ശൂന്യമാകുന്ന മലയാളിവീടുകൾ! സൗകര്യങ്ങൾ അധികപ്പറ്റാകുന്ന കാലം

Mail This Article
കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും ഗ്രൗണ്ട് ഫ്ലോർ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ...അങ്ങനെ...പിന്നെ ഗോവണി കയറി മുകൾനിലയിലെത്തുന്നു. അവിടെ വീണ്ടും ലിവിങ്, കിടപ്പുമുറികൾ, ബാൽക്കണി... ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇന്നത്തെക്കാലത്ത് കേരളത്തിലെ വീടുകളിൽ അപ്പർ ലിവിങ് എന്നാണ്...
ആളനക്കമുള്ള വീടുകളിൽ ചിലരെങ്കിലും മ്യൂസിക് ഉപകരണങ്ങൾ വച്ചിട്ടുണ്ടാകും. ചിലർക്ക് പെയിന്റിങ് വർക്ക് ഷോപ്പ്. മറ്റുചിലർക്ക് അയൺ ചെയ്യുന്ന ഇടമായിരിക്കും. ട്യൂഷനെടുക്കാം. അങ്ങനെയൊക്കെ ഉപയോഗിക്കുന്നുവെങ്കിൽ കൊള്ളാം. അവിടെനിന്ന് ഹാൻഡ് റെയിൽ ചാരി താഴേക്ക് നോക്കുമ്പോഴുള്ള രസവും എടുത്തു പറയേണ്ടതാണ്. അതല്ലെങ്കിൽ ഇത് ശൂന്യമായ ഇടമാണ്.
ഇത്രയും വലിയ ഇടം വെറുതെയിടാനുള്ള കാരണം? അവിടെയെന്തിന് കുഷ്യൻ കസേരകൾ? ആരാണ് അവിടിരിക്കുന്നത്? വീട്ടിൽ മുകൾനില ഉപയോഗിക്കുന്നത് മിക്കവാറും വിദ്യാർഥികളായ/ചെറുപ്പക്കാരായ മക്കളാണ്.. ഇവർ പഠന-തൊഴിൽ സംബന്ധമായ മേച്ചിൽപ്പുറങ്ങൾ തേടി നാടുവിടുന്നതോടെ വീടിന്റെ മുകൾനില ആൾപെരുമാറ്റമില്ലാതെ ശൂന്യമാകും. മുട്ടിനും നടുവിനും പ്രശ്നമുള്ള പ്രായമുള്ള മാതാപിതാക്കൾ മുകൾനിലയെ അവഗണിക്കും. വല്ലപ്പോഴും തുണിയുണക്കാൻ കേറിയാലായി. അതല്ലെങ്കിൽ വല്ലപ്പോഴും ജോലിക്കാർ വൃത്തിയാക്കാനായി കയറിയാലായി.
മിക്കവരും അപ്പർ ലിവിങ്ങിൽ ടിവി യൂണിറ്റ് വയ്ക്കാനുള്ള പ്രൊവിഷൻ ഇട്ടുവയ്ക്കും. പിന്നെ മനസ്സിലാക്കും- താഴത്തെ ടിവി തന്നെ അധികമാരും കാണുന്നില്ല. കാഴ്ചയൊക്കെ മൊബൈലിലാണ് എന്ന്. പാനലിങ്ങിനും മറ്റും മുടക്കിയ കാശ് വെള്ളത്തിലാകും. വഴിപിരിഞ്ഞു പോകാനുള്ള ഒരിടം മാത്രമായിരിക്കും പല വീടുകളിലും ഒന്നാം നിലയിലെ ലിവിങ്. അതിനായി ഇത്രയും വിസ്താരത്തിൽ സ്ഥലവും പണവും നഷ്ടപ്പെടുത്തണമോ? ഒരു നാലുപേർ മാത്രമുള്ള കുടുംബത്തിന് മുകൾനിലയിൽ മറ്റൊരു ലിവിങ് അനിവാര്യമായ ഒന്നല്ല. ആർഭാടത്തിനുപോലും ആവശ്യമില്ല.
വിരുന്നുകാരാരും വരാനില്ലാത്ത ഇക്കാലത്ത് എന്തിന് ഗസ്റ്റ് ബെഡ് എന്ന ചോദ്യം പലരും ചോദിക്കുന്നെങ്കിൽ തീർച്ചയായും അതിലൊരു ന്യായമുണ്ടെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ ബാൽക്കണികൾ ശൂന്യമാണ് എന്നതാണ് എന്റെ യാത്രാനുഭവം. അത്രയൊന്നും ആളുകളെ കാണാറില്ല അവിടെ. ഉൽസവത്തിന് വെടിക്കെട്ട് കാണാൻ ഇത്തിരി നേരം വന്നിരുന്നാലായി.
ടെറസാണ് മുഖ്യമായത്. തുണിയുണക്കൽ തന്നെ പ്രധാനം. ഇനി അഥവാ ഒന്നാംനില ലിവിങ് അത്യാവശ്യമാണെന്ന് തോന്നിയാൽ തന്നെ അത്രക്കൊന്നും ഘനഗാംഭീര്യത്തിൽ അലങ്കരിച്ചു വയ്‌ക്കേണ്ടതുമല്ല അവിടം. കാരണം തിരക്കുള്ള ഇക്കാലത്ത് നാം അത്രക്കൊന്നും അവിടം ഉപയോഗിക്കുന്നില്ലല്ലോ!. ഗ്രൗണ്ട് ഫ്ലോർ തന്നെ മുഴുവനായി കാണാൻ പലർക്കും കഴിയുന്നില്ലല്ലോ ഇക്കാലത്ത്. പിന്നെയാണ് പത്തിരുപത് പടികൾ കയറി മുകൾനിലയിലെ മറ്റൊരു ലിവിങ്.