നെൽക്കൃഷി 15 ഹെക്ടറിൽ നിന്ന് 40 ഹെക്ടറിലേക്ക്; ഹരിതവിപ്ലവവുമായി രാമപുരം

Mail This Article
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ നെൽക്കൃഷി 40 ഹെക്ടറിലേക്ക് ഉയർന്നു. മുൻ വർഷങ്ങളിലെല്ലാം 15 ഹെക്ടറിൽ താഴെ മാത്രമായിരുന്നു നെൽക്കൃഷി. പഞ്ചായത്തും സംസ്ഥാന, കേന്ദ്ര സർക്കാരുകളും നെൽക്കൃഷി പ്രോത്സാഹനത്തിനായി പദ്ധതികൾ നടപ്പാക്കിയതോടെയാണ് കൃഷി വ്യാപിച്ചത്.
കൃഷി നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവോടെയാണ് പഞ്ചായത്തിലെ നെൽക്കർഷകർ രംഗത്തെത്തിയിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ഒട്ടേറെ പദ്ധതികളാണ് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
കൃഷിക്ക് മാത്രമായി 40 ലക്ഷത്തിലേറെ രൂപയാണ് ഈ സാമ്പത്തിക വർഷം മാറ്റിവച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ പറഞ്ഞു. നെൽകൃഷിക്കു മാത്രമായി 12 ലക്ഷത്തോളം രൂപയും നീക്കിവച്ചിട്ടുണ്ട്.
അമനകര പാടശേഖരത്ത് സർവകലാശാല മുൻ വോളിബോൾ താരം റോയി വാലുമ്മേലിന്റെ നേതൃത്വത്തിൽ ഒട്ടനവധി കർഷകരാണ് കൃഷി ഇറക്കിയിരിക്കുന്നത്.
വെള്ളിലാപ്പിള്ളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി പാടശേഖരങ്ങളാണ് പഞ്ചായത്തിലുള്ളത്. ഈ പാടശേഖരങ്ങളിലെല്ലാം നെൽക്കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.
ഉടമകൾ വിദേശത്ത് ആയതിനാൽ 10 ഹെക്ടറിൽ താഴെ പാടങ്ങൾ മാത്രമേ കൃഷി ചെയ്യാത്തതായി ഉള്ളൂവെന്ന് കൃഷി ഓഫിസർ പ്രജീത പറഞ്ഞു. കൃഷി അസിസ്റ്റന്റുമാരായ എസ്. നിസാർ, അഞ്ജു തോമസ്, കെ.എസ്. സനീർ തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. കൃഷിഭവന്റെ കീഴിൽ ഹരിത സംഘങ്ങൾ റജിസ്റ്റർ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.
English summary: Profitable Paddy Cultivation