കാലിലെയും കണങ്കാലിലെയും പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണേണ്ടത് എപ്പോള്‍ ?
Mail This Article
ഇന്ത്യയില്‍ 60 ദശലക്ഷം പേരെങ്കിലും പ്രമേഹവുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ശതമാനത്തിനെങ്കിലും(ഏതാണ്ട് 15 ദശലക്ഷം) ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ഉണ്ടാകാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ 50 ശതമാനം കേസുകളിലും പ്രശ്‌നം രൂക്ഷമാകുകയും 20 ശതമാനം പേര്‍ക്കെങ്കിലും (15 ലക്ഷം) കാലുകള്‍ മുറിച്ച് കളയേണ്ട അവസ്ഥ വരുകയും ചെയ്യാറുണ്ട്. എന്നാല്‍ കൃത്യ സമയത്തെ ഇടപെടല്‍ ഡയബറ്റിക് ഫൂട്ട് അള്‍സര്‍ മൂലം കാല്‍ മുറിച്ച് കളയേണ്ട അവസ്ഥ 20 ല്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക് വരെ കുറയ്‌ക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രമേഹ രോഗികളുടെ ആശുപത്രി പ്രവേശനത്തിനും പലപ്പോഴും കാരണമാകാറുള്ളത് ഡയബറ്റിക് ഫൂട്ട് അള്‍സറാണ്. മുതിര്‍ന്നവരില്‍ 70 ശതമാനത്തിനും ഏതെങ്കിലും ഘട്ടത്തിലൊക്കെ കാലിലെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അവരില്‍ 30 ശതമാനത്തിന് താഴെ മാത്രമേ വൈദ്യോപദേശം തേടാറുള്ളൂ എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രമേഹ രോഗികള്‍ കാലിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. പവന്‍ ബെലഹള്ളി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചെറിയ പ്രശ്‌നങ്ങള്‍ പോലും പ്രമേഹ രോഗികളില്‍ കുറഞ്ഞ രക്തചംക്രമണത്തിലേക്കും കാലിലെ നാഡീവ്യൂഹ ക്ഷതത്തിലേക്കും നയിക്കാം. കാലിലെ മരവിപ്പ്, തരിപ്പ്, സംവേദനത്വമില്ലായ്‌മ എന്നിവയെല്ലാം ന്യൂറോപതിയുടെ ലക്ഷണങ്ങളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
കാലും കണങ്കാലുമായി ബന്ധപ്പെട്ട 300ലധികം വ്യത്യസ്‌ത രോഗങ്ങളുണ്ടെന്നും ഓരോന്നിന്റെയും ഫലപ്രദമായ ചികിത്സയ്‌ക്ക് കൃത്യമായ രോഗനിര്‍ണ്ണയം ആവശ്യമാണെന്നും പീഡിയാട്രിക് സര്‍ജനും ഫൂട് സെക്യൂര്‍ സഹസ്ഥാപകനുമായ ഡോ. സഞ്‌ജയ് ശര്‍മ്മ പറയുന്നു.നിരന്തരമായ വേദന, നീര്, ഭാരം തൂക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം കാലിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സൂചന നല്‍കുന്നു. ശരിയായ ചെരുപ്പുകള്‍ ഇടേണ്ടതും കാലിന്റെ ആരോഗ്യത്തിന് പ്രധാനമാണെന്ന് ഡോ. സഞ്‌ജയ് കൂട്ടിച്ചേര്‍ക്കുന്നു.