ADVERTISEMENT

നഗരത്തിൽ ഒരു വീട് സ്വന്തമാക്കുക എന്നതുതന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ പിന്നെ നഗരഹൃദയത്തിൽ പച്ചപ്പ് നിറയുന്ന വീട് എന്നത് മിക്ക നഗരവാസികളുടെയും സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. എന്നാല്‍ ബെംഗളൂരു നഗരത്തിലെ ജി.വി ദസരതിയുടെ വീട് ഇതിനൊരു അപവാദമാണ്.

'കച്ചറ മാനെ' എന്നാണു കന്നഡയില്‍ ദസരതി ഈ വീടിനെ വിളിക്കുന്നത്. 1700 ചതുരശ്രയടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത ആർക്കിടെക്ടുകളായ വിജയ്‌ നര്‍ന്നാപട്ടിയും ഡിംപിള്‍ മിത്തലുമാണ്. പൂര്‍ണ്ണമായും പാഴ്‌വസ്തുക്കളില്‍ നിന്നാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്നതാണ് അദ്ഭുതകരമായ വസ്തുത.

kachra-mane-exterior

പത്തു വർഷം മുൻപ് വീടിനെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ പ്രകൃതിയോടു ചേര്‍ന്നൊരു വീട് വേണമെന്ന് ദസരതിയും കുടുംബവും നിശ്ചയിച്ചിരുന്നു. സ്റ്റീല്‍, സിമന്റ്‌, മണ്ണ് എന്നിവയുടെ ഉപയോഗം 80 % കുറച്ചാണ് വീടിന്റെ നിര്‍മ്മാണം. 

kachra-mane-inside

കടകളില്‍ നിന്നുള്ള പായ്ക്കിങ് കേസുകളില്‍ നിന്നുള്ള തടി ഉപയോഗിച്ചാണ് വീടിന്റെ കതകുകളും വാതിലുകളും നിര്‍മ്മിച്ചിരിക്കുന്നത്. ജനലുകളിലെ  ഗ്ലാസ്സുകള്‍ മിക്കതും കടകളില്‍ നിന്നും ശേഖരിച്ചതോ അല്ലെങ്കില്‍ പഴയ കെട്ടിടങ്ങളില്‍ നിന്നും വാങ്ങിയതോ ആണ് . ബാത്ത്റൂമിലെ ഫിറ്റിങ്ങുകൾ  പോലും ഇങ്ങനെയുള്ള പഴയ വസ്തുക്കളില്‍ നിന്നും പുനര്‍നിര്‍മ്മിച്ചതാണ് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല എന്ന് ദസരതി പറയുന്നു.

kachra-mane-stair

മിനുമിനുപ്പുള്ള തറയ്ക്ക് പകരം സിമന്റിട്ടു പരുക്കനായിട്ടാണ് ഇവിടുത്തെ തറ ഒരുക്കിയിരിക്കുന്നത്. മുള കൊണ്ടാണ് വീടിന്റെ മേല്‍ക്കൂര. എസിയോ ചിമ്മിനിയോ ഈ വീട്ടിലില്ല. പക്ഷേ ഏതു ചൂടിനേയും പ്രതിരോധിക്കാന്‍ ഈ വീട്ടിനുള്ളില്‍ കഴിയും. വീട്ടിലെ മിക്ക ഗ്രഹോപകരങ്ങളും സെക്കന്റ്‌ ഹാന്‍ഡ്‌ ആണെന്ന് ദസരതി പറയുന്നു. ചെലവു ചുരുക്കാനും വേസ്റ്റ് കുറയ്ക്കാനും മാത്രമാണ് ഇങ്ങനെയൊരു ശ്രമമെന്ന് അദ്ദേഹം പറയുന്നു. 

kachra-mane-balcony

ഇരുപത്തിയഞ്ചു വർഷമെങ്കിലും യാതൊരു കുഴപ്പവും വരാത്ത വിധമാണ് ഈ വീടിന്റെ നിര്‍മ്മാണം. 20,000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി ഈ വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ മുനിസിപ്പാലിറ്റിയെ ഇതിനും ആശ്രയിക്കുന്നില്ല. അതുപോലെ 200 ലിറ്റര്‍ സോളര്‍ വാട്ടര്‍ ഹീറ്റര്‍ ഉള്ളത് കൊണ്ട് വെള്ളം ചൂടാക്കാനും വൈദ്യുതി അധികം ചെലവാക്കുന്നില്ല. നിരവധി ആളുകളാണ് ഈ വീടുകാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com