മരുന്നുകൊണ്ട് ഹെർണിയ ചികിൽസിച്ചു മാറ്റാൻ സാധിക്കുമോ?
Mail This Article
ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, അടുത്തിടെയായി എന്റെ അടിവയറ്റിലെ ചില ഭാഗങ്ങളില്‍ മുഴയുള്ളതായി അനുഭവപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഭാരമെടുക്കുമ്പോഴുമാണ് ഇത് അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഹെര്‍ണിയ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ?
ഉത്തരം : ശരീരത്തിലെ പ്രത്യേകിച്ച് വയറിനകത്തുള്ള ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, മറ്റ് അവയവങ്ങള്‍എന്നിവ ഒരു പരിധിക്കപ്പുറത്തേക്ക് പുറത്തേക്കു തള്ളി വരാതിരിക്കാനുള്ള ഒരു പ്രതിരോധ സംവിധാനം അടിവയറ്റിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭിത്തിക്ക് ബലക്കുറവ് സംഭവിച്ചാല്‍, എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വയറിനുള്ളിലെ അവയവങ്ങള്‍ പുറത്തേക്കു തള്ളി വരാന്‍ സാധ്യതയുണ്ട്. പൊക്കിളിലൂടെയോ അതിന് ചുറ്റുപാടുമോ വയറിന്റെ ഏറ്റവും താഴ്ഭാഗത്തായി വലത്-ഇടതു വശങ്ങളിലായും ഇത് സംഭവിക്കാം. നില്‍ക്കുന്ന സമയത്ത് ഇത് കൂടി വരാനും കിടക്കുമ്പോള്‍ അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. വളരെ പതിയെയാണ് ഈ ബുദ്ധിമുട്ട് വികസിച്ചു വരുക. വികസിച്ചു കഴിഞ്ഞാല്‍ വയറിനുള്ളിലെ ഈ അവയവങ്ങള്‍ പുറത്തോട്ടു വരാന്‍ പരിശ്രമിക്കുകയോ നില്‍ക്കുന്ന സമയത്ത് ചെറിയ രീതിയിലെങ്കിലും തള്ളിവരികയോ ചെയ്യുന്നതായി അനുഭവപ്പെടാം.
ചിലപ്പോള്‍ ഈ അവയവങ്ങള്‍ അമരുകയും ചുരുങ്ങുകയും ചെയ്യാം. അതോടൊപ്പം കഠിനമായ വയറുവേദനയും ഛര്‍ദിയും മറ്റ് ബുദ്ധിമുട്ടുകളും സംഭവിക്കാം. ഇതൊരു അടിയന്തര മെഡിക്കല്‍ സാഹചര്യമാണ്. ചിലപ്പോള്‍ പെട്ടെന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. ഹെര്‍ണിയയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം വയറ്റിലെ ബലക്ഷയമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ ബലം വയ്പിക്കുകയോ ദ്വാരമായിട്ടാണ് കാണപ്പെടുന്നതെങ്കില്‍ അത് പരിപൂര്‍ണമായി അടയ്ക്കുകയോ ചെയ്യാവുന്നതാണ്. അമിതമായ ഭാരമെടുക്കുകയോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചുമയുണ്ടെങ്കിലോ ഹെര്‍ണിയ ചിലപ്പോള്‍ സങ്കീര്‍ണമാകാം. ഇത് പരിപൂര്‍ണമായി മാറ്റിയെടുക്കാവുന്ന രോഗമാണ്. എന്നാല്‍, മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കില്ല. പൊക്കിളിലൂടെ വരുന്ന ഹെര്‍ണിയയെ അംബ്ലിക്കല്‍ ഹെര്‍ണിയ എന്നും പൊക്കിളിന്റെ ചുറ്റുപാടു നിന്ന വരുന്ന ഹെര്‍ണിയയെ പാരഅംബ്ലിക്കല്‍ ഹെര്‍ണിയ എന്നുമാണ് പറയുന്നത്. വയറിന്റെ താഴ്ഭാഗത്തു കാണുന്ന ഹെര്‍ണിയയെ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ, ഫെമൊറല്‍ ഹെര്‍ണിയ എന്നിങ്ങനെയാണ് പറയുന്നത്. നെഞ്ച്, തലയോട്ടിയുടെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഹെര്‍ണിയ ഉണ്ടാകാറുണ്ട്.
(ലേഖകൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിക് സെന്റർ ഡയറക്ടറും സിഇഒയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫസറുമാണ്