല്‍റ്റ, ഒമിക്രോണ്‍ ബിഎ.2 വകഭേദങ്ങള്‍ ബാധിച്ചവര്‍ക്ക്
Mail This Article
ദീർഘകാല കോവിഡിനുള്ള സാധ്യത, ഒമിക്രോണ്‍ ബാധിച്ചവരേക്കാള്‍ 50 ശതമാനം അധിമാണ് ഡെല്‍റ്റ വകഭേദം ബാധിച്ചവര്‍ക്കെന്നു പഠനം. അതേ സമയം മൂന്ന് ഡോസ് വാക്സീന്‍ ലഭിച്ച മുതിര്‍ന്നവരില്‍ ദീര്‍ഘകാല കോവിഡിന് സാധ്യത ഒമിക്രോണ്‍ ബിഎ1നേക്കാള്‍ ബിഎ.2 ബാധിച്ചവര്‍ക്കാണെന്നും യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 18 ലക്ഷത്തോളം പേര്‍ക്ക് ദീര്‍ഘകാല കോവിഡ് ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പഠന ഫലം പുറത്ത് വരുന്നത്.
കോവിഡ് ബാധിച്ച 12 ആഴ്ചകള്‍ക്ക് ശേഷവും തുടരുന്ന രോഗലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് എന്ന് യുകെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് നിര്‍വചിക്കുന്നത്. അമിതമായ ക്ഷീണം, ശ്വാസം മുട്ടല്‍, എന്തിലെങ്കിലും ശ്രദ്ധയുറപ്പിക്കാനുള്ള ബുദ്ധിമുട്ട്, തലച്ചോറിനുണ്ടാകുന്ന ബ്രെയിന്‍ ഫോഗിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പം, മറവി എന്നിവയെല്ലാം ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളായി വിലയിരുത്തുന്നു. ദീര്‍ഘകാല കോവിഡ് സ്വയം റിപ്പോര്‍ട്ട് ചെയ്ത 12 ലക്ഷത്തോളം പേര്‍ ഈ ലക്ഷണങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചതായി പറയുന്നു.
ദീര്‍ഘകാല കോവിഡ് മരണകാരണമായേക്കില്ലെങ്കിലും ബാധിക്കപ്പെടുന്ന വ്യക്തികളുടെ ജീവിതനിലവാരത്തെ ഇത് കാര്യമായി ബാധിക്കാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ദീര്‍ഘകാല കോവിഡ് കൂടുതല്‍ കണ്ടുവരുന്നത്.
Content Summary : Risk Of Long Covid Higher If Infected With Delta Strain, Omicron BA.2