ADVERTISEMENT

വൃത്തിയാക്കാൻ ഒന്നോ രണ്ടോ ദിവസം വൈകിയാൽ പോലും കണ്ണും കയ്യും എത്താത്ത ഇടങ്ങളിൽ ചിലന്തികൾ വലകെട്ടും. ഫലമോ എപ്പോഴും വൃത്തിയാക്കി വയ്ക്കുന്ന വീടാണെങ്കിലും വൃത്തിയില്ലാത്തതായി കാണപ്പെടും. മാത്രമല്ല ചെറുതും വലുതുമായ ചിലന്തിവലകളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടി ഭംഗി നഷ്ടപ്പെടും. ചിലന്തിവലകൾ അടിക്കടി പ്രത്യക്ഷപ്പെടാതിരിക്കാനും നിലവിലുള്ള  നീക്കം ചെയ്യാനും ചില എളുപ്പമാർഗങ്ങളുണ്ട്. 

വലകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ

* ഒരു പെയിന്റ് റോളറും ഡബിൾ സൈഡ് ടേപ്പും ഉണ്ടെങ്കിൽ മുക്കിലും മൂലയിലും പറ്റിപ്പിടിച്ച ചിലന്തിവലകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. പെയിന്റ് റോളറിന്റെ സ്പോഞ്ചിൽ ഇരുവശത്തും പശയുള്ള ടേപ്പുകൾ ഒട്ടിച്ചു വയ്ക്കാം. അതിനുശേഷം ചിലന്തിവലയുള്ള ഭാഗത്ത് കൂടി ഈ റോളർ ഉരുട്ടി നീക്കിയാൽ മതിയാകും. വലയുടെ അംശം പോലും അവശേഷിപ്പിക്കാതെ പൂർണ്ണമായും അവ ടേപ്പിൽ ഒട്ടിപ്പിടിക്കും. എന്നാൽ റോളർ ഉരയ്ക്കുമ്പോൾ അധികം അമർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ടേപ്പ് പെയിൻ്റിൽ ഒട്ടിപ്പിടിച്ചു പോകാതിരിക്കാൻ വേണ്ടിയാണിത്.

* നീളമുള്ള ഒരു വടിയെടുത്ത് അതിൽ മൈക്രോ ഫൈബർ തുണി ചുറ്റി ചിലന്തി വല നീക്കം ചെയ്യാനുള്ള ഉപകരണം ഉണ്ടാക്കാം. വടിയുടെ ഒരറ്റത്ത് തുണി ചുറ്റിവയ്ക്കുന്നതാവും ഉചിതം. അഴിഞ്ഞുപോകാതിരിക്കാൻ റബർ ബാൻഡോ ചരടോ ഉപയോഗിച്ച് മുറുക്കി കെട്ടി വയ്ക്കണം. ചിലന്തി വലകൾ മാത്രമല്ല ഭിത്തികൾ കൂടിച്ചേരുന്ന മൂലകളിലെ അഴുക്കും പൊടിപടലങ്ങളും വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

ചിലന്തി വല കെട്ടാതിരിക്കാനുള്ള മാർഗങ്ങൾ

web-clean
Image generated using AI Assist

* എട്ടുകാലികളെ അകറ്റുകയാണ് ഇതിൽ പ്രധാനം. കർപ്പൂരതുളസി സിട്രസ്, വിനാഗിരി, ടീ ട്രീ ഓയിൽ തുടങ്ങിയവയുടെ ഗന്ധങ്ങൾ ചിലന്തികൾക്ക് അരോചകമാണ്. ചിലന്തി വലകെട്ടാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇവ ഉപയോഗിക്കാം. പതിവായുള്ള വൃത്തിയാക്കലിൽ പെടാത്ത സ്ഥലങ്ങളിലാണ് പലപ്പോഴും ചിലന്തിവലകൾ അധികമായി കാണുന്നത്. ഇത്തരം ഇടങ്ങളിൽ കർപ്പൂരതുളസിയോ വിനാഗിരിയോ വെള്ളവുമായി കലർത്തി സ്പ്രേ ബോട്ടിലിലാക്കിയ ശേഷം ഇടയ്ക്ക് തളിച്ചുകൊടുക്കാം.

spider-inside-house

* വാതിലുകൾക്കും ജനാലകൾക്കും സമീപമുള്ള വിള്ളലുകളിലൂടെയാണ് പലപ്പോഴും പല ജീവികളും വീടിനുള്ളിൽ കയറിക്കൂടുന്നത്. അവയുടെ സാന്നിധ്യം ഒഴിവാക്കാൻ ഇത്തരം വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അത് അടയ്ക്കുക. 

* കുന്നുകൂടി കിടക്കുന്ന സാധനങ്ങൾക്കിടയിൽ ചിലന്തികൾ വലകെട്ടും. അതിനാൽ പതിവായി ഉപയോഗമില്ലാത്ത വസ്തുക്കൾ സ്റ്റോർറൂമിലാണെങ്കിലും കുമിഞ്ഞു കൂടാതെ ഒതുക്കി വയ്ക്കുക. ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിഞ്ഞു കിടക്കുന്ന മൂലകളും സാധനങ്ങൾ അടിക്കുവച്ചിരിക്കുന്നതിന്റെ ഇടയിലുള്ള ഭാഗങ്ങളും പൊടിയും വലകളും തട്ടിക്കുടഞ്ഞു വയ്ക്കണം.

* ട്യൂബ് ലൈറ്റിന്റേതുപോലെ വെളുത്ത നിറത്തിലുള്ള പ്രകാശം കൂടുതലായും ചിലന്തികളെയും പ്രാണികളെയും ആകർഷിക്കും. അതിനാൽ കഴിയുമെങ്കിൽ വീടിന്റെ പുറത്തുള്ള ഭാഗങ്ങളിൽ എങ്കിലും വാം ലൈറ്റുകൾ ഉപയോഗിക്കുക. 

* അൽപം ഗ്രാമ്പു എടുത്ത് ചതച്ചശേഷം സ്പ്രേ ബോട്ടിലിലേയ്ക്കിട്ട് വെള്ളം നിറയ്ക്കാം. ചിലന്തിവലകൾ പതിവായി കാണപ്പെടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഈ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ ചിലന്തികൾ ആ ഭാഗത്തേക്ക് പിന്നീടു വരില്ല.

English Summary:

How to clean cob webs in house- Keep Spider away Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com