88 ാം വയസ്സിലും വീട് പണിതുകൊടുക്കുന്ന മുത്തശ്ശി! അറിയണം ഈ കഥ
Mail This Article
88ാം വയസ്സിലും വീടുകള്‍ ഡിസൈന്‍ ചെയ്യുന്നൊരു മുത്തശ്ശിയുണ്ട് അങ്ങ് ഹിമാചല്‍ പ്രദേശില്‍. ഹിമാചലിലെ റക്കാറില്‍ താമസിക്കുന്ന ദീദി കോൺട്രാക്ടറിനെ നമുക്ക് പരിചയം ഇല്ലെങ്കിലും നിർമാണമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള 2017 ലെ ഏഷ്യൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ദീദിയെ തേടി എത്തിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുകള്‍ ആയി ദീദി വീടുകള്‍ ഡിസൈന്‍ ചെയ്യുന്നു, ഈ വയസ്സിലും ദീദിയുടെ പ്രിയപ്പെട്ട ജോലി ഇതുതന്നെയാണ്.
പ്രകൃതിയോട് ഇണങ്ങുന്ന എന്നാല്‍ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ കൊണ്ടാണ് ദീദി വീടുകളും കെട്ടിടങ്ങളും ഡിസൈന്‍ ചെയ്യുന്നത്. നദികളില്‍ നിന്നും ലഭിക്കുന്ന കല്ലുകള്‍ ,മണ്ണ്, മുള, ചെളി എന്നിവ കൊണ്ടാണ് ദീദി വീടുകള്‍ നിര്‍മ്മിക്കുക. ഹിമാചലിലെ കാലാവസ്ഥകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് വീടുകളുടെ എല്ലാം ഡിസൈന്‍ എന്നത് എടുത്തു പറയണം.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും, വിദേശത്തു നിന്നും വരെ വിദ്യാര്‍ഥികള്‍ ദീദിയുടെ ശൈലി പഠിക്കാനായി എത്തുന്നുണ്ട്. പലപ്പോഴും ഇവര്‍ ദീദിയുടെ കൂടെയാകും കഴിയുന്നതും.
ദീദി കിംഗ്‌സിങ്ങര്‍ എന്നാണു ദീദിയുടെ യഥാര്‍ഥ പേര്. അമേരിക്കന്‍ സ്വദേശിയാണ് ദീദിയുടെ അമ്മ, അച്ഛന്‍ ജര്‍മന്‍ സ്വദേശിയും. ടെക്സാസില്‍ വളര്‍ന്ന ദീദി കോളറാഡോയില്‍ ആര്‍ക്കിടെക്ചർ പഠിക്കുമ്പോഴാണ് ഇന്ത്യക്കാരനായ നാരായണന്‍ കോൺട്രാക്ടറിനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. 1951 ല്‍ വിവാഹിതരായ ഇവര്‍ ആദ്യകാലത്ത് നാസിക്കിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കുട്ടികള്‍ ഒക്കെയായപ്പോള്‍ ബോംബെയിലേക്ക് കുടിയേറി. അവിടെ ദീദി തന്റെ ഇഷ്ടത്തിനു ഒരു മനോഹരമായ വീട് ഡിസൈന്‍ ചെയ്തു. ഇത് കണ്ടു ഇഷ്ടമായ ഇവരുടെ അയല്‍വാസി കൂടിയായ നടന്‍ പൃഥ്വിരാജ് കപൂര്‍ തന്റെ ഒരു കോട്ടേജ് ഡിസൈന്‍ ചെയ്യാന്‍ ദീദിയെ സമീപിച്ചിരുന്നു. പില്‍ക്കാലത്ത് അത് പൃഥ്വി തിയറ്റര്‍ ആയിമാറി.
പിന്നീട് ദീദി പല പ്രമുഖ പദ്ധതികളുടെയും ഭാഗമായി. ഉദയ്പ്പൂര്‍ ലേക്ക് പാലസ് ഡിസൈന്‍ ചെയ്യാന്‍ ദീദിയും പങ്കെടുത്തിട്ടുണ്ട്. 1974 ലാണ് ഹിമാചലില്‍ ദീദി സ്ഥിരതാമസമാക്കുന്നത്. പിന്നീട് ഇവിടം വിട്ടു എവിടേക്കും പോകാന്‍ ദീദിക്ക് മനസ് വന്നില്ല. അങ്ങനെയാണ് ദീദി ഇവിടുത്തുകാരുടെ പ്രിയപ്പെട്ട കോൺട്രാക്ടർ ദീദിയായി മാറിയത്.
English Summary- Didi Contractor 88 year old Lady Build Green Homes