ഹൃദ്രോഗം: ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Mail This Article
ലോകത്തില്‍ സംഭവിക്കുന്ന മരണങ്ങളുടെ കാരണമെടുത്താല്‍ അതില്‍ പ്രഥമ സ്ഥാനമാകും ഹൃദ്രോഗത്തിനുള്ളത്. ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ ഹൃദ്രോഗം മൂലം മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ഹൃദ്രോഗ മരണങ്ങളില്‍ നാലെണ്ണവും ഹൃദയാഘാതവും പക്ഷാഘാതവും മൂലം സംഭവിക്കുന്നു. ഈ മരണങ്ങളില്‍ മൂന്നിലൊന്നും അകാലത്തില്‍, 70 വയസ്സിന് മുന്‍പ് സംഭവിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.
ഇനി പറയുന്നവയാണ് ഹൃദ്രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ഹാര്‍ട്ട് സര്‍ജനുമായ ഡോ. രമാകാന്ത പാണ്ഡ പറയുന്നു. എന്നാല്‍ പലരും ഈ ലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്.
1. നെഞ്ചുവേദന
നെഞ്ചിന് വേദന, കനം, സമ്മര്‍ദം, അസ്വസ്ഥത എന്നിവയാണ് ഹൃദ്രോഗ ലക്ഷണങ്ങളില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന ഒന്ന്. ആദ്യമൊക്കെ ഈ വേദന കുറച്ച് നേരത്തിനകം അപ്രത്യക്ഷമാകാം. എന്നാല്‍ ഇത് ഗ്യാസാണെന്നും മറ്റും പറഞ്ഞ് അവഗണിക്കുന്നത് പിന്നീട് രോഗസങ്കീര്‍ണതകളിലേക്ക് നയിക്കും.
2. ശ്വാസംമുട്ടല്‍
ചുമ്മാതെ ഇരിക്കുമ്പോഴോ എന്തെങ്കിലും ചെറുതായ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴോ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതും ഹൃദ്രോഗ ലക്ഷണങ്ങളില്‍ ഒന്നാണ്.
3. കഴുത്തുവേദന
കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിന് മുകള്‍ ഭാഗത്തും പുറത്തിനുമൊക്കെ തോന്നുന്ന വിശദീകരിക്കാനാവാത്ത വേദനയും അസ്വസ്ഥതയും ഹൃദ്രോഗ മുന്നറിയിപ്പാണ്. മറ്റ് രോഗലക്ഷണങ്ങള്‍ക്കൊപ്പം ഈ ലക്ഷങ്ങള്‍ കൂടി വന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതാണ്.
4. കൈയില്‍ വേദന, മരവിപ്പ്
കൈകള്‍ക്കുണ്ടാകുന്ന അസ്വാഭാവികമായ വേദന, അസ്വസ്ഥത, മരവിപ്പ് എന്നിവയും ഹൃദ്രോഗ ലക്ഷണമാണ്. ശാരീരികമായോ മാനസികമായോ എന്തെങ്കിലും സമ്മര്‍ദം അനുഭവിക്കുമ്പോഴാണ് ഈ മരവിപ്പും വേദനയും പ്രത്യക്ഷമാകുന്നതെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ ഹൃദയാരോഗ്യം പന്തിയല്ലെന്നതിന്‍റെ സൂചനയാണ്.
ആരോഗ്യകരമായ ജീവിതശൈലി വഴി ഹൃദ്രോഗ സാധ്യതകള്‍ ഒരളവ് വരെ കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് ഡോ. രമാകാന്ത് ചൂണ്ടിക്കാട്ടി. ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കല്‍, കൊളസ്ട്രോള്‍ നിയന്ത്രണം, ജങ്ക് ഫുഡ് ഒഴിവാക്കിയുള്ള ആരോഗ്യകരമായ ഭക്ഷണശീലം, സമ്മര്‍ദം ഒഴിവാക്കല്‍, നല്ല ഉറക്കം, ആരോഗ്യകരമായ ശരീരഭാരം, ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ എന്നിവ ഹൃദ്രോഗ നിയന്ത്രണത്തില്‍ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പ്രമേഹരോഗം ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്ന ഘടകമായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കേണ്ടതാണ്.
Content Summary: Early signs of heart issues that are often ignored