കൊട്ടാരം പോലെയുള്ള വീട്ടിൽ ദരിദ്രരായി ജീവിക്കുന്നവർ! ഇങ്ങനെയും ചിലരുണ്ട്
Mail This Article
ഒരുപാട് പേരുടെ സംശയങ്ങളിൽ ഒന്നാണ് ലോൺ എടുത്ത് വളരെ വലിയ വീടുകൾ നിർമ്മിക്കുമ്പോൾ (പ്രത്യേകം പറയുന്നു ചെറിയ സാധാരണ വീടുകൾ അല്ല വലിയ വീടുകൾ) അത് ഡെഡ്മണി ആകുന്നുണ്ടോ എന്നുള്ളത്. കുറച്ചുപേർ പറയും ആകുന്നുണ്ട് എന്ന്, എന്നാൽ കൂടുതൽപേർ പറയുന്നത്, ഒരിക്കലും ആകില്ല, കാരണം ഈ കാശ് വിവിധ രീതിയിൽ പലരിലേക്കും എത്തുന്നു, അതുകൊണ്ട് ഇതു ഡെഡ്മണി ആകില്ല എന്നാണ്.
എന്നാൽ എന്റെ കാഴ്ചപാടിൽ ഒരുവിഭാഗം ആളുകൾക്ക് മാത്രമേ ഇത് ഡെഡ്മണി എന്നതിലുപരി അവരുടെ ജീവിതവും അല്ലാതെ ആവുന്നുള്ളൂ. അത് ആരൊക്കെയാണ് എന്ന് നോക്കാം.
ഇതിൽ ഏറ്റവും കൂടുതൽ വരാൻ സാധ്യത ഉള്ളത് പ്രവാസികൾ ആയിരിക്കും. നാലോ അഞ്ചോ പേർ ഉള്ള ഒരു കുടുംബത്തിന് 1500 അല്ലെങ്കിൽ 2500 Sq.ft. വീട് മതിയായിരുന്നിട്ട് കൂടി, ഒരു ആവേശത്തിലും, മറ്റുള്ള വീടുകളെക്കാൾ വലുതോ അല്ലെങ്കിൽ അവരുടെ ഒപ്പമോ ആകാൻ വേണ്ടി വലിയ തുക ലോൺ എടുത്ത് വളരെ വലിയ അളവുകളിൽ വീടുകൾ പണിതിട്ട്, പിന്നീട് ഈ ലോൺ അടയ്ക്കുന്നത് മൂലം,
1. വിദേശത്തേക്ക് വീണ്ടും കുടുംബത്തെ അകന്ന് പോകേണ്ടി വന്നിട്ടുള്ളവർ.
2. ദൈനംദിന ചെലവുകൾ കൂടിയത് മൂലവും വലിയ തുക ലോൺ അടയ്‌ക്കേണ്ടി വരുന്നത് മൂലവും, കുട്ടികളെ ഇഷ്ടപ്പെട്ട സ്കൂളുകളിൽ നിന്നും മാറ്റേണ്ടി വന്നവർ.
3. മക്കൾക്കും നമുക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാത്തവർ.
4. ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകൾ പോലും ചെയ്യാൻ പറ്റാത്തവർ.
5. ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കാത്തവർ.
6. ഈ ആഴ്ചയിൽ ആരും ചടങ്ങുകൾക്ക് വിളിക്കരുതേ എന്ന് പ്രാർഥിച്ചു എഴുന്നേൽക്കേണ്ടി വരുന്നവർ. കാരണം ആ മാസം ആകെ താളം തെറ്റി പോകും ( കല്യാണം, പെരുന്നാൾ, പാലുകാച്ചൽ, മാമോദീസ, തുടങ്ങിയ ആവശ്യങ്ങൾ )
7. ഒരു അസുഖം വീട്ടിൽ ആർക്കെങ്കിലും വന്നാൽ നല്ല ഹോസ്പിറ്റലിൽ ചെക്കപ്പിന് പോലും കൊണ്ടുപോകാൻ പേടിക്കേണ്ടി വരുന്നവർ.
8. രണ്ടോ മൂന്നോ ഇരട്ടി വരുമാനം ഉണ്ടായിട്ട് കൂടി ചുറ്റുവട്ടത്തുള്ള വീടുകളിൽ ജീവിക്കുന്നതിനേക്കാൾ വളരെ ദയനീയം ആയി ജീവിക്കേണ്ടി വരുന്നവർ.
9. ചുരുക്കത്തിൽ കൊട്ടാരം പോലെയുള്ള വീട് പണിതു കുടിലിൽ ജീവിക്കുന്ന പോലെ ജീവിക്കേണ്ടി വരുന്നവർ.
10. പണി മുഴുവൻ തീർക്കാൻ പറ്റാതെ വിഷമിക്കുന്നവരും, വിൽക്കേണ്ടി വരുമോ എന്ന് ചിന്തിക്കുന്നവർ.
11. ഇതൊക്കെ പറ്റുന്നില്ല എങ്കിലും ഉണ്ട് എന്ന് വരുത്തി തീർക്കാൻ കുറെ അഭിനയിക്കേണ്ടി വരുന്നവർ.
പല ശരാശരി പ്രവാസികളും പറയാറുണ്ട്: ഇത്രയും ശമ്പളം ഉണ്ടായിട്ട് കൂടി, നാട്ടിൽ കൂലിപ്പണിക്ക് പോകുന്ന സാധാരണക്കാർ ജീവിക്കുന്ന പോലെ ജീവിക്കാൻ പറ്റുന്നില്ല എന്ന്. ഈ പറഞ്ഞ രീതിയിൽ വീട് പണിതിട്ടുള്ളവർ, ഒന്ന് സ്വയം ആലോചിച്ചു നോക്കുക, ഇതുപോലുള്ള കാര്യങ്ങൾ വന്നിട്ടുണ്ടോ അല്ലെങ്കിൽ വരുന്നുണ്ടോ എന്ന്. ഇവർക്കാണ് ഇതു ഡെഡ് മണി ആകുന്നതും നിലവിൽ ജീവിക്കേണ്ട നല്ല ജീവിതത്തെ പോലും നശിപ്പിക്കുന്നതും. (മക്കൾക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുന്നവർ, അവർക്ക് ഇപ്പോഴാണ് നല്ല ജീവിതം കൊടുക്കേണ്ടത്. കാരണം പഠിപ്പ് കഴിഞ്ഞാൽ അവർ പുറത്തേക്ക് പോകുമോ പിന്നെ നമ്മളെ തന്നെ നോക്കുമോ എന്ന് പോലും യാതൊരു ഉറപ്പും ഇല്ല ) അല്ലാതെ ഇഷ്ടംപോലെ കാശുള്ളവർ വലിയ വീടുകൾ പണിതാൽ അത് ഒരിക്കലും ഡെഡ് മണി ആകില്ല. അവർ ആ കാശ് ചെലവാക്കിയാലേ മറ്റുള്ളവർക്ക് ജോലി കിട്ടുകയും വരുമാനം ലഭിക്കുകയും ചെയ്യുകയുള്ളൂ.
N.B- ഞാൻ ഇത് ഇവിടെ എഴുതാൻ ഒരു പ്രത്യേക കാരണമുണ്ട്. ഒന്ന് വിലയിരുത്തുമ്പോൾ ഏറെക്കുറെ ഞാനും ഈ വിഭാഗത്തിൽ പെട്ട ഒരാൾ ആണെന്ന് എനിക്കും മനസ്സിലായി!...
English Summary- Luxury House become Burden for these Malayals- Experience