ഒന്നര വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോണ്‍ നൽകുന്നവർ അറിയാൻ...

Mail This Article
ഈ ഡിജിറ്റൽ യുഗത്തിൽ നമ്മൾ എല്ലാവരും തുടർച്ചയായി മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നവരാണ്. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ പോലും ഫോണിലും ഐപാഡിലും വിഡിയോകൾ കാണുകയും ഗെയിംസ് കളിക്കുകയുമാണ്. വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാൽ ഇതിന്റെ അമിതോപയോഗവും അഡിക്‌ഷനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
മൊബൈൽ ഫോണിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ എങ്ങനെ കുറയ്ക്കാമെന്നും ആരോഗ്യകരമായ ബദലുകൾ എന്തൊക്കെയെന്നും നോക്കാം. രണ്ടു വയസ്സിൽ കൂടുതലുള്ള കുട്ടികൾ ദിവസം ഒന്നോ രണ്ടോ മണിക്കൂറിലധികം സ്ക്രീൻ നോക്കാൻ പാടില്ലെന്ന് വിദഗ്ധർ നിർദേശിക്കുന്നു. 18 മാസത്തിൽ കുറവ് അതായത് ഒന്നരവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈം ഒട്ടും പാടില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു.
എങ്ങനെ മറ്റ് പ്രവൃത്തികളിൽ അതായത് കളിക്കുക, പുസ്തകം വായിക്കുക, കരകൗശലപ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാമെന്ന് രക്ഷിതാക്കള്‍ കാണിച്ചു കൊടുക്കണം. പുറത്തു പോയി കളിക്കുക, ചിത്രം വരയ്ക്കുക, ബോർഡ് െഗയിംസ് കളിക്കുക, ബിൽഡിങ്ങ് ബ്ലോക്സ് കളിക്കുക തുടങ്ങിയ ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
ഈ പ്രവൃത്തികൾ സ്ക്രീൻ ടൈം കുറയ്ക്കുമെന്നു മാത്രമല്ല കുട്ടികളിൽ വ്യത്യസ്ത താൽപര്യങ്ങളും നൈപുണ്യവും ഉണ്ടാകാനും സഹായിക്കും. മൊബൈൽഫോണ്‍, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ കുട്ടികൾക്ക് നൽകുമ്പോൾ ‘പാരെന്റൽ കൺട്രോൾ’ ഫീച്ചർ ഉപയോഗിച്ച് ഉള്ളടക്കം നിയന്ത്രിക്കുകയും ഒപ്പം ആപ്പുകളും വെബ്സൈറ്റുകളും മറ്റും ഉപയോഗിക്കുന്നതിന് നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണം.
സ്ക്രീൻടൈം പരിമിതപ്പെടുത്തുകയും കുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും വേണം. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് കഴുത്തു വേദന, തലവേദന, പൊണ്ണത്തടി, കേൾവി നഷ്ടം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
കുട്ടികളിൽ ഉറക്കമില്ലായ്മ, ഇന്റർനെറ്റ് അഡിക്‌ഷൻ, ഉത്കണ്ഠ, വിഷാദം, സംസാരവൈകല്യങ്ങൾ, ഭാഷാ വൈകല്യങ്ങൾ തുടങ്ങിയ മാനസികപ്രശ്നങ്ങൾ ഉണ്ടാകാൻ ഫോണിന്റെ അമിതോപയോഗം കാരണമാകും. മാത്രമല്ല ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുക, ക്ഷീണം തുടങ്ങി മറ്റ് പല പ്രശ്നങ്ങളിലേക്കും ഇതു നയിക്കുകയും ചെയ്യും.
Content Summary: Children under18 months of age should have no screen time