അന്ന് ഉണ്ണിയേശുവിനു വേണ്ടി 'മുറി'യൊരുക്കി; ഇന്ന് വീടിന്റെ ഭാഗമായി ഗുഹ! വിഡിയോ

Mail This Article
‘ചാരുത’യുടെ പടിയിറങ്ങി വന്നാൽ പാടിയുടെ കവാടം. പകലോമറ്റം ഞരളംകുളം ഭാഗത്തെ ‘ചാരുത’യെന്ന വീട്ടിൽ പുതിയ മുറിക്കു പകരം നിർമിച്ചത് പാടി എന്ന പേരുള്ള ഗുഹ. ഞരളംകുളം സി.ആർ. വർഗീസിന്റേതാണ് ഈ വീട്. മാർത്താണ്ഡം കുളച്ചൽ സ്വദേശിയാണ് വർഗീസ്. മേസ്തിരിപ്പണിക്കായി 1985ൽ കുറവിലങ്ങാട് എത്തിയതാണ്. കലപ്പയും നുകവും മുതൽ ആദ്യകാലത്തെ മൊബൈൽ ഫോൺ വരെയുണ്ട് ചാരുതയിൽ. വെട്ടുകല്ല് കൊത്തി നിർമിച്ച താൽക്കാലിക മുറിയല്ലിത്..
8 അടി നീളവും 8 അടി വീതിയുമുള്ള ഗുഹയുടെ കവാടത്തിന് 5 അടി വീതി. ഒന്നോ രണ്ടോ പേർക്കു നിലത്തു പായ വിരിച്ച് സുഖമായി കിടക്കാം. ലൈറ്റും ഫാനും എയർ കൂളറും ഉണ്ട്. ശുചിമുറിയുമുണ്ട്. ഭിത്തിയിലെ ചെറിയ ഷെൽഫുകൾ പോലും കല്ലിൽ കൊത്തിയതാണ്. ഒരിക്കൽ ക്രിസ്മസിന് പുൽക്കൂട് ഒരുക്കാനാണ് വീടിനു താഴത്തെ വെട്ടുകല്ല് തുരന്നു ചെറിയൊരു ഗുഹ നിർമിച്ചത്. പിന്നെ അതു വലുതാക്കി. റോഡിൽ നിന്ന് ഉയരത്തിലാണ് വീട്. വാഹനം മുറ്റത്തു വരില്ല. ആദ്യം ഈ ഗുഹ പാർക്കിങ് സ്ഥലമായിരുന്നു.

കുറച്ചു നാൾ അവിടെ ചെറിയൊരു വ്യാപാര സ്ഥാപനം നടത്തി. ഗുഹാമുഖത്തിനു മുകളിൽ മാത്രം അൽപം കോൺക്രീറ്റ് ഇട്ടു. വീടിനു തൊട്ടു താഴെ ഗുഹ നിർമിച്ചതിനാൽ വീടിനു ബലക്ഷയം സംഭവിക്കില്ലെന്നു വർഗീസ് ഉറപ്പിച്ചുപറയുന്നു.വയറിങ് ഉൾപ്പെടെ ജോലികളെല്ലം വർഗീസ് തനിച്ചാണു ചെയ്തത്. ചെലവു മുക്കാൽ ലക്ഷം രൂപ കടന്നു. വീടിന്റെ ഒൗട്ട് ഹൗസ് പോലെ വർഗീസിന്റെ വിശ്രമം ഇപ്പോൾ ഇവിടെയാണ്. ഭാര്യ ലില്ലിക്കും മകൻ വിബിനും ‘പാടി’ പ്രിയപ്പെട്ട ഇടം തന്നെ.
English Summary- Owner Built Cave in House; Veedu News Kerala